പ്രതീകാത്മക ചിത്രം
റയ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂരിൽ അവയവ മോഷണത്തിനായി നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. കാർഷിക തൊഴിലാളി ബസുദേവ് കോർവയാണ് (27) അവയവക്കടത്തിലൂടെ പെട്ടെന്നു പണമുണ്ടാക്കാനായി കുട്ടിയെ കൊലപ്പെടുത്തിയത്.
പ്രതിയായ ബസുദേവിന്റെ ബന്ധുവായ രാംജീത് റാമും കുടുംബവും സന്ന ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. നവംബർ അഞ്ചിനു രാംജീത്തിന് മദ്യം നൽകി ബോധം കെടുത്തിയ ശേഷം, ബസുദേവ് ഇയാളുടെ നാലു വയസുകാരനായ മകനെ കോഴിക്കറി കാണിച്ചും മദ്യം കുടിപ്പിച്ചും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം വൃക്കകൾ ഉൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കിയ പ്രതി, മൃതദേഹം ഗ്രാമത്തിന് 500 മീറ്റർ അകലെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് മറവു ചെയ്യുകയും ചെയ്തു.
കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലിസിൽ പരാതി നൽകുകയും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയുമായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബസുദേവിനൊപ്പം കുട്ടിയെ കണ്ടതായി ഒരു ദൃക്സാക്ഷിയും പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
തുച്ഛമായ വരുമാനത്തിൽ നിന്ന് പെട്ടെന്നു പണം സമ്പാദിക്കാനുള്ള വഴികൾ തേടിയാണ് ബസുദേവ് ചില ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമായത്. എന്നാൽ ഇംഗ്ലീഷിലുള്ള ചർച്ചകൾ വായിച്ചു മനസിലാക്കാൻ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പ്രതിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനായി ഫോണിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുകയായിരുന്നു. ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കാനും മറുപടി മനസിലാക്കാനും എഐ ടൂൾ ഇയാളെ സഹായിച്ചു.
എഐയുമായുള്ള ആശയവിനിമയത്തിനിടയിലാണ് വിവിധ സൈറ്റുകളിലേക്കും ലിങ്കുകളിലേക്കും ഇയാൾ എത്തിപ്പെട്ടത്. അവയവങ്ങൾ വിറ്റാൽ വലിയ തുക സമ്പാദിക്കാമെന്ന വീഡിയോ കണ്ട് ഇയാൾ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുന്ന ആന്തരികാവയവങ്ങൾ വാങ്ങാൻ ഡൽഹിയിൽനിന്ന് ആളുകൾ എത്തുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ പ്രതിക്ക് ഇത്തരം സൈറ്റുകളിൽ അക്കൗണ്ടുകളോ ബ്രൗസിംഗ് ഹിസ്റ്ററിയോ ഇല്ലാത്തതിനാൽ കൃത്യമായി ഏതു വീഡിയോയാണ് ഇയാൾ കണ്ടതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Tags : OnlineVideo AI Man Arrest