പാറേല്‍പള്ളിയില്‍ സ്ഥാപിക്കുന്നതിനുള്ള ഐക്കണുകള്‍ തയാറാക്കുന്ന ഫാ. ജേക്കബ് കൂരോത്ത്.
നിര്‍മാണം പൂര്‍ത്തിയായി കൂദാശക്കായി ഒരുങ്ങുന്ന പാറേല്‍പള്ളി ഐക്കണുകളാല്‍ സമൃദ്ധമാണ്. അറുപതോളം ഐക്കണുകളാണ് പാറേല്പള്ളിയെ കമനീയവും വ്യത്യസ്തവുമാക്കുന്നത്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ ഐക്കണുകളായി പാറേല്‍പള്ളിയില്‍ ചിത്രീകരിക്കുന്നത് ചങ്ങനാശേരി അതിരൂപതാംഗങ്ങളും ചിത്രകലാവിഭാഗത്തില് ഉന്നത വിദ്യാഭ്യാസം നേടിയവരുമായ ഫാ. ജേക്കബ് കൂരോത്തും ഫാ. ടോം കൊറ്റത്തിലും ചേര്‍ന്നാണ്.
മര്‍ത്ത്മറിയം വലിയപള്ളിയുടെ ഹൈക്കലയില്‍ ചിന്തനീയവും മനോഹരവുമായ 53 ഐക്കണുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 15 എണ്ണം ഈശോയുടെ ജനനത്തിന്റെ മംഗലവാര്‍ത്ത മുതല്‍ പന്തക്കുസ്തവരെയുള്ള 15 സംഭവങ്ങളാണ്. അതിരൂപതയുടെ മധ്യസ്ഥന്‍ വിശുദ്ധ യൗസേപ്പിതാവ്, സീറോമലബാര്‍ സഭയിലെ വിശുദ്ധരായ ചാവറയച്ചന്, അല്‍ഫോന്‍സാമ്മ, എവുപ്രാസിയാമ്മ, മറിയം ത്രേസ്യ കൂടാതെ മദര്‍ തെരേസ, വിശുദ്ധ ദേവസഹായം തുടങ്ങിയവരുടെയും ഐക്കണുകളും ചിത്രീകരിച്ചിരിക്കുന്നു.
ഹൈക്കലയുടെ സീലിംഗില്‍ രക്ഷാകര സംഭവങ്ങളും വിശുദ്ധരെയും വരച്ചുകാട്ടിയിട്ടുണ്ട്. വലിയപള്ളിയുടെ ഭിത്തികളില്‍ കുരിശിന്റെ വഴി ആലേഖനം ചെയ്തിരിക്കുന്നു. പരമ്പരാഗതമായുള്ള 14 സ്ഥലങ്ങള്‍ കൂടാതെ ഈശോയുടെ ഉത്ഥാനവും സ്വര്ഗാരോഹണവും കുരിശിന്റെ വഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മദ്ബഹയുടെ കവാടത്തില്‍ ഈശോയുടെ കുരിശുമരണം ചിത്രീകരണത്തിന്റെ ഇരുവശങ്ങളില്‍ 14 മാലാഖമാരെ കാണാം. നാല് മാലാഖമാര്‍ ഈശോയുടെ കുരിശുമരണവുമായി ബന്ധപ്പെട്ടുള്ള കുരിശ്, തിരുവിലാവില്‍ കുത്തിയ കുന്തം, വിനാഗിരി കൊടുത്ത നീര്‍പ്പഞ്ഞി, വിനാഗിരി പാത്രം, ശിരസില്‍ അണിയിച്ച മുള്‍മുടി, ഈശോയെ തറച്ച ആണികള്‍ എന്നിവയും പത്ത് മാലാഖമാര്‍ വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട കാസ, സ്ലീവ, വിശുദ്ധഗ്രന്ഥം, തിരിക്കാലുകള്‍, ധൂപക്കുറ്റി, മക്സാനീസ എന്നിവയും വഹിക്കുന്നു.
പ്രധാന ത്രൊണോസിന്റെ മധ്യഭാഗത്ത് മുകളില്‍ പരിശുദ്ധ ത്രിത്വം, പന്തോക്രാത്തോ (സൃഷ്ടാവും പരിപാലകനും വിധിയാളനുമായ ഈശോ), പരിശുദ്ധമറിയം, ഇരുവശങ്ങളിലും 12 ശ്ലീഹന്മാര്, ഏറ്റവും മുകളില്‍ രണ്ട് കെരൂബുകള്‍, വടക്കേഭിത്തിയില്‍ ഏബ്രഹാം, ഇസഹാക്ക്, യാക്കോബ്, തെക്കേഭിത്തിയില്‍ ഏലിയ, മോശ, ദാവിദ്, ബലിപീഠത്തിനു മുമ്പില്‍ ഈശോയുടെ സിംഹാസനം, ബേമയ്ക്കു മുമ്പില്‍ ഈശോ സിനഗോഗില്‍ പഠിപ്പിക്കുന്നത് തുടങ്ങിയ പ്രമേയങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഹൈക്കലയുടെ പിന്ഭിത്തിയില് മാതാവിന്റെ നിദ്രയും (വാങ്ങിപ്പ്) അതിമനോഹരമായി വരച്ചിരിക്കുന്നു.
പാറേല്പള്ളിയോട് ചേര്‍ന്നുള്ള സെന്റര്‍ ഫോര്‍ ചര്‍ച്ച് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചറിലാണ് ഫാ. ജേക്കബ് കൂരോത്തും ഫാ. ടോം കൊറ്റത്തിലും ചേര്‍ന്ന് പള്ളിയിലേക്കുള്ള ഐക്കണുകള്‍ സജ്ജമാക്കുന്നത്.
Tags : Icons Parelpally Fr. Jacob Kooroth Fr. Tom Kottathil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash