ഗ്യാനേഷ്കുമാർ
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരേ സംസ്ഥാന വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയ രണ്ടാമത്തെ കേസിലും തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തൽ.
ഗ്യാനേഷ്കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് എംസി റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരുന്ന പതിബെൽ കന്പനി ഉദ്യോഗസ്ഥൻ ലീ സി ബീൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തിലാണ് കേസെടുത്ത് അന്വേഷിക്കാനുള്ള തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തൽ.
കരാറുകാരൻ സാജൻ കേട്ടുകേൾവിയാണ് പരാതിയായി ഉന്നയിച്ചത്. ഗ്യാനേഷ്കുമാറിനെ സാജൻ നേരിട്ടു കണ്ടിട്ടില്ല. കൈക്കൂലി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. ഇത്തരം പരാതികൾ നിയമപ്രകാരം നിലനിൽക്കില്ലെന്നുമാണ് കഴിഞ്ഞദിവസം സാജന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഉന്നതരെ അറിയിച്ചിട്ടുള്ളത്. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായുള്ള എംസി റോഡ് നവീകരണത്തിന്റെ 14 കോടിയുടെ നാലു ബില്ലുകൾ പാസാക്കാൻ രണ്ടു കോടി രൂപ അന്നത്തെ പൊതുമരാമത്തു സെക്രട്ടറി ഗ്യാനേഷ് കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടതായി പറഞ്ഞു കേട്ടിരുന്നതായാണ് സാജന്റെ മൊഴി.
2006ൽ ആത്മഹത്യ ചെയ്ത പതി ബെൽ കന്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ പറഞ്ഞു കേട്ടെന്നാണ് സാജന്റെ പരാതിയിലുള്ളത്. എന്നാൽ, ഈ ആരോപണത്തിൽ അഴിമതി നിരോധന നിയമം ചുമത്താനാവില്ല. ലീ സി ബീനിന്റെ ആത്മഹത്യക്കുശേഷം ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ഇനി പൊതുമരാമത്തു വകുപ്പിലെ ഇതു സംബന്ധിച്ച ഫയലുകളും അന്വേഷണ സംഘം പരിശോധിക്കും. സെക്രട്ടറി ഫയലുകളിൽ കാലതാമസം വരുത്തിയോ എന്നതാകും പ്രധാന പരിശോധന. അന്ന് ഇ-ഫയലുകൾ ഇല്ലായിരുന്നു. ഇതിനാൽ ഫയലുകൾ പരിശോധിച്ചശേഷം പ്രാഥമികാന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിനു നൽകാനാണ് വിജിലൻസ് നീക്കം.
കെഎസ്ടിപി റോഡ് പദ്ധതിയുടെ നിർമാണച്ചുമതലയുണ്ടായിരുന്ന പതിബെൽ കന്പനിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ കരാറുകാരനാണ് സാജൻ. തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റിലെ എസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Tags : Vigilance Second investigation Gyanesh Kumar Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash