പ്രതീകാത്മക ചിത്രം
കോഴിക്കോട്: നാട്, നഗര വ്യത്യാസമില്ലാതെ വീട്ടിനുള്ളില്‍ കയറിവരെ പരാക്രമം കാട്ടുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനു വിഘാതമായി പൊലിസിന്റെയും ജില്ലാ കളക്ടറുടെയും നിലപാടുകള്‍.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അംഗീകരിച്ചിട്ടുള്ള പട്ടികയിലുള്ള ഷൂട്ടര്‍മാരുടെ സേവനം അതത് പഞ്ചായത്തുകളുടെ അധികാരപരിധിയില്‍ മാത്രം പരിമിതപ്പെടുത്താതെ സംസ്ഥാനത്തുടനീളം പ്രയോജനപ്പെടുത്താമെന്നാണ് വനംവകുപ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ്.
എന്നാല്‍, എട്ടു പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്തിന്റെ അനുമതി ലഭ്യമായിട്ടുള്ള കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലെ അജിത് ഫ്രാന്‍സിസ് എന്ന കര്ഷകന് നല്കിയ അപേക്ഷയ്ക്ക് അധികൃതര്‍ നല്‍കിയത് ഭീഷണി രൂപത്തിലുള്ള മറുപടിയാണ്.
തിരുവമ്പാടി വില്ലേജില്‍ മാത്രമാണ് അജിത്തിന്റെ തോക്ക് ലൈസന്‍സിന്റെ പരിധിയെന്നും അതിനു പുറത്ത് ആയുധം കൊണ്ടുപോയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ നല്കിയ മുന്നറിയിപ്പ്.
അജിത് ആവശ്യപ്പെട്ടത്
തന്റെ തോക്ക് ലൈസന്‍സിന്റെ അധികാരപരിധി കോഴിക്കോട് ജില്ല മുഴുവനായി അനുവദിക്കണമെന്നാണ് അജിത്ത് ഫ്രാന്‍സിസ് ആവശ്യപ്പെട്ടിരുന്നത്. മറ്റു പഞ്ചായത്തുകള്‍ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അജിത്ത് ഫ്രാന്‍സിസിനെ സമീപിച്ചതോടെയാണ് അദ്ദേഹം അധികാരപരിധി ജില്ല മുഴുവനാക്കിക്കിട്ടാന് ലൈസന്‍സിംഗ് അഥോറിറ്റിയായ ജില്ലാ കളക്ടറെ സമീപിച്ചത്.
മുമ്പ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ എം പാനല്‍ ചെയ്തിട്ടുള്ള ഷൂട്ടര്‍മാരുടെ സേവനം അതത് പഞ്ചായത്ത് പരിധിയില്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയിരുന്നത്. ഇത് കാട്ടുപന്നിവേട്ടയ്ക്ക് തടസമായ സാഹചര്യത്തിലാണ് വനംവകുപ്പ് തോക്കിന്റെ അധികാരപരിധി സംസ്ഥാനത്തുടെനീളം വ്യാപിപിച്ചത്.
തോക്ക് തട്ടിയെടുക്കാന്‍ സാധ്യതയെന്ന് പൊലിസ്
അജിത്ത് ഫ്രാന്‍സിസിന്റെ അപേക്ഷ അനുവദിക്കരുതെന്നാണ് കോഴിക്കോട് റൂറല്‍ പൊലിസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തിരുവമ്പാടി പൊലിസ് സ്റ്റേഷന് പരിധിയില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്കുന്ന അധികാരപത്രം ഉപയോഗിച്ച് അപേക്ഷകന് മറ്റു പഞ്ചായത്തുകളില്‍ മുമ്പ് കാട്ടുപന്നിവേട്ട നടത്തിയിട്ടുണ്ട്. അധികാരപരിധിക്കു പുറത്ത് ഈ വിധം തോക്ക് കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്നും പൊലിസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കളക്ടര്‍ ഫയല്‍ മടക്കിയത്.
പൊലിസിനെ പേടിച്ച് ഷൂട്ടര്‍മാര്‍
കോഴിക്കോട്, വയനാട് അടക്കം വനത്തോടു ചേര്‍ക്കുന്ന സംസ്ഥാനത്തെ ഒട്ടുമിക്ക മലയോര കാര്‍ഷിക മേഖലകളിലെല്ലാം നേരത്തേ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. പ്രമുഖ മാവോയിസ്റ്റ് നേതാക്കളില്‍ പലരും പൊലിസിന്റെ വെടിയേറ്റ് മരിക്കുകയും മറ്റുള്ളവര്‍ പൊലിസിന്റെ പിടിയിലാവുകയും ചെയ്തതോടെ സമീപകാലത്ത് മാവോയിസ്റ്റ് സാന്നിധ്യം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും മുന്‍കാല സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലിസും കളക്ടറും സീകരിക്കുന്ന കര്‍ക്കശ നിലപാട് ഭയന്ന് അംഗീകൃത ഷൂട്ടര്‍മാര്‍ തങ്ങളുടെ വില്ലേജ് പരിധിക്കു പുറത്തുള്ള പഞ്ചായത്തുകളില്‍ കാട്ടുപന്നിവേട്ടയ്ക്ക് തയാറാവുന്നില്ല.
പുതിയ തോക്ക് ലൈസന്‍സ് അനുവദിക്കാന്‍ ആഭ്യന്തരവകുപ്പ് മടിക്കുന്നതിനാല്‍ ഓരോ പഞ്ചായത്തിലും അംഗീകൃത ഷൂട്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്. അതിനിടെ തോക്ക് ലൈസന്‍സിന്റെ അധികാരപരിധി അടക്കമുള്ള സാങ്കേതികമായ വിഷയങ്ങള്‍ കാരണം പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കാട്ടുപന്നിവേട്ട മന്ദഗതിയിലായിട്ടുമുണ്ട്.
Tags : Blank Shot Collector Forest Department Point Fingers Police Wild Boar Hunt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash