സഞ്ചിത ബസു, സാർഥക് സർക്കാർ
കോൽക്കത്ത: കോൽക്കത്തയിൽ സോഫ്റ്റ്വെയർ എൻജിനിയറായ സാർഥക് സർക്കാർ (25) കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൽക്കത്തയിലെ ഗരിയ ഫാർതാബാദിൽ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് സാർഥക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലേറ്റ മാരകമായ മുറിവ് ഏത് ആയുധം ഉപയോഗിച്ചാണ് ഉണ്ടായതെന്നും ആരാണ് അക്രമം നടത്തിയതെന്നും പൊലിസ് ഇതുവരെ സ്ഥിരികരിച്ചിട്ടില്ല. സാർഥികിന്റെ ലിവിംഗ് പങ്കാളി സഞ്ചിത ബസു (22), ഇവരുടെ അമ്മ മൗമിത ബസു എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ അമ്മയും മകളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. സാർഥിക് കത്രിക ഉപയോഗിച്ച് സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് സഞ്ചിത ആദ്യം പൊലിസിനോട് പറഞ്ഞത്. എന്നാൽ പിന്നീട്, തർക്കത്തിനിടയിൽ എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നും അവർ മൊഴി നൽകി. ആയുധമായി ചോപ്സ്റ്റിക്ക് പോലുള്ള നേർത്ത ഏതെങ്കിലും വസ്തു ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്.
ഇരുവരും തമ്മിൽ കുറച്ചുകാലമായി വഴക്കുണ്ടായിരുന്നു. സംഭവം നടക്കുന്ന ദിവസം രാത്രി മദ്യപാനത്തിനിടയിലുണ്ടായ രൂക്ഷമായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലിസിന്റെ നിഗമനം. രക്തത്തിൽ കുളിച്ച കിടക്കുന്ന സാർഥിക്കിനെ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഫോറൻസിക് പരിശോധയും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണെന്നു പൊലിസ് അറിയിച്ചു.