ആൻലിയ തെരേസ് സജി വരച്ച ചിത്രം.
തിരുവനന്തപുരം: ശിശുദിനത്തിൽ പുറത്തിറക്കുന്ന 2026-27-ലെ ശിശുദിന സ്റ്റാമ്പിൽ തെളിയുക കോഴിക്കോട് താമരശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആൻലിയ തെരേസ് സജി വരച്ച ചിത്രം.
‘കേരള സംസ്ഥാന ശിശുക്ഷേമ സമിതി- കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതലത്തിൽ എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ അവസാന റൗണ്ടിൽ വന്ന 800 മത്സരാർഥികളെ പിന്തള്ളിയാണ് 13 വയസുകാരി ആൻലിയ വിഷയത്തിൽ വ്യത്യസ്തമായ ചിത്രം വരച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കോഴിക്കോട് പുതുപ്പാടി മെഴുകനാൽ വീട്ടിൽ സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ സജി ജോസഫിന്റെയും കോഴിക്കോട് കട്ടിപ്പാറ, ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക മിനി മാനുവലിന്റെയും ഇളയ മകളാണ് ആൻലിയ. സഹോദരി ആർദ്ര ആൻ സജി ചിത്രകാരിയും കോട്ടയത്ത് ഐഐഐടി വിദ്യാർഥിനിയുമാണ്. സ്കൂൾ, ജില്ല, സംസ്ഥാനതലങ്ങളിൽ ഇതിനകം ഒട്ടനവധി സമ്മാനങ്ങൾ വാരിക്കൂട്ടിയാണ് ആൻലിയ ശിശുക്ഷേമസമിതിയുടെ പുരസ്കാരത്തിനും അർഹയായത്.
14ന് രാവിലെ ശിശുദിന റാലിക്കു ശേഷം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയിൽ നടക്കുന്ന കുട്ടികളുടെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ. മുരളീധരൻ, സി.പി. ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം നടക്കും. ആൻലിയക്കും പഠിക്കുന്ന സ്കൂളിനും പ്രത്യേക പുരസ്കാരങ്ങളും ട്രോഫികളും നൽകുമെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
Tags : Childrens Day stamp Anliya Theres Saji Alphonsa English Medium School Competition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash