അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്
കാഞ്ഞിരപ്പള്ളി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നേതൃത്വം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തണായ നാസ സ്പേസ് ആപ്പ്സ് ചലഞ്ച് -2026 14, 15 തീയതികളിൽ അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ആതിഥേയത്വം വഹിക്കും.
വെർച്വൽ രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ചലഞ്ചിൽ ഓൺലൈനായി എവിടെ നിന്നു വേണമെങ്കിലും പ്രായമോ പഠനമേഖലയോ മുൻപരിചയമോ ഇല്ലാതെ ആർക്കും മത്സരിക്കാം എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത. രജിസ്ട്രേഷൻ ഫീസ് ഇല്ല. ഒറ്റയ്ക്കോ പരമാവധി ആറു പേരടങ്ങുന്ന ടീമുകളായോ പങ്കെടുക്കാം. ലോകമെമ്പാടുമായി 450-ലധികം ലോക്കൽ ഇവന്റുകളാണ് ഈ വർഷം നടക്കുന്നത്.
നാസയ്ക്കൊപ്പം ഐഎസ്ആർഒ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി ഉൾപ്പടെ 17 ബഹിരാകാശ ഏജൻസികൾ ഈ വർഷത്തെ ചലഞ്ചിൽ പങ്കാളികളാണ്. കൃഷി, കാട്ടുതീ, ഭൗമനിരീക്ഷണം, ചന്ദ്രനിലെ ലാൻഡിംഗ് സൈറ്റുകൾ, ചൊവ്വയുടെ ഭൂപടം, ബഹിരാകാശ യാത്രികരുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലായി 14 ഔദ്യോഗിക ചലഞ്ചുകളാണ് നൽകിയിട്ടുള്ളത്.
സാങ്കേതിക പരിഹാരങ്ങൾക്കൊപ്പം കല, ഗെയിം, കഥപറച്ചിൽ, ശാസ്ത്രീയ വിശകലനം എന്നിവയിലൂടെയും ആശയങ്ങൾ അവതരിപ്പിക്കാം.ലോക്കൽ ഇവന്റിൽ നിന്നുള്ള മികച്ച 10 പ്രോജക്ടുകൾ ഗ്ലോബൽ നോമിനികളായി തെരഞ്ഞെടുക്കപ്പെടും. ഇവരിൽ നിന്ന് നാസയിലെയും മറ്റ് ഏജൻസികളിലെയും വിദഗ്ധർ ഗ്ലോബൽ ഫൈനലിസ്റ്റുകളെയും തുടർന്ന് പത്ത് വിഭാഗങ്ങളിലായി ഗ്ലോബൽ വിജയികളെയും തെരഞ്ഞെടുക്കും.
നോമിനികളെയും ഫൈനലിസ്റ്റുകളെയും 2026 ഡിസംബറിലും വിജയികളെ 2027 ജനുവരിയിലും പ്രഖ്യാപിക്കും. ജിസ്ട്രേഷൻ: nasaspaceapps.ajce.in എന്ന വെബ്സൈറ്റ് വഴി 15 വരെ രജിസ്റ്റർ ചെയ്ത് ലോക്കൽ ഇവന്റും ടീമും തെരഞ്ഞെടുക്കാം. ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ പ്രോജക്ടുകൾ 14ന് രാവിലെ ഒന്പതിന് ആരംഭിച്ച് 15ന് രാത്രി 11.59ന് അവസാനിക്കും.
പത്രസമ്മേളനത്തിൽ അമൽ ജ്യോതി കോളജ് അസോസിയേറ്റ് പ്രഫസർ ആൻഡ് ലോക്കൽ ലീഡ് അനു അബ്രഹാം മാത്യു, അസിസ്റ്റന്റ്പ്രഫസർമാരായ ബിനുമോൻ ജോസഫ്, എം.വി. വർക്കി, അനു റോസ് ജോയ്, മീര റോസ് മാത്യു, സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ അദ്വൈദ് സന്തോഷ്, ഏഞ്ചൽ മരിയ സച്ചിൻ എന്നിവർ പങ്കെടുത്തു.
Tags : Amal Jyothi College Kanjirappally Challenge host Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash