പ്രതീകാത്മക ചിത്രം
ന്യൂഡൽഹി:1984-ലെ സിഖ് വിരുദ്ധ കലാപത്തിന് ഇരയായവർക്ക് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർഹമായ നീതി ലഭിച്ചില്ലെന്ന് പരസ്യമായി സമ്മതിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ പുതിയ ഓർമക്കുറിപ്പായ 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' ലാണ് ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന ക്രൂരമായ ആക്രമണങ്ങളെക്കുറിച്ചും, സൈന്യത്തെ വിന്യസിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ചും സോണിയ വെളിപ്പെടുത്തുന്നത്.
ഇന്ദിര കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഗാന്ധി കുടുംബത്തിലെ എല്ലാവരെയും ഒന്നടങ്കം ബോംബ് വെച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും സോണിയ പുസ്തകത്തിൽ പറയുന്നു.നാല് കമ്മീഷനുകളും ഒൻപത് കമ്മിറ്റികളും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളും അന്വേഷിച്ചിട്ടും ഇരകൾക്ക് നീതി അകലെയായിരുന്നു. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരിൽ കോൺഗ്രസ് പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ഉണ്ടായിരുന്നു. ഡൽഹിയിൽ മാത്രം 2000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.
ഇന്ദിര കൊല്ലപ്പെട്ട ഉടൻ തന്നെ സൈന്യത്തെ വിന്യസിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും, ബ്ലൂസ്റ്റാർ ഓപ്പറേഷനു ശേഷമുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് തൊട്ടടുത്തുള്ള യൂണിറ്റുകളിൽ സിഖ് സൈനികർ ഉള്ളതിനാൽ സൈനിക മേധാവി ജനറൽ എ.എസ്. വൈദ്യ സൈനിക വിന്യാസം വൈകിപ്പിച്ചു. തുടർന്ന് ഡെറാഡൂണിൽ നിന്നാണ് സൈന്യത്തെ ഡൽഹിയിലെത്തിച്ചത്.
1984 ഒക്ടോബർ 24-ലെ ദീപാവലി ആഘോഷത്തിനിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയ മുറിക്ക് തൊട്ടടുത്ത് ഗ്രനേഡുകൾ ഒളിപ്പിച്ചിരുന്നു. അവസാന നിമിഷമാണ് ഈ വധശ്രമം ഉപേക്ഷിച്ചത്. ഒക്ടോബർ 30-ന് രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു കാർ വന്നിടിച്ചതും മുന്നറിയിപ്പായിരുന്നു.
ഇന്ദിര കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാൻ രാജീവിനോട് ആവശ്യപ്പെട്ടപ്പോൾ സോണിയ അതിനെ ശക്തമായി എതിർത്തിരുന്നു. രാജീവും കൊല്ലപ്പെടുമെന്ന് സോണിയ ഭയന്നു. എന്നാൽ "അവർ എന്നെ എങ്ങനെയെങ്കിലും കൊല്ലും" എന്നായിരുന്നു രാജീവിന്റെ മറുപടി.
മരണശേഷം തന്റെ മൃതദേഹം ഹിമാലയത്തിലെ മഞ്ഞു മലയിടുക്കുകളിൽ ഉപേക്ഷിക്കണമെന്നും വിലാപ ചടങ്ങുകൾക്ക് പകരം ക്ലാസിക്കൽ സംഗീതം കേൾപ്പിക്കണമെന്നും ഇന്ദിര 1984 ജൂണിൽ എഴുതിവെച്ചിരുന്നു. എന്നാൽ ആ ആഗ്രഹം നടപ്പാക്കാൻ രാജീവിന് സാധിച്ചില്ല.
Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash