ശർമിഷ്ഠ മുഖർജി, പ്രണാബ് മുഖർജി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പകരം പ്രധാനമന്ത്രിയാകാൻ പ്രണബ് മുഖർജി ആഗ്രഹിച്ചിരുന്നുവെന്ന സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തലിനെതിരെ ശക്തമായ പ്രതികരണവുമായി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഒരു പദവിയിലേക്ക് എത്താൻ ആഗ്രഹിക്കുന്നത് കുറ്റമാണോ എന്നും ഗാന്ധി-നെഹ്റു കുടുംബത്തിലെ രാജവംശപരമായ ആനുകൂല്യങ്ങൾ വഴിയല്ല പ്രണബ് മുഖർജി ഉയർന്ന പദവികളിൽ എത്തിയതെന്നും ശർമിഷ്ഠ തുറന്നടിച്ചു.
സോണിയ ഗാന്ധിയുടെ 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' എന്ന ഓർമക്കുറിപ്പിലെ പരാമർശങ്ങൾക്ക് എക്സിലൂടെ നൽകിയ മറുപടിയിലാണ് ശർമിഷ്ഠ നിലപാട് വ്യക്തമാക്കിയത്.പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും കഠിനാധ്വാനവും ഉള്ള ഒരാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ 'ഞെട്ടൽ' തോന്നേണ്ട കാര്യമില്ല. സാധാരണ കുടുംബത്തിൽ നിന്ന് സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്നയാളാണ് പ്രണബ് മുഖർജി. ഗാന്ധി-നെഹ്റു കുടുംബത്തിന് വെളിയിലുള്ള ഒരാൾ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടാണോ സോണിയ ഗാന്ധിക്ക് ഞെട്ടലുണ്ടായതെന്നും ശർമിഷ്ഠ ചോദിച്ചു.
2010-ൽ ചിദംബരവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം നടന്ന സംഭാഷണത്തിൽ, 'നേതൃത്വത്തിൽ ഒരു മാറ്റം വേണം' എന്ന് പ്രണബ് സൂചിപ്പിച്ചത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പ്രധാനമന്ത്രി പദവിയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് തനിക്ക് മനസിലായെന്നും സോണിയ എഴുതുന്നു. എന്നാൽ താൻ വിഷയം തന്ത്രപരമായി മാറ്റുകയായിരുന്നുവെന്നും സോണിയ തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രി പദവി ലഭിക്കാത്തതിൽ സോണിയയോടോ മറ്റാരോടെങ്കിലുമോ തന്റെ പിതാവിന് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്ന് ഡയറിക്കുറിപ്പുകളും മുൻകാല സംഭാഷണങ്ങളും ഉദ്ധരിച്ച് ശർമിഷ്ഠ വ്യക്തമാക്കി. പിന്നീട് 2012-ൽ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രണബ് മുഖർജിയെ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.
Tags : Sharmistha Mukherjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash