Kerala
മലപ്പുറം: സഹോദരങ്ങൾ തമ്മിൽ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.
സംഭവത്തിൽ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അടിപിടി.
ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ മുഹമ്മദ് റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
സംഭവത്തിൽ അനുജൻ സാജിദിനെതിരെ കൊലപാതകത്തിന് കേസെടുത്തു. മരിച്ച മുഹമ്മദ് റഫീക്കിന്റെ ദേഹത്ത് മുറിവുകളുണ്ടെന്നും ചെറിയ ഇരുമ്പായുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു
Kerala
ആലപ്പുഴ: ചാരുംമൂട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് പ്രവാസി മരിച്ചു. നൂറനാട് എരുമക്കുഴി കൊച്ചുകളിയ്ക്കൽ പ്രതാപ് (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15 ന് പണയിൽ ഇടിഞ്ഞയ്യത്ത് മുക്കിനു സമീപമായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ പ്രതാപിനെ ഉടൻ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗൾഫിലായിരുന്ന പ്രതാപ് കുറച്ചുകാലമായി നാട്ടിൽതന്നെയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അധ്യാപികയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഋതിക, ഇന്ദ്രനാഥ്.
National
ന്യൂഡൽഹി: ഡൽഹിയിൽ ന്യൂ ഉസ്മാൻപൂരിൽ പാർക്കിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂ സീലാംപൂർ സ്വദേശി തൗഹീദ് (20) ആണ് മരിച്ചത്.
പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരം ശനിയാഴ്ച രാവിലെയാണ് പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് അറിയിച്ചു.
Kerala
കണ്ണൂർ: കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽവച്ച് മലയാളി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരിച്ചത്.
വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം. പതിവുപോലെ രാവിലെ കടയിലെത്തിയ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കടയ്ക്കുള്ളിൽ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വീരാജ്പേട്ടയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ. അമിതമായ ലഹരി ഉപയോഗത്തെ തുടർന്നാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ഗേൾസ് സ്കൂളിന് എതിർവശത്തുള്ള ഉപയോഗശൂന്യമായ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും സജീവമാണെന്ന വിവരത്തെ തുടർന്ന് നേരത്തെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ നടന്നിരുന്നു. ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവിടെ ലഹരി ഉപയോഗം തുടരുന്നതായി വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: ലഹരിക്ക് അടിമപ്പെട്ട് പിഞ്ചുകുഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം കാണിച്ചയാൾ പിടിയിൽ. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
തിരൂര്‍ തൃപ്രങ്ങോട് കൈനിക്കരയിലാണ് സംഭവം നടന്നത്. ഇവിടെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.
പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ സമയത്താണ് ഇയാൾ കുഞ്ഞുമായി പുറത്തിറങ്ങിയത്. ഈ സമയം കടുത്ത ലഹരിയിലായിരുന്നഇയാള് ഒരു വയസിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തില്‍ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസപ്രകടനം നടത്തുകയായിരുന്നു.
കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് മനസിലായതോടെ നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേഷം തിരൂര്‍ പോലീസിൽ വിവരം അറിയിച്ചു.
ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leader Page
യഥാർഥ വികസനം ‘സമഗ്രമായ’ വികസനമാണെന്ന് പോൾ ആറാമൻ പാപ്പാ പഠിപ്പിച്ചു. വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും വികസനം അവകാശവും കടമയുമാണ്. മനുഷ്യന്റെ മഹത്വത്തിന് അനുയോജ്യമായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ ഉറപ്പാക്കപ്പെടണം. മനുഷ്യരോടുള്ള നീതിയും സൃഷ്ടിയോടുള്ള കരുതലും സംയോജിപ്പിക്കാൻ കഴിയുമ്പോഴാണ് വികസനം യഥാർഥ പുരോഗതിയായി മാറുന്നത്.
സമ്പത്തിന്റെ ശേഖരണത്തേക്കാൾ മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും ഏതാനും ആളുകളുടെ ഉപഭോഗം വർധിപ്പിക്കാനായി മറ്റുള്ളവരിൽ ഭാരം ചുമത്താതിരിക്കുന്നതും ഭാവിതലമുറകളോടുള്ള ഉത്തരവാദിത്വം വിലമതിക്കുന്നതുമായ വികസനമാണ് യഥാർഥ മാനവവികസനം. അത് സാമ്പത്തിക മേഖലയെ മാത്രം സംബന്ധിക്കുന്നതല്ല; ആത്മീയ, സാംസ്കാരിക, ധാർമിക, തലങ്ങളിലുമുള്ള വളർച്ചയെ സമഗ്രമായി ഉൾക്കൊള്ളുന്നതാണ് എന്ന് പാപ്പാ കരുതുന്നു.
ഡിജിറ്റൽ വിപ്ലവവും കൃത്രിമബുദ്ധിയും ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം അത് എത്രമാത്രം മനുഷ്യന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്നു എന്നുള്ളതായിരിക്കണം. സാങ്കേതികവിദ്യ നിഷ്പക്ഷമല്ല എന്ന് ചാക്രിക ലേഖനം വിലയിരുത്തുന്നു. അതുകൊണ്ട് ഓരോ സാങ്കേതിക മുന്നേറ്റവും പരിശോധിക്കേണ്ട ഒരു അടിസ്ഥാന ചോദ്യമുണ്ട്. “ഈ സാങ്കേതിക വിദ്യ മനുഷ്യരെയും ജനതകളെയും കൂടുതൽ മാനുഷിക മൂല്യങ്ങളും സാഹോദര്യവും ഉള്ളതായി മാറ്റുകയും നമ്മുടെ പൊതു ഭവനമായ ഈ പ്രപഞ്ചത്തെയും ഭാവിതലമുറകളെയും ആദരിക്കുകയും ചെയ്യുന്നുണ്ടോ?” എന്നതാണത്.
നിർമിത ബുദ്ധി
നിർമിത ബുദ്ധിയെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനം അല്ല ഈ ചാക്രിക ലേഖനത്തിന്റെ ലക്ഷ്യം. പകരം മനുഷ്യ വ്യക്തിയുടെ പ്രാധാന്യവും മഹത്വവും പരിഗണിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് പരിധികൾ നിർദേശിക്കാനും മനഃസാക്ഷിയോടും ഉത്തരവാദിത്വത്തോടും കൂടെ അവ ഉപയോഗിക്കാനും സഹായിക്കുന്ന ഏതാനും അടിസ്ഥാന കാര്യങ്ങൾ നിർദേശിക്കുകയാണ്. മനുഷ്യബുദ്ധിയും അതിന്റെ മനഃസാക്ഷിയും സ്വാതന്ത്ര്യവുമാണ് എപ്പോഴും സാങ്കേതികവിദ്യയെ നയിക്കേണ്ടതെന്ന അടിസ്ഥാനമാണ് പാപ്പാ പ്രഖ്യാപിക്കുന്നത്.
നിർമിത ബുദ്ധിയുടെ വളർച്ച അതിവേഗത്തിലാണ്. അവ രൂപകൽപന ചെയ്യുന്നവർക്കുപോലും അവയുടെ പ്രവർത്തനരീതിയും പ്രത്യാഘാതങ്ങളും പൂർണമായി മനസിലാക്കാൻ കഴിയുന്നില്ല. ഇന്നത്തെ എഐ സംവിധാനങ്ങൾ ‘നിർമിക്കപ്പെടുന്നവ’യേക്കാൾ ‘വളർത്തപ്പെടുന്നവ’യാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. അവയെ വികസിപ്പിക്കുന്നവർ ഓരോ ഘടകവും നേരിട്ട് രൂപകൽപന ചെയ്യുന്നില്ല; മറിച്ച് കൃത്രിമബുദ്ധി വളരുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ നിരവധി അടിസ്ഥാന ഘടകങ്ങൾ ഇന്നും അജ്ഞാതമായി തുടരുന്നു. അതുകൊണ്ട് നിർമിത ബുദ്ധിയെ സംബന്ധിച്ച വിഷയത്തിൽ ശാസ്ത്രീയ ഗവേഷണവും ധാർമിക-ആത്മീയ വിവേചനവും ഒരുപോലെ ആവശ്യമാണ് എന്ന് ചാക്രിക ലേഖനം ഓർമിപ്പിക്കുന്നു.
ഏറ്റവും പ്രധാനമായ കാര്യം കൃത്രിമ ബുദ്ധിയെ മനുഷ്യബുദ്ധിയുമായി തുലനം ചെയ്യരുത് എന്നതാണ്. ഈ സംവിധാനങ്ങൾ മനുഷ്യബുദ്ധിയുടെ ചില പ്രവർത്തനങ്ങളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവയ്ക്ക് അനുഭവങ്ങളില്ല, ശരീരമില്ല, സന്തോഷമോ വേദനയോ അനുഭവിക്കാനാവില്ല, ബന്ധങ്ങളിലൂടെ പക്വത പ്രാപിക്കാനാവില്ല, പ്രാർഥിക്കാനാവില്ല. സ്നേഹം, സൗഹൃദം, ജോലി, ഉത്തരവാദിത്വം എന്നിവയുടെ ആന്തരിക അർഥം അവയ്ക്ക് അറിയില്ല. അവയ്ക്ക് ധാർമിക മനഃസാക്ഷിയുമില്ല; നല്ലതും ചീത്തയും വിധിക്കാനോ പ്രവർത്തനഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ കഴിയില്ല. അവയ്ക്ക് മനുഷ്യന്റെ ഭാഷ അനുകരിക്കാൻ കഴിയും എന്നാൽ, ഹൃദയത്തിന്റെ ഭാഷ ഗ്രഹിക്കാനാവില്ല. നിയമങ്ങൾ വിശകലനം ചെയ്യാൻ കഴിയും പക്ഷേ, കരുണകാണിക്കാൻ കഴിയില്ല. ഭാഷയും സഹാനുഭൂതിയും അനുകരിക്കാൻ കഴിയുമെങ്കിലും അവ യഥാർഥത്തിൽ ആ അനുഭവങ്ങളെ മനസിലാക്കുന്നില്ല. മനുഷ്യൻ ജീവിതാനുഭവങ്ങളിലൂടെ വളരുന്നതുപോലെയല്ല എഐ പഠിക്കുന്നത്; വിവരശേഖരത്തെ അടിസ്ഥാനമാക്കി കൃത്രിമമായി പ്രതികരിക്കാൻ അവയെ പരിശീലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രയോജനപ്രദമായ കണ്ടെത്തലും അനിവാര്യമായ ജാഗ്രതയും
ആധുനിക കാലഘട്ടത്തിന്റെ ഏറ്റവും അദ്ഭുതകരമായ മുന്നേറ്റം തന്നെയാണ് നിർമിത ബുദ്ധി. ശാസ്ത്രസാങ്കേതിക മേഖലയിലും സാധാരണ മനുഷ്യ ജീവിതത്തിലും വലിയ നന്മകളും ഉപകാരങ്ങളും പ്രദാനം ചെയ്യാൻ കഴിവുള്ള കണ്ടുപിടിത്തം. നിർമിത ബുദ്ധിക്ക് മനുഷ്യജീവിതം എളുപ്പമുള്ളതാക്കാൻ കഴിയും.
അതേസമയം, നിരന്തര ഉപയോഗം വഴി നിർമിത ബുദ്ധിയോട് മനുഷ്യന് വിവേചനരഹിതമായ അടിമത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒപ്പം മനുഷ്യന്റെ സർഗാത്മക കഴിവുകൾ കാലക്രമത്തിൽ ഇല്ലാതായിപ്പോകാനുള്ള സാധ്യതയുമുണ്ട്. മനുഷ്യൻ നിർമിക്കുന്ന കലാരൂപങ്ങളേക്കാൾ മനോഹരമായ എഐ ചിത്രങ്ങളും കലാരൂപങ്ങളും കൂടുതൽ ആകർഷകമാവുകയും കലാകാരന്മാർ ഇല്ലാതാവുകയും ചെയ്യും. മനുഷ്യനോട് ഇടപെടുന്നതുപോലെ നിർമിത ബുദ്ധിയോട് സംസാരിക്കുന്നതിലെ മിഥ്യ തിരിച്ചറിയാത്ത ഒരു തലമുറ വളർന്നുവരുന്നു എന്നുള്ളതും പതിയിരിക്കുന്ന അപകടമാണ്.
അതീവ ഗൗരവതരമായ മറ്റൊരു പ്രശ്നം സാങ്കേതിക സംവിധാനങ്ങൾ ഒന്നും നിഷ്പക്ഷമല്ല എന്നതാണ്. നിർമിതബുദ്ധി നൽകുന്ന ഉത്തരങ്ങൾ എപ്പോഴും അത് രൂപകല്പന ചെയ്തവരുടെ സാംസ്കാരിക ധാർമിക പരിമിതികളെ പ്രതിഫലിപ്പിക്കുന്നവയാണ്. അവ രൂപകല്പന ചെയ്യുന്നവർ ധാർമിക വീക്ഷണമുള്ളവരോ സാമ്പത്തിക നേട്ടത്തേക്കാൾ സമൂഹത്തിന്റെ നന്മ ലക്ഷ്യംവയ്ക്കുന്നവരോ ആകണമെന്നില്ല.
സഹാനുഭൂതി, സൗഹൃദം, സ്നേഹം തുടങ്ങിയവ അനുകരിക്കാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ കംപ്യൂട്ടർ, റോബോട്ടിക് സംവിധാനങ്ങളുണ്ട്. അവ യഥാർഥ ബന്ധങ്ങളുടെ വ്യാജ പതിപ്പുകൾ സൃഷ്ടിക്കുകയും മനുഷ്യരെ യഥാർഥ ബന്ധങ്ങളിൽനിന്ന് അകറ്റുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
ആശയവിനിമയ സംവിധാനങ്ങളിലും ഭരണ നിർവഹണത്തിലുംപോലും തീരുമാനമെടുക്കാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തിൽ വ്യാപകമായി ഇന്ന് നിർമിത ബുദ്ധി ഉപയോഗിക്കപ്പെടുന്നുണ്ട്. കാര്യക്ഷമത വർധിക്കുന്നു എന്നത് അംഗീകരിക്കുമ്പോഴും മനുഷ്യനും അവന്റെ തൊഴിൽ ഉൾപ്പെടെയുള്ള സാധ്യതകളും വെല്ലുവിളിക്കപ്പെടുന്നു എന്ന് മറക്കരുത്. നിർമിത ബുദ്ധിയുടെ വിവേചനരഹിതമായ ഉപയോഗം എന്തൊക്കെ അപകടങ്ങളാണ് വരുത്തി വയ്ക്കാവുന്നതെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾ വരുത്തിവയ്ക്കുന്ന പരിസ്ഥിതി ആഘാതവും പരിഗണിക്കപ്പെടേണ്ടതാണ്.
സാങ്കേതിക ആധിപത്യവും നിരായുധീകരിക്കപ്പെടേണ്ട നിർമിത ബുദ്ധിയും
നിർമിത ബുദ്ധിയെ നിരായുധീകരിക്കുക എന്നതുകൊണ്ട് മാർപാപ്പ ഉദ്ദേശിക്കുന്നത് മനുഷ്യരാശിയുടെ മേൽ ആധിപത്യം പുലർത്താനുള്ള മത്സര മനോഭാവത്തിൽനിന്ന് നിർമിത ബുദ്ധിയെ വിമോചിപ്പിക്കുക എന്നതാണ്. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾക്ക് സ്വയംഭരണാധികാരം ഉണ്ടാകരുത്. പകരം അത് മനുഷ്യന്റെ സേവനത്തിനായി വിവേകപൂർവം ഉപയോഗിക്കപ്പെടണം.
സാങ്കേതിക വളർച്ചയും കണ്ടുപിടിത്തങ്ങളും ദൈവത്തിന്റെ സൃഷ്ടികർമത്തിലുള്ള മനുഷ്യന്റെ പങ്കാളിത്തം തന്നെയാണ്. ഓരോ പുതിയ കണ്ടെത്തലും മനുഷ്യനെക്കുറിച്ചുള്ള ദർശനത്തെതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് ഉത്തരവാദിത്വത്തോടും സുതാര്യതയോടും സമൂഹത്തിന്റെ നന്മയോടുള്ള പ്രതിബദ്ധതയോടും കൂടി വേണം നിർമിത ബുദ്ധിയെ വികസിപ്പിക്കേണ്ടത്.
സാങ്കേതിക ആധിപത്യം ബുദ്ധിശക്തിയെ പരമമൂല്യമാക്കി മാറ്റുമ്പോൾ സ്നേഹം, പ്രതിബദ്ധത, ബന്ധങ്ങൾ തുടങ്ങിയ ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങൾ തിരസ്കരിക്കപ്പെടും. സാങ്കേതിക ശക്തി നിയന്ത്രണങ്ങളില്ലാതെ വളരുമ്പോൾ അത് നമ്മെ കൂടുതൽ കഴിവുള്ളവരാക്കുന്നതിനു പകരം കൂടുതൽ ഒറ്റപ്പെട്ടവരാക്കി മാറ്റും.
ക്രിയാത്മക ഇടപെടലുകൾ
ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു ചാക്രിക ലേഖനം സംഭാവന ചെയ്യുക മാത്രമല്ല വത്തിക്കാൻ ചെയ്യുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം പഠനങ്ങൾ നടത്താനും നയരൂപീകരണം നടത്താനുമായി ഒരു ഇന്റർ ഡിക്കാസ്ട്രിയൽ കമ്മീഷനെയും (Interdicasterial Commission on Artificial Intelligence) മാർപാപ്പ നിയമിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും റോമൻ കൂരിയായിലെ വിവിധ വകുപ്പുകളിലെ അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു കമ്മീഷൻ ആണിത്. അതോടൊപ്പം ഭാവിയിൽ ഈ ചാക്രിക ലേഖനത്തിന്റെ നിർദേശങ്ങൾ രാഷ്ട്ര-അന്താരാഷ്ട്ര തലങ്ങളിലുള്ള നയ രൂപീകരണങ്ങൾക്ക് അടിത്തറയായി മാറാൻ കഴിയുന്നതുപോലെ തുടർ പരിപാടികൾ ക്രമീകരിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്.
Kerala
കൊച്ചി: ലഹരിമൂത്ത് നടുറോഡില്‍ കുത്തിയിരുന്ന് ബഹളം വച്ച കേസില്‍ യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജിം ട്രെയ്നറായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി അനുപമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവര്‍ പോലീസ് ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലുവ യുസി കോളേജിന് സമീപമായിരുന്നു ഇരുവരുടെയും പരാക്രമം. ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരി ഉപയോഗിച്ച ശേഷം നടുറോഡില്‍ ഇരുന്ന് ബഹളം ഉണ്ടാക്കുകയിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുക ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.
പോലീസ് ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും വയല്‍ലെസ് സെറ്റിന് കേടുപാടു വരുത്തുകയും ചെയ്തു. ഒരു സ്കൂട്ടറും തകര്‍ത്തു. ഇരുവരും നടുറോഡില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തിലേത് എന്ന പോലെ ഡയലോഗുകള്‍ പറയുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്.
ഇരുവരെയും ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിനെ ഏറെ ശ്രമകരമായാണ് പോലീസ് കൈകള്‍ അടക്കം കെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റി ട്രഷററും അണ്ടൂർക്കോണം പറമ്പിൽപാലം സ്വദേശിയുമായ ജാബുവിന് (41) ആണ് പരിക്കേറ്റത്. ജാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ന് പള്ളിപ്പുറം പായ്ച്ചിറ റോഡിൽ ലാദൻസ് ഹോട്ടലിനു സമീപം ആയിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും പാഞ്ഞുവന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ ജാബുവിനെ നാട്ടുകാർ ചേർന്നു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
പഞ്ചായത്ത് മുൻ ഭരണസമിതി പാർക്കും ഓപ്പൺ ജിംനേഷ്യവും നിർമിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് പരാതി.
അണ്ടൂർക്കോണം, ചന്തവിള സൈനിക സ്കൂൾ , കാട്ടായിക്കോണം, മടവൂർപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുമ്പോഴും പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗത്തു നിന്നും ശരിയായ രീതിയിൽ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് പന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
District News
പേരൂര്‍ക്കട: കോടതിയില്‍ തങ്ങള്‍ക്കെതിരേ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിൽ സഹകരിക്കാത്തതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച നാലുപേരെ പേട്ട പോലീസ് പിടികൂടി. ആനയറ പുതുമന വീട്ടില്‍ സജി (42), സഹോദരന് സനല്‍ (37), ഒരുവാതില്‍ക്കോട്ട താന്നിമൂട്ടില്‍ വീട്ടില്‍ ശരണ്‍ (37), കുന്നുകുഴി ടി.സി 12/1027-ല്‍ അനു (38) എന്നിവരാണ് പിടിയിലായത്.
23ന് രാത്രി 11 നാണ് സംഭവം. ആനയറ സ്വദേശി അഖില്‍ (37) ആണ് ആക്രമണത്തിന് ഇരയായത്. അഖിലിനെ പ്രതികള്‍ ചേര്‍ന്ന് മുമ്പ് ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ കുറച്ചുനാളായി നിലനില്‍ക്കുകയാണ്. കേസ് ഒത്തുതീര്പ്പണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രതികള്‍ അഖിലിനെ സമീപിച്ചുവെങ്കിലും യുവാവ് ഇതിനു തയ്യാറായിരുന്നില്ല. സംഭവദിവസം ആനയറ ഗവ. എല്‍പി സ്കൂളിനു മുന്നിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഖിലിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയുമായിരുന്നു.
കൈയില്‍ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കും മുഖത്തും മര്‍ദിച്ചു. നിലത്തുവീണ അഖിലിനെ പ്രതികള്‍ ചവിട്ടുകയും ചെയ്തു. മാരകമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ആനയറ ഭാഗത്തുനിന്നാണ് നാലുപേരെയും പോലീസ് പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലം ഏരൂര്‍ പത്തടിയിൽ മധ്യവയസ്കന് കുത്തേറ്റ് മരിച്ചു. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. ഏരൂര്‍ തുമ്പോട് രാധാ വിലാസത്തില്‍ സുകുമാരന്‍ (55) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പത്തടി വെയിറ്റിംഗ് ഷെഡ്ഡിന് സമീപം സുകുമാരനെ കുത്തേറ്റ് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. സുകുമാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരിന്നു.
സംഭവ സമയം നാല് പേര് സ്ഥലത്തുണ്ടായിരുന്നു എന്നാണ് അറിയുന്നതെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ ഏരൂര്‍ തുമ്പോട് സ്വദേശി ജോണ്‍, പത്തടി സ്വദേശി നിഹാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Kerala
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാർ (57) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. വീട്ടിലെ ആവശ്യത്തിനായി ചക്കയിടാൻ പ്ലാവിൽ കയറിയപ്പോൾ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന കല്ലിൽ തല തട്ടി ഗുരുതരമായി പരിക്കേറ്റു.
ഉടനെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
District News
വൈക്കം: കഴിഞ്ഞദിവസം ചെമ്പ് ബ്രഹ്മമംഗലത്തുനിന്ന് കാണാതായ മധ്യവയസ്കന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.
ബ്രഹ്മമംഗലം സ്വദേശി ഗോപിയുടെ മൃതദേഹമാണ് ചെമ്പ് പള്ളിയുടെ കിഴക്കു ഭാഗത്ത് മുവാറ്റുപുഴയാറിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇയാളെ കാണാതായെന്ന പരാതിയിൽ തലയോലപ്പറമ്പ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. മൃതദേഹം കരയ്ക്കടുപ്പിച്ച് വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലു പേർക്ക് മിന്നലേറ്റു.
പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: എറണാകുളം ഈസ്റ്റ് വാഴപ്പള്ളിയിൽ പെരിയാർവാലി കനാലിൽ മധ്യവയസ്കൻ മരിച്ചനിലയിൽ. മൂവാറ്റുപുഴ സ്വദേശി മുത്തുപതിക്കൽ വീട്ടിൽ പത്രോസിനെയാണ് (കുഞ്ഞിമോൻ) മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഈസ്റ്റ് വാഴപ്പള്ളി തൃക്ക ഷാപ്പിന് സമീപമം മൃതദേഹം കണ്ടെത്തിയത്. പത്രോസിന്റെ സൈക്കിളും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദനമേറ്റത്.
രോഗിയുടെ കൂടെ കൂടുതല്‍ ആളുകളെ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴുത്തിനു പരിക്കേറ്റ പ്രശാന്തനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
Kerala
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായെന്ന് പരാതി. വടകര സ്വദേശി ആർ. നാരായണക്കുറുപ്പ്(81)നെയാണ് ഈറോഡ് സ്റ്റേഷനിൽ വച്ച് കാണാതായത്.
ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമക്കുറവ് കാരണമുള്ള പ്രശ്നങ്ങൾ അലട്ടുന്നയാളാണ്.
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 9840245106 /7010724772 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: മെക്കാനിക്കെന്ന വ്യാജേന വീടുകളിൽ കയറി കവർച്ചയ്ക്ക് ശ്രമിച്ച യുവാവിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്തു. അജയ് ബഗ്ഗ എന്നയാളാണ് പിടിയിലായത്.
തലയിൽ തൊപ്പിയും കയ്യിൽ ബാഗുമായി എത്തുന്ന ഇയാൾ വീടുകളിലെത്തി വാതിൽ മുട്ടുന്നത് പതിവായിരുന്നു. ബാഗിൽ ഓളിപ്പിച്ച അരിവാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നത്.
പീതംപുര, കേശവ് പുരം എന്നിവിടങ്ങളിൽ ഇയാൾ സമാനമായ രീതിയിൽ കവർച്ച നടത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. അജയ് പലയിടങ്ങളിലും ചുറ്റിക്കറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലിസ് കണ്ടെത്തി. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
Kerala
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി. അനസാണ് അറസ്റ്റിലായത്. താമരശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ്റ്റാന്റിന് സമീപം കെട്ടിടത്തിലായിരുന്നു മോഷണം.
ചെമ്പുകമ്പി, വയർ, തുടങ്ങിയ സാമഗ്രികൾ കവർന്ന അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് തൊണ്ടിയോടെ പൊക്കിയത്.
മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ മരിച്ച മകളുടെ മൃതദേഹം സംസ്കരിക്കാതെ നാല് മാസത്തോളം വീടിനുള്ളിൽ സൂക്ഷിച്ച വയോധികൻ അറസ്റ്റിൽ. തെലി മൊഹല്ല സ്വദേശി ഉദയഭാനു ബിശ്വാസ് (72) ആണ് മകൾ പ്രിയങ്ക (35) യുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ പൂട്ടിയിട്ടത്.
രോഗബാധിതയായിരുന്ന പ്രിയങ്ക 2025 ഡിസംബർ ഒന്നിനാണ് മരിച്ചത്. മരണവിവരം പുറത്തറിയിക്കാതെ ഉദയഭാനു മാസങ്ങളോളം മൃതദേഹത്തോടൊപ്പം അതേ വീട്ടിൽ കഴിഞ്ഞു. മൃതദേഹം അഴുകിയ ഗന്ധം, പുറത്തുവരാതിരിക്കാൻ ഇയാൾ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേയ്ക്കും ശരീരം അഴുകി അസ്ഥികൂടമായി മാറിയിരുന്നു.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
National
ചെന്നൈ: ചെന്നൈ റെഡ് ഹിൽസിനു സമീപം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. അങ്കാടു സ്വദേശി പരന്താമൻ (56) ആണ് മരിച്ചത്. അപകടം നടക്കുന്പോൾ പരന്താമൻ വീട്ടിൽ തനിച്ചയിരുന്നു.
മദ്യപാനിയായ പരന്താമൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ശെൽവിയും മക്കളും സ്വന്തം വീട്ടിലേയ്ക്കു പോയിരുന്നു.
സംഭവം നടക്കുന്ന ദിവസം വീട്ടിൽ പുതിയ സിലിണ്ടർ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ പരന്താമൻ വീട്ടിൽ തനിച്ചായിരുന്നു. ഉറക്കത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു. പരന്താമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ഭാര്യാപിതാവിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വരകാടി വെളിയിൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം ഇടവ എട്ടാം വാർഡ് പൂച്ചെടി പണയിൽ വീട്ടിൽ മനോജ് കൃഷ്ണനെ(30) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
ബിജുവിന്റെ ആദ്യവിവാഹത്തിലുള്ള മകളുമായി അടുപ്പത്തിലായ പ്രതി ഇവരെ വിവാഹം കഴിച്ചിരുന്നു. ഇതിനെ ബിജു എതിർത്തതും ചോദ്യംചെയ്തതുമാണ് കൊലപാതകത്തിന് കാരണമായത്. 2024 ഒക്ടോബർ ഏഴിനായിരുന്നു സംഭവം.
ബിജുവും മനോജ് കൃഷ്ണനും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് മനോജ് കൃഷ്ണൻ, ബിജുവിന്റെ ആദ്യവിവാഹത്തിലെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ വിവാഹത്തെ ബിജു എതിർത്തിരുന്നു. ഇതിന്റെ പകയിലായിരുന്നു കൊലപാതകം.
സംഭവദിവസം ബിജുവും കുടുംബവും എറണാകുളത്തുനിന്ന് കലവൂരിലേക്ക് ട്രെയിനിൽ വരികയായിരുന്നു. ഇതിനിടെ മനോജ് കൃഷ്ണൻ ആവശ്യപ്പെട്ടതനുസരിച്ച് ബിജു മാരാരിക്കുളത്ത് ഇറങ്ങി. തുടർന്ന് ഇരുവരും ചേർന്ന് മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് പ്രതി ബിജുവിനെ ചവിട്ടിയും വടികൊണ്ട് മർദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
ബിജുവിന്റെ ഭാര്യ ലതയും മക്കളും വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കണ്ടത്. പ്രതിയായ മനോജ് കൃഷ്ണൻ ബിജുവിനെ ചവിട്ടി താഴെയിട്ടെന്നും വടികൊണ്ട് നെഞ്ചിൽ അടിച്ചെന്നുമാണ് ഇവരുടെ മൊഴി. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Kerala
വട്ടപ്പാറ: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു. ഏണിക്കര വേങ്കോട് സിഎസ്ഐ ചർച്ചിന് സമീപം സ്വപ്നതീരം വീട്ടിൽ വേണുകുമാർ (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്താണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.
ഭാര്യ: ബിന്ദു. മക്കൾ: മഹേഷ് കുമാർ,നിതീഷ് കുമാർ. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: തച്ചമ്പാറ മുതുകുറിശിയില് 55 വയസുകാരന് സൂര്യാതപമേറ്റു മുതുകുറിശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്.
മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
കൊല്ലത്ത് 10 വസുകാരന് സൂര്യാഘാതമേറ്റിരുന്നു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്.
ദേവാനന്ദിന്റെ കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്.
തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
National
മുംബൈ: മതം ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ നയാ നഗർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
സംഭവത്തിൽ സൈബ് സുബർ അൻസാരി(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നിവർക്കാണ് കുത്തേറ്റത്. വോക്കാർഡ് ആശുപത്രിക്ക് പിന്നിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരായിരുന്നു ഇരുവരും.
സ്ഥലത്തെത്തിയ സൈബ് സുബർ, ഇസ്ലാം മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ട് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്കുമാർ സ്വന്തം നിലയിൽ ആശുപത്രിയിലെത്തിയെങ്കിലും സുബ്രതോ സെന്നിന് ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. തുടർന്ന് തോട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന നയാബ് ഷെയ്ക്ക് എന്നയാൾ രക്തത്തിൽ കുളിച്ചിരുന്ന സെന്നിനെ കാണുകയും തുടർന്ന് ഇയാളെ പോലീസ് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തിന് 90 മിനിട്ടിനു ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം, രണ്ട് വിഭാഗങ്ങൾക്കിടെയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
തുടർന്ന് അൻസാരിയെ താനെയിലെ കോടതിയിൽ ഹാജരാക്കി. മേയ് നാല് വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസിന്റെയും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെയും സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
കിംവദന്തികളിൽ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സൈബ് സുബൈറിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്. ഇയാൾ എഴുതിയ കുറിപ്പിൽ "ഐഎസ്ഐഎസ്, ഒറ്റ ചെന്നായ, ജിഹാദ്, ഗാസ' എന്നീ വാക്കുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
അൻസാരി വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇപ്പോഴും അമേരിക്കയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. അവിടെ ജോലി കണ്ടെത്താൻ കഴിയാത്തതിനാൽ സൈബ് സുബൈർ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നു.
മീര റോഡ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം പണം സമ്പാദിക്കാൻ ഓൺലൈനായി രസതന്ത്രം പഠിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂര്‍ സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ ഷണ്മുഖൻ ആണ് അറസ്റ്റിലായത്.
ടെമ്പിള്‍ എസ്എച്ച്ഒ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടില്‍ ധനേഷ് കുമാറിന്റെ കൊലപാതക കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം.
പിറ്റേന്ന് രാവിലെ ധനേഷ് മരിച്ചുകിടക്കുന്നത് കണ്ട് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. തുടര്‍ന്ന് മേഖലയിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാത്രി റോഡരികില്‍ കിടക്കുന്നവരെ അടിച്ചു കൊലപ്പെടുത്തുന്നതാണ് മാനസിക വൈകല്യമുള്ള പ്രതിയുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കുന്നംകുളത്തും സമാനമായ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
Kerala
ആലപ്പുഴ: ചേർത്തല നഗരസഭാ സ്ഥിര സമിതി അധ്യക്ഷയും 31-ാം വാർഡു കൗൺസിലറുമായ അധീന രാജുവിന് (23) നേരെയുണ്ടായ ആക്രമണത്തിൽ പ്രതി റിമാൻഡിൽ. ചേർത്തല മായിത്തറ വെളിയിൽ വീട്ടിൽ ലോറൻസിനെയാണ് (നേമം ലോറൻസ് -61) ചേർത്തല പോലീസ് അറസ്റ്റു ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. കാറിനു കടന്നുപോകാൻ വഴി നൽകിയില്ലെന്ന കാരണമുയർത്തിയായിരുന്നു മനുഷ്യാവകാശ സംഘടനയുടെ ബോർഡു വച്ച കാറിലെത്തി ആക്രമണം നടത്തിയത്.
കാറിൽ മനുഷ്യാവകാശ സംഘടനയുടെ ബോർഡ് അനധികൃതമായി ഉപയോഗിച്ചതായി പരാതിയിൽ വാഹന വകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചിവിട്ടേറ്റ കൗൺസിലറെ ജനപ്രതിനിധികൾ ചേർന്നാണ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
District News
പേരാമ്പ്ര: പ്രഭാത സവാരിക്കിടെ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. ചെറുവണ്ണൂർ കക്കറ മുക്കിലെ പൂതക്കണ്ടി (ചാലപ്പൊയിൽ) ചന്ദ്രശേഖരൻ (68) ആണ് മരിച്ചത്.
ഇന്നലെ ആറോടെ ഭാര്യ ശോഭയോടൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു. കക്കറ മുക്കിൽനിന്നും ചെറുവണ്ണൂരിലേക്ക് നടക്കുന്നതിനിടെ പൂളക്കണ്ടി താഴെവച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ശരത് ചന്ദ്രൻ (ദുബായ്), ആര്യ ചന്ദ്രൻ (അധ്യാപിക ഗവ. ഗണപത് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട്). മരുമക്കൾ: അനുശ്രീ (കുറുവങ്ങാട്), അനുപ് (കെഎസ്എഫ്ഇ കൊയിലാണ്ടി).
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ചാർളി എന്ന് വിളിക്കുന്ന ആലുംവിള പുത്തൻ വീട്ടിൽ സുഗേഷ് ( 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയിൽ എബി (49) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്നും തൃശൂർ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേൽപ്പിച്ച് ഒന്നരപവന്റെ സ്വർണ മാലയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.
പ്രതിയുടെ ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകൾ നഷ്ടമാകുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവുകയും ചെയ്തു. സ്വർണമാല ആലപ്പുഴയിലെ ഒരു കടയിൽ കൊടുത്തതായി പ്രതികൾ സമ്മതിച്ചു.
ആലപ്പുഴയിൽ നിന്നും എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ നിസാറുദീനും സംഘവും സ്വർണം കണ്ടെടുത്തു. കേരള റെയിൽവേ പോലീസ് ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നിരന്തരമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി. തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനെയാണ് മർദിച്ചത്.
സുഹൃത്തിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്.
അരയിൽ സൂക്ഷിച്ച തോക്ക് എടുത്താണ് ബാസിൽ ലത്തീഫ് ദിൽഷാന് നേരെ ചൂണ്ടിയത്. പിന്നീട് യുവാവിന്റെ ചെവിയ്ക്കും തലയ്ക്കും മർദിക്കുകയും ചെയ്തു.
പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോവളത്തെ ക്ഷേത്രത്തിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പാലക്കാട് സ്വദേശി പിടിയിൽ. കോവളം ആവാടുതുറ പാൽക്കുളം ശിവക്ഷേത്രത്തിലാണ് രാവിലെ നന്ദികേശ രൂപത്തിന്റെ കഴുത്തിൽ നിന്നു വെള്ളി ആഭരണം മോഷ്ടിച്ചത്.
സംഭവത്തിൽ പാലക്കാട് കൈലിയാട് വെള്ളാർപറ്റ പാലനൂർ പറമ്പ് ലക്ഷം വീട്ടിൽ മുത്തു (43) ആണ് അറസ്റ്റിലായത്. കോവളം പോലീസാണ് മുത്തുവിനെ അറസ്റ്റ് ചെയ്തത്.
കോവളത്തെ മോഷണത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ഒരാളുടെ ലഗേജടക്കം മോഷ്ടിച്ച ശേഷം ട്രയിനിൽ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു പ്രതി. പാറശാലയിൽ വച്ച് റെയിൽവേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. രാവിലെ ക്ഷേത്ര പൂജ നടക്കുന്നതിനിടെയാണ് നടമണ്ഡപത്തിനു സമീപത്തു നിന്നുള്ള നന്ദികേശന്റെ ആഭരണം മോഷ്ടിച്ചത്.
സിസിടിവി ക്യാമറകളിൽ നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞതിനെ തുടർന്നു കോവളം പോലീസ് വിവരം റെയിൽവെ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് ഇയാളെ പാറശാലയിൽ തടഞ്ഞുവച്ചത്.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയുൾപ്പെടെ കവർച്ച നടത്തുന്ന പ്രതിയാണിതെന്നും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയെന്ന് പോലീസ് അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ ആവഡിക്ക് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. വീരപുരം സ്വദേശി അബിനേഷ് രാഘവ് (36) ആണ് മരിച്ചത്. കൂടെയുണ്ടയിരുന്ന മകൻ അശ്വന്ത് (ഏഴ്) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മകനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അബിനേഷ്. കാർ പാലവേട് എത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി.
ഗുരുതമായി പരിക്കേറ്റ അബിനേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട മറ്റേ വാഹനത്തിലെ യാത്രക്കാരും സുരക്ഷിതരാണ്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് അയക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: മാന്നാറിൽ സൈക്കിൾ യാത്രയ്ക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പ്ലംബിംഗ് ഇലക്ട്രിക്കൽ തൊഴിലാളിയായ ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജംഗ്ഷന് പടിഞ്ഞാറുവശത്താണ് സംഭവം.
സൈക്കിളിൽ വരികയായിരുന്ന പ്രസാദ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ തൊട്ടടുത്ത മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അതേസമയം, ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയത് മൂലം മൃതദേഹം വിട്ടുകിട്ടാൻ ആറു മണിക്കൂറിലധികം കാലതാമസം നേരിട്ടതായി ബന്ധുക്കൾ പരാതിപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ പോലീസിൽ നിന്നുള്ള റിപ്പോർട്ട് വൈകിയതും ബന്ധുക്കൾ ആദ്യം നൽകിയ റിപ്പോർട്ടിലെ അവ്യക്തതയുമാണ് കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇത് സാധ്യമല്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പരേതയായ പ്രീതയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രതിഭ. മരുമക്കൾ: രാജീവ്, രാജീവ്.
National
ലക്നോ: ഉത്തർപ്രദേശിലെ വാരാണസിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഹാൻഡ് പമ്പുകൊണ്ടടിച്ചു കൊന്ന യുവാവ് പിടിയിൽ. സോണി (29) എന്ന യുവതിയെയാണ് ഭർത്താവ് ഗൗതം ഖർവാർ കൊലപ്പെടുത്തിയത്.
ദമ്പതികൾ തമ്മിൽ വക്കുതർക്കം ഉണ്ടാവുകയും കോപാകുലനായ ഗൗതം ഹാൻഡ് പമ്പിന്റെ പിടി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ വനത്തിൽ ഉപേക്ഷിച്ചു.
സോണിയുടെ സഹോദരി ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി ഗൗതമിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം വനത്തിൽനിന്നു കണ്ടെത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
District News
പൊൻകുന്നം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തെക്കേത്തുകവല മംഗലത്തു വീട്ടിൽ പ്രകാശ് (61) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെ നടന്നു വരുകയായിരുന്ന പ്രകാശിനേയും ഇടിച്ചുവീഴ്ത്തി.
പ്രകാശ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മണിമല കരിക്കാട്ടൂർ സ്വദേശികളായ പ്ലാക്കാട്ട് വീട്ടിൽ അലക്സ് (59), സിനി (50) അലീന അലക്സ് (18), വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പഴയിടം തീമ്പലങ്ങാട് ജോൺസൺ ( 62 ) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂർ ദർശനം കഴിഞ്ഞ് റാന്നി ഭാഗത്തേക്ക് പോകുകയായിന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. പ്രകാശിന്റെ സംസ്കാരം നടത്തി. ഭാര്യ: ഷീജ ഈരാട്ടുപേട്ട മേലമ്പാറ കുടുംബാഗം. മക്കൾ: അനന്തകൃഷ്ണൻ, നന്ദു കൃഷ്ണൻ.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി.
വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു.
കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗീക അതിക്രമണത്തിന് ശ്രമിച്ചിരുന്നു. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്. യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടവച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പോലീസ് പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു നശിപ്പിച്ചു. സിംദേഗ ജില്ലയിലാണ് സംഭവം.
ഒഡീഷ സ്വദേശിയായ ശിവ സാഹു(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11 ന് സിംദേഗയ്ക്ക് സമീപമുള്ള ജൽദേഗ പോലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര വനത്തിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുമായി സാഹുവിന്റെ ഭാര്യയ്ക്ക് സൗഹൃദമുണ്ടായിരുന്നു. ശിവ സാഹു നാളുകളായി ഭാര്യയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ പ്രതി കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സിംദേഗ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബൈജു ഒറാവോൺ പറഞ്ഞു.
മാർച്ച് 10 ന്, മൂവരും സാഹുവിനെ തട്ടിക്കൊണ്ടുപോയി ജാർഖണ്ഡിലെ വനമേഖലയിൽ എത്തിച്ച് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, തെളിവ് നശിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി എസ്ഡിപിഒ പറഞ്ഞു.
സഞ്ജയ് കെർകെട്ട (38), ബുധു ലോഹ്ര (38), കിഷോർ കെർകെട്ട (35) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
Kerala
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി സജു ( 50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരി 11നായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
മംഗലത്ത്കോണം ജംഗ്ഷനിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണം പൂശിയ വളകൾ (മുക്കുപണ്ടം ) പണയം വച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിച്ചെടുക്കുകയായിരുന്നു. പിന്നീട് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇത് മുക്കാണെന്ന് മനസിലായത്.
ഇയാൾക്കെതിരെ ബാലരാമപുരം പോലീസിൽ പരാതി നൽകിയെങ്കിലും ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോട്ടുകാൽ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ് , പ്രിൻസിപ്പൽ എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ മാരായ സതി കുമാർ, ജയറാം എസ്സിപിഒ മാരായ ലെനിൻ ,അരുൺ ,ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടുകാൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സജുവിനെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: വണ്ടൂരിൽ വാഹനപരിശോധനയ്ക്കിടെ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെക്കോട് സ്വദേശിയായ അംജദ് ഖാനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. തുടർന്ന് പ്രതിയുടെ നാട്ടിലും സമീപപ്രദേശങ്ങിലും വിറ്റിരുന്നു.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചുരത്തിലെ എട്ടും ഒന്‍പതും വളവിനിടയില്‍ 12 മീറ്ററോളം താഴ്ചയിലായി ഇന്ന് രാവിലെയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ താമരശേരി പോലീസില്‍ വിവരം അറിയിച്ചു.
പോലീസും കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച പോലീസ്, മൃതദേഹം ഹമീദിന്റെതാണെന്ന് സ്ഥിരീകരിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളി. മൂർത്തിജാപൂരിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പ്രണിത (25) യെയാണ് ഭർത്താവ് അക്ഷയ് ചൗരപാഗർ (28) കാറിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
നദിയിൽ അജ്ഞാത മൃതദേഹം കണ്ടത്തിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്ഷയ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളിയതാണെന്ന് കണ്ടെത്തിയത്.
ഇരുവർക്കും രണ്ട് വയസുള്ള ഒരു കുഞ്ഞുണ്ട്. കൊലപാതകം നടക്കുന്പോൾ കുഞ്ഞ് ഉറക്കത്തിലായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പന്ത്രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. വടക്കൻ പറവൂർ
പെരുവാരം പൂതയിൽ വിനോദ്(46) ആണ് പിടിയിലായത്.
വടക്കേക്കര പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സ്കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് പാലക്കാട് ഇറങ്ങി അവിടെ നിന്ന് ബസിലാണ് എത്തിയത്. ഷോൾഡർ ബാഗുകളിൽ പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
പ്രതിക്കെതിരെ രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വച്ചതിന് കോതമംഗലം എക്സൈസിൽ മയക്കുമരുന്ന് കേസും, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉണ്ട്.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.
പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്.
വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഉയരുന്ന സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. പരിശോധനകൾക്ക് ശേഷമേ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ ആറര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പുർ സ്വദേശി ബാബുൽ മിത്ര(41) ആണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ബാബുൽ പിടിയിലായത്.
ആലുവ മാറമ്പിള്ളി ഭാഗത്തേയ്ക്ക് വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽപാളത്തിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്.
കൂലി തൊഴിലാളിയായിരുന്നു. റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഹൊസ്ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സഹോദരി: സന്ധ്യ.
Kerala
പത്തനംതിട്ട: കോന്നി എലിയറക്കലിൽ മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. . എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്.
സംഭവത്തിൽ നിയാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധവും അയൽവാസിയുമാണ് വഹാബ്. നിയാസും ഭാര്യയും തമ്മിൽ സ്ഥിരം കുടുംബ കലഹം ഉണ്ടാകാറുണ്ടെന്നാണ് പറയുന്നത്. നിയാസിന്റെ വീടിന് തൊട്ടടുത്താണ് വഹാബിന്റെ വീട്.
മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
Kerala
തൃശൂർ: ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ച നിലയിൽ കണ്ടത്.
വൈകുന്നേരം നാല് മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
കാറിനുള്ളില്‍ നിന്നും പോലീസ് പിസ്റ്റൽ കണ്ടെത്തി. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
National
ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബൈക്കിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു. മണിറാം സ്വദേശിയും കർഷകനുമായ ഗ്യാനേന്ദ്ര ചൗധരി (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്യാനേന്ദ്രയുടെ വയലിന് സമീപം ഒരു യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇതേതുടർന്ന് പൊടി ഉയർന്നു. ബൈക്കിന്റെ വേഗത കുറയ്ക്കാൻ ഗ്യാനേന്ദ്ര ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ബൈക്ക് യാത്രികൻ ചില സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഗ്യാനേന്ദ്രയെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഗ്യാനേന്ദ്രയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സയിലായിരിക്കെ അദ്ദേഹം മരണമടഞ്ഞു.
പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. സന്ദീപ് നിഷാദ്, ശേഷ്നാഥ് നിഷാദ്, ഗൗതം നിഷാദ്, രമേശ് നിഷാദ്, വിക്കി രാജ്ഭർ, രാജൻ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
Kerala
കോഴിക്കോട്: മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മൽ മഹേഷ് കുമാറി(47)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മഹേഷ് കുമാറിന്റെ മൃതദേഹം ബെഡ് റൂമിൽ നിന്ന് കണ്ടെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് വീട്ടിൽ താമസം.
Kerala
മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്ലറ്റില് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.
ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
എസ്സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ എസ്സിപി ഒ.കെ. സാജന് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.
District News
കയ്പമംഗലം: പെരിഞ്ഞനത്ത് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ മൂന്നുപേരെ പോലീസ് കാസർഗോഡ് കുമ്പളയിൽനിന്ന് പിടികൂടി.
കൂരിക്കുഴി ആശേരി കയറ്റം സ്വദേശി പണിക്കവീട്ടിൽ ഇജാസ്(ഡുഡു - 27), കരുവന്നൂർ നെടുമ്പുരയ്ക്കൽ വീട്ടിൽ നിയാസ് (31), പൊറത്തിശേരി പുരയാറ്റുപറമ്പിൽ ഗോകുൽ കൃഷ്ണ(27) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാത്രി ഒമ്പതോടെയാണ് പെരിഞ്ഞനം സ്വദേശി അനീസിനെ(23) പ്രതികൾ വീട്ടിൽക്കയറി ആക്രമിച്ചത്.
സാമ്പത്തിക തർക്കത്തെത്തുടർന്ന് മാരകായുധങ്ങളുമായി എത്തിയ സംഘം അനീസിന്റെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുഹൃത്ത് കൃഷ്ണതേജസിനെയും(22) സംഘം മർദിച്ചു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപോവുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽകഴിഞ്ഞ ഇവർ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് കാസർഗോഡേയ്ക്ക് കടന്നത്. കുമ്പളയിലെ ഒരു വീടിന്റെ ടെറസിൽ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് സംഘം കീഴ് പ്പെടുത്തിയത്.
അറസ്റ്റിലായ ഇജാസ് 18 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നിയാസ് ഇരിങ്ങാലക്കുട, ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട, ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസിലെ പ്രതിയാണ് ഗോകുൽ കൃഷ്ണ.
ഈ കേസിൽ കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. ജില്ലാ ഡാൻസാഫ് അംഗങ്ങളായ ഗ്രേഡ് എസ്ഐ സി.ആർ. പ്രദീപ്, ഗ്രേഡ് എഎസ്ഐ ലിജു ഇയ്യാനി, ഗ്രേഡ് സീനിയർ സിപിഒ സി.കെ. ബിജു, സിപിഒ സുർജിത്ത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
District News
തൊടുപുഴ: മണക്കാട് കുന്നത്തുപാറയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്. മണക്കാട് കുന്നത്തുപാറ മനയ്ക്കപ്പാറ വീട്ടിൽ അർജുൻ ബാബു (30) ആണ് പുഴയിലൂടെ ഒഴുകിപ്പോയ 65-കാരി ശാന്തയെന്ന വീട്ടമ്മയ്ക്ക് രക്ഷകനായത്. ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അർജുൻ.
വീട്ടിലിരിക്കുന്പോഴാണ് ഒരമ്മ വെള്ളത്തിൽ ഒഴുകിപ്പോയെന്ന് അർജുനോട് സമീപത്തെ വീട്ടിലെ കുട്ടി ഓടിവന്നു പറഞ്ഞത്. ഓടിയെത്തിയപ്പോൾ പുഴയുടെ മധ്യഭാഗത്തായി ഒരു കൈ മുങ്ങിത്താഴുന്നു. നീന്തൽ അറിയാവുന്നതിനാൽ ഒന്നും നോക്കാതെ പുഴയിലേക്ക് ചാടി അർജുൻ ശാന്തയെ പിടിച്ചെടുത്തു. തുടർന്ന് നീന്തി കരയ്ക്കെത്തിക്കുകയായിരുന്നു. മണക്കാട് കുന്നത്തുപാറ കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
ഇതിനു സമീപത്തുള്ള കാക്കടവിൽ തുണി കഴുകുകയായിരുന്ന ശാന്ത ഒഴുകിപ്പോയ തുണി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. തൊടുപുഴയാറിലെ ഏറ്റവും അപകടം നിറഞ്ഞ ആറാട്ടു കടവിലേക്കാണ് ഒഴുകിപ്പോയത്. കരയിലൂടെ അരകിലോമീറ്ററോളം ഓടിയാണ് അർജുൻ ഇവരെ കണ്ടെത്തിയത്. സമീപത്തെ വില്ലയുടെ ഭാഗത്തെത്തിയപ്പോളാണ് പുഴയിൽ കൈ കണ്ടത്.
വില്ലയിലെ സുരക്ഷാജീവനക്കാരന്റെ കൈയിൽ മൊബൈൽ ഫോണ്‍ കൊടുത്തശേഷം പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ശ്വാസതടസമുള്ള ശാന്ത ആ സമയം കുഴഞ്ഞുപോയിരുന്നു.
ഇതിനിടെ ശാന്തയുടെ ഭർത്താവും രക്ഷിക്കാനായെത്തി. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയുടെ ഡിങ്കി ബോട്ടിൽ ഇവരെ കുന്നത്തുപാറയിലെത്തിച്ചു. തുടർന്ന് ശാന്തയെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടുവിന് പഠിക്കുന്പോൾ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നീന്തൽ പരിശീലനം നടത്തിയ അർജുൻ സംസ്ഥാനതല നീന്തൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ അർജുനെ അഭിനന്ദിച്ചു.
SUNDAY DEEPIKA
തലേന്നായിരുന്നു ക്രിസ്മസ്. രാവിലെ ഏഴിന് ഏറ്റുമാനൂരിൽനിന്നു കണ്ണൂരിലേക്കുള്ള ബസിൽ കയറിയപ്പോൾമുതൽ വഴിയിലെങ്ങും കെടുത്താൻ വൈകിയ നക്ഷത്രങ്ങളുണ്ടായിരുന്നു. വൈകുന്നേരം അഞ്ചിന് എത്തേണ്ടിയിരുന്ന ബസ് കണ്ണൂരിലെത്തിയപ്പോൾ രാത്രി 9.30. നല്ല തണുപ്പ്. നക്ഷത്രങ്ങൾ നഗരത്തോടു ബത്ലഹേമിന്റെ രഹസ്യങ്ങൾ പറയുകയാണ്.
അതിന്റെ കാതൽ, ദൈവത്തിന്റെ മനുഷ്യാവതാരമായിരുന്നു. ആട്ടിടയന്മാർ ഉറങ്ങാതിരുന്ന, മാലാഖമാർ പാട്ടുപാടിയിരുന്ന ഒരു രാത്രിയെക്കുറിച്ച്. പക്ഷേ, ഈ രാത്രികളിൽ കണ്ണൂരിന്റെ മലഞ്ചെരുവുകളിലെയും സമതലങ്ങളിലെയും കാവുകളിലും കുടുംബക്ഷേത്രങ്ങളിലും ഉറങ്ങാതിരുന്ന മനുഷ്യർ, മറ്റൊരു കാത്തിരിപ്പിലായിരുന്നു. മനുഷ്യന്റെ ദൈവാവതാരം..!
ദൈവത്തിലെത്തി മടങ്ങുന്ന മനുഷ്യൻ
തെയ്യത്തിന്റെ കഥകളും കാഴ്ചകളും മനസിനെ ത്രസിപ്പിക്കുന്നതും, ഒരു നിമിഷമെങ്കിലും ശരീരത്തെയും ബാധിക്കുന്നതുമാണ്. നേരിട്ടു കാണാനാണ് ഇറങ്ങിയത്. തെയ്യത്തെക്കുറിച്ച് ശാസ്ത്രീയ-മത നിർവചനങ്ങളും ഐതിഹ്യങ്ങളുമുണ്ട്. പക്ഷേ, ആ നിരീക്ഷണങ്ങളുടെ ഉള്ളടക്കമെന്തെന്നാൽ, മനുഷ്യൻ ദൈവമായി അവതരിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.
ജീവിച്ചിരുന്നപ്പോൾ മനുഷ്യനും മരണത്താൽ ദൈവവുമായെന്നു വിശ്വസിക്കുന്ന ആത്മാവിനെ, തെയ്യക്കാരൻ അഥവാ കളിയാട്ടക്കാരൻ തന്റെ ദേഹദേഹികളിലേക്കു ക്ഷണിച്ചുവരുത്തുകയാണ്. ദീർഘനാളത്തെ ഒരുക്കത്തിനൊടുവിൽ തോറ്റംപാട്ടുകളുടെ പരിണാമനദികളിൽ നിമഗ്നനാകുകയും വേഷഭൂഷാദികളിലും നോന്പുധ്യാനങ്ങളിലും സ്വയം മറക്കുകയും ചെയ്യുന്നയാൾ തെയ്യമായി "ദൈവാവതാര’മെടുക്കുന്നു.
ഭക്തരോ തെയ്യത്തിന്റെ വേഷങ്ങൾക്കുള്ളിൽ ദൈവത്തെ കാണുന്നു. മണിക്കൂറുകളുടെ അവതാരം പൂർത്തിയാക്കി കളിയാട്ടക്കാരൻ മനുഷ്യനിലേക്കു പുനരവതരിക്കുംമുന്പ് ഭക്തർ സങ്കടങ്ങളുമായെത്തും. ഒരിക്കൽ മനുഷ്യനായിരുന്ന തെയ്യത്തിന് തന്റെ മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾകേട്ട് സമാധാനം പറയാൻ എളുപ്പമാണ്. അതിനു കാലതാമസവുമില്ല. കൈകൂപ്പി നിൽക്കുന്നവരുടെ പ്രാർഥനയ്ക്ക് അപ്പോൾതന്നെ മറുപടിയുണ്ട്. ഭക്തരുടെ കൈകൾ ഗ്രഹിച്ചോ, ചേർത്തുനിർത്തിയോ, ആശ്ലേഷിച്ചോ "ദൈവം’ ആശ്വസിപ്പിക്കും. വിശ്വാസംകൊണ്ടോ കലാസ്വാദനംകൊണ്ടോ സങ്കല്പങ്ങളാലോ ഇങ്ങനെ കരുതിയാൽ തെയ്യം അതിശയകരമായൊരു അനുഭവമായിരിക്കും.
ഡിസംബർ മുതൽ മാർച്ച് വരെ വടക്കൻ കേരളത്തിലും കർണാടകത്തിൽ ചിലയിടങ്ങളിലും തെയ്യങ്ങൾ സജീവമാകും. രാത്രിയിലും പുലർച്ചെയുമായിട്ടാണ് കൂടുതൽ തെയ്യങ്ങളും ഇറങ്ങുന്നത്. അതൊന്നു നേരിൽ കാണാനാണ് കണ്ണൂരിൽ ബസിറങ്ങിയത്. വൈകിപ്പോയതിനാൽ ചെറുതാഴത്തേക്കിനി ബസില്ല. ദീപികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്ന ഷിജുവും സുഹൃത്ത് രജിത്തും കാറുമായെത്തി. യാത്രയ്ക്കിടെ രണ്ടുപേരും തെയ്യങ്ങളുടെ വിശേഷങ്ങൾ പറഞ്ഞു.
ചെറുതാഴം പാലക്കീൽ തറവാട് ദേവസ്ഥാനം കുടുംബക്ഷേത്രത്തിൽ രണ്ടു രാത്രിക്കും രണ്ടു പകലിനുമിടെ പലതുണ്ട് തെയ്യങ്ങൾ. കണ്ടനാർ കേളൻ, തൊണ്ടച്ചൻ, ഗുളികൻ, കുടിവീരൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ടി, കതിവന്നൂർ വീരൻ... പല തെയ്യങ്ങൾ ഒന്നിച്ചുകാണാൻ പറ്റുന്നതു ഭാഗ്യം. ഒന്നെങ്കിലും കാണണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു. ഉറക്കമിളച്ചാൽ എല്ലാം കാണാം.
കേളൻ: കർഷകന്റെ ദാരുണാന്ത്യം
ക്ഷേത്രത്തിനടുത്താണ് ഷിജുവിന്റെയും രജിത്തിന്റെയും വീട്. അവിടെയെത്തിയപ്പോഴേക്കും മൈക്കിലൂടെ തോറ്റം പാടുന്നതു കേൾക്കാം. യാത്രയ്ക്കിടെ ഭക്ഷണംകഴിച്ചതുകൊണ്ട് ഒന്നു കുളിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളു. ക്ഷേത്രത്തിലെത്തി. പുലർച്ചെ നാലിനുള്ള ചടങ്ങിനുവേണ്ടി മുട്ടിത്തടികളിട്ട് ആഴി കൂട്ടിത്തുടങ്ങിയിട്ടുണ്ട്. ആത്മാക്കളുടെ കളിയാട്ടംപോലെ പുകത്തൂണുകൾ തുറന്ന മേൽക്കൂരപ്പഴുതിലൂടെ സ്വർഗാരോഹണത്തിലാണ്.
കണ്ടനാർ കേളന്റെ തെയ്യം കെട്ടുന്നയാൾ അണിയറയിൽ ഒരു പായയിൽ കിടക്കുന്നു. കോലക്കാരൻ ചമയങ്ങളണിയിക്കുന്നു. തെയ്യക്കാരന്റെ കണ്ണുകൾ തുറന്നിരുന്നെങ്കിലും മറ്റേതോ ലോകത്തെ കാഴ്ചകൾ മാത്രം കാണുന്നതുപോലെ. തീയിൽ വെന്തുമരിച്ച കഠിനാധ്വാനിയായ ഒരു കർഷകന്റെ പുനർജനിയുടെ ഓർമയാണ് കേളന്റേത്. ആ ജീവിതത്തിലൂടെയും മരണത്തിലൂടെയും തെയ്യക്കാരൻ കടന്നുപോകുകയാകാം.
അണിയറയിൽ കേളൻ പുനർജനിക്കുംമുന്പ് ആ കഥ വായിച്ചു. ഏഴിമലയ്ക്കടുത്ത് കുന്നരുവിലെ മേലേടത്തു തറവാട്ടമ്മയായ ചക്കിയമ്മയ്ക്കു മക്കളില്ലായിരുന്നു. വയനാടൻ കാട്ടിൽനിന്നു കിട്ടിയ അനാഥബാലനെ അവർ കേളനെന്നു പേരിട്ടു സ്വന്തമെന്നപോലെ വളർത്തി. ലക്ഷണമൊത്ത കർഷകനായി അവൻ വളർന്നു. വിതച്ച നിലങ്ങളിലെല്ലാം നൂറു മേനി. നാടു സന്പത്സമൃദ്ധമായി. പൂങ്കുനത്തെ നാലു കാടുകളുംകൂടി കൃഷിയോഗ്യമാക്കാൻ തറവാട്ടമ്മ മകനോടു പറഞ്ഞു.
അവൻ പണിയായുധങ്ങളുമായി പുറപ്പെട്ടു. വെട്ടിത്തെളിച്ച കാടുകൾക്കെല്ലാം തീയിട്ടു. കള്ളിന്റെ ലഹരി തലയ്ക്കു പിടിച്ചിരുന്ന കേളൻ കാടുകൾക്കു നാലുവശത്തുനിന്നും തീയിട്ടശേഷം സാഹസികമായി പുറത്തുകടക്കുകയായിരുന്നു. നാലാം കാട്ടിൽനിന്നു പുറത്തുകടക്കാൻ അയാൾക്കു കഴിഞ്ഞില്ല. വെട്ടാതെ നിർത്തിയിരുന്ന കരിനെല്ലിമരത്തിൽ അയാൾ കയറി. പക്ഷേ, അതിലുണ്ടായിരുന്ന കളീയൻ, കരിവേലൻ എന്നീ സർപ്പങ്ങൾ ചൂടു സഹിക്കാനാകാതെ കേളന്റെ നെഞ്ചിൽ ചുറ്റിവരിഞ്ഞു കൊത്തി. കരിനാഗങ്ങളുമായി കേളൻ തീയിൽവീണു വെന്തുമരിച്ചു.
ശിവന്റെ മകനും വയനാട്ട് കുലവൻ ദൈവവുമായ തൊണ്ടച്ചൻ നായാട്ടു കഴിഞ്ഞു മടങ്ങവേ കരിഞ്ഞുകിടന്ന കേളനെ വില്ലുകൊണ്ട് തൊട്ടു. കേളൻ പുനർജനിച്ചു. ഞാൻ കണ്ട നീയിനി കണ്ടനാർ കേളനെന്നു തൊണ്ടച്ചൻ വിളിക്കുകയും ചെയ്തു. ചെണ്ടയിൽ വീണ കോലുകളെ കേളൻ ബാധിക്കുന്നോ, തോറ്റം മുറുകി.
""പും പുനം ചുട്ടകരിം പുനത്തിൽ
കാട്ടിൽ കരികരം മുകളിലേറി
കാട്ടിൽ കരുവേല മൂർഖൻ വന്ന്
മാർവ്വിൽ കടിച്ചു വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലുന്നേരം
മറ്റാരുമില്ല സഖിയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക വളർക നീ കണ്ടൻകേളാാാ...’’
അണിയറയിൽ കണ്ടനാർ കേളൻ ദൈവമായിക്കൊണ്ടിരിക്കുകയാണ്.
പുറത്ത് തോറ്റംപാട്ടുകാർക്കും ചെണ്ടക്കാർക്കുമപ്പുറത്ത് മണിക്കൂറുകളായി എരിയുന്ന തീയിലേക്ക് വീണ്ടും വിറകുവീണു. കേരളത്തിന്റെ പലയിടങ്ങളിൽനിന്നും ചെറുതാഴത്തെത്തിയ സ്ത്രീപുരുഷന്മാർ ദൈവാവതാരത്തിനായി കാത്തിരുന്നു. തണുപ്പ് അങ്ങേയറ്റമായിരുന്നെങ്കിലും ക്ഷേത്രപരിസരം തീയിലും പുകയിലും വെന്തു. ഒരുനിമിഷം... അണിയറയുടെ കവാടത്തിൽ നിഗൂഢമായ ഒരലർച്ച.
തോറ്റംവിളി കേട്ടുകേട്ട്, കാലയവനിക നീക്കി, മരണത്തണുപ്പിനെ വകഞ്ഞ് "ദൈവം’ വന്നു... കണ്ടനാർ കേളൻ! അണിയറയിൽനിന്നെഴുന്നേറ്റയാൾ പുറത്തേക്കോടി. ആളുന്ന അഗ്നിക്കും നീറുന്ന മനുഷ്യർക്കുമിടയിലൂടെ... തെയ്യം! അസാധാരണമായൊരു ഭാവത്തോടെ നെഞ്ചിലെ നാഗങ്ങളുമായി കേളൻ തീയ്ക്കു ചുറ്റും നടന്നു. വൈകിയില്ല കേളൻ പൂങ്കുനത്തെ കാട്ടുതീക്കു മുകളിലൂടെയെന്നപോലെ തീക്കുണ്ഡം മറികടന്നു. ജനം സ്തബ്ധരായി. ചെണ്ടകൊട്ട് ഉച്ചസ്ഥായിയിലായി. കേളൻ അഗ്നിക്കുമുകളിലൂടെ അമാനുഷികനായി ചാടിയോടുകയാണ്.
ശ്വാസം പിടിച്ചേ കണ്ടുനിൽക്കാനാകൂ. കാമറകളും മൊബൈൽഫോണുകളും അഗ്നിനാളങ്ങൾക്കപ്പുറത്ത് മിന്നാമിനുങ്ങിൻ കൂട്ടങ്ങളായി. കൂപ്പിയ കൈകളുമായി നിൽക്കുന്ന ഭക്തരുടെ മുഖം ചുവന്നുതുടുത്തു. കേളൻ തീ കോരിയെറിഞ്ഞും ചവിട്ടിത്തെറിപ്പിച്ചും കുതിച്ചുചാടിയും മറ്റൊരു ലോകത്താണ്. അഗ്നികുണ്ഡം മറികടക്കുന്പോൾ രണ്ടുപേർ കൈകളിൽ പിടിച്ച് ഒപ്പത്തിനൊപ്പം ഓടിക്കൊണ്ടിരുന്നു. ചിലപ്പോൾ കേളൻ അവരുടെ കൈകൾ തട്ടിമാറ്റി തനിയെ തീയിലേക്കോടി. സമയത്തിനൊപ്പം അഗ്നിയും ചാന്പലാകവേ കണ്ടനാർ കേളൻ ഭക്തരുടെ സമീപത്തെത്തി.
തന്നെ സമീപിച്ചവർ സമ്മാനിച്ച കാണിക്ക സ്വീകരിച്ച് സങ്കടങ്ങൾ കേട്ടു. ചില രഹസ്യങ്ങൾ തെയ്യം അങ്ങോട്ടു പറഞ്ഞു. തെയ്യം വേദനകൾ മായ്ക്കുമെന്നു വാക്കുകൊടുത്തപ്പോൾ ഭക്തരുടെ കണ്ണുകൾ നിറഞ്ഞു. എല്ലാവരെയും ആശ്വസിപ്പിച്ചു, കരം ഗ്രഹിച്ചു, ആലിംഗനം ചെയ്തു.
ചെറുതാഴത്തും സൂര്യൻ ഉദിച്ചു. കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾക്കൊടുവിൽ കേളൻ മനുഷ്യനായി തിരിച്ചുവന്നുകൊണ്ടിരുന്നു. വേഷങ്ങൾ അഴിക്കപ്പെട്ടു. മനുഷ്യർ സമാധാനത്തോടെ താന്താങ്ങളുടെ വീടുകളിലേക്കു മടങ്ങി. മിക്കവരും മടങ്ങിവരും; കതിവന്നൂർ വീരൻ ഉൾപ്പെടെയുള്ള തെയ്യങ്ങളൊക്കെ ദൈവപ്പിറവിക്കൊരുങ്ങുകയാണ്. പകൽ മുഴുവൻ തോറ്റംപാട്ടുകളും തെയ്യങ്ങളും കാണാൻ ആളുകൾ ഒഴുകിയെത്തി. രാത്രിയിൽ കതിവന്നൂർ വീരന്റെ തോറ്റംപാട്ടുകൾകേട്ട് ഇത്തിരി ഉറങ്ങി. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് തെയ്യപ്പറന്പിലേക്കു നടന്നു.
കതിവന്നൂർ വീരനും ചെമ്മരത്തിയും
"കളിയാട്ടം' സിനിമ കണ്ടതുമുതൽ കതിവന്നൂർ വീരനെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ്. കതിവന്നൂർ വീരനെന്ന തെയ്യം മന്ദപ്പനെന്ന മനുഷ്യനിൽനിന്നാണ് തുടങ്ങിയത്. കണ്ണൂരിനും തളിപ്പറന്പിനുമിടയിലുള്ള മങ്ങാട്ട് മേത്തളി തറവാട്ടിലായിരുന്നു ജനനം. തീയ സമുദായത്തിൽ പെട്ട യോദ്ധാവ്. തന്റെ കൃഷിയിടങ്ങളിൽ പണിയെടുക്കാതെ ആയുധാഭ്യാസവും പാവങ്ങളോടുള്ള സന്പർക്കവുമായി കറങ്ങിനടക്കുന്നവനു ചോറുകൊടുക്കേണ്ടെന്ന് അച്ഛൻ അമ്മയോടു പറഞ്ഞതോടെ മന്ദപ്പൻ വീടുവിട്ടിറങ്ങി.
കർണാടകത്തിലെ കുടകുമലകളിൽ കച്ചവടത്തിനു പോകുന്ന കൂട്ടുകാരോടൊത്ത് പുറപ്പെട്ടെങ്കിലും മന്ദപ്പന്റെ അച്ഛനെ ഭയന്ന അവർ അവനെ വഴിയിൽ ഉറക്കിക്കിടത്തിയശേഷം പോയി. തനിച്ചു യാത്രതുടർന്ന അയാൾ കതിവന്നൂരിൽ (ഇന്നത്തെ വിരാജ്പേട്ടയ്ക്കടുത്ത്) അമ്മാവന്റെ വീട്ടിലെത്തി. അവരവനെ സംരക്ഷിച്ചു. മന്ദപ്പന് കൃഷിചെയ്തും കാലിവളർത്തിയും എള്ളാട്ടി എണ്ണ വിറ്റും പണമുണ്ടാക്കി. ഇതിനിടെ അന്യജാതിക്കാരിയായ ചെമ്മരത്തിയെ പ്രണയിച്ചത് അമ്മാവന് ഇഷ്ടമായില്ലെങ്കിലും വിവാഹം കഴിച്ചുകൊടുത്തു. ഒരിക്കൽ എണ്ണക്കച്ചവടം കഴിഞ്ഞ് വൈകിയെത്തിയ മന്ദപ്പനോട് ചെമ്മരത്തി സ്നേഹം പരിഭവവും രോഷവുമാക്കി ചോറിനു പകരം തലച്ചോറുണ്ണാൻ പറഞ്ഞു.
പിന്നെ കറിയില്ലാതെ ചോറു കൊടുത്തു. ഭക്ഷണം കഴിക്കവേ, കാലികളെയും കാർഷികോത്പന്നങ്ങളും മോഷ്ടിക്കുന്ന കുടകരുടെ പടവിളികേട്ടു മന്ദപ്പൻ ചാടിയെഴുന്നേറ്റു പുറപ്പെട്ടു. പരിഭവം പറഞ്ഞുതീർക്കാൻ സമയം കിട്ടുംമുന്‍പ് വീണ്ടും വീട്ടിൽനിന്നിറങ്ങിയ മന്ദപ്പനെ ചെമ്മരത്തി ""കുടകരുടെ പടയിൽ കൊത്തിപ്പോട്ടെ’’ എന്നു ശപിക്കുകയും ചെയ്തു. പടയിൽ ജയിച്ചെങ്കിലും മടങ്ങിവരുന്നതിനിടെയാണ് മന്ദപ്പൻ തന്റെ ചെറുവിരൽ അറ്റുപോയെന്നും മോതിരം നഷ്ടമായെന്നുമറിഞ്ഞത്.
തനിച്ചു പടക്കളത്തിലേക്കു മടങ്ങിയ മന്ദപ്പനെ തോറ്റുമടങ്ങിയ കുടകർ തിരിച്ചെത്തി നൂറ്റെട്ടു തുണ്ടമാക്കി വെട്ടിനുറുക്കി. മന്ദപ്പന്റെ ചിത കത്തിയെരിയവേ ചുറ്റും നിന്നവരോടു ചെമ്മരത്തി പറഞ്ഞു, "നോക്കൂ, നട്ടുച്ചക്കൊരു നക്ഷത്രമുദിച്ചിരിക്കുന്നു'. എല്ലാവരും ആകാശത്തേക്കു നോക്കവേ കുറ്റബോധത്താൽ നീറിനിന്ന ചെമ്മരത്തി ചിതയിൽചാടി ജീവനൊടുക്കി. പിന്നീട് പുഴയിൽ കുളിക്കുന്ന മന്ദപ്പനെയും ചെമ്മരത്തിയെയുംകണ്ട കൂട്ടുകാരനാണ് അവരുടെ ആത്മാവിനെ തെയ്യമാക്കിയത്. കുടകിൽ തുടങ്ങിയ തെയ്യം പിന്നീട് കേരളത്തിലുമെത്തി.
ചെറുതാഴത്തെ ക്ഷേത്രമുറ്റത്ത് ചെമ്മരത്തി ഒരു പീഠത്തിലെ തീനാളങ്ങളായി കത്തിയെരിയുന്നു. കതിവന്നൂർ വീരനായ തെയ്യം ചെമ്മരത്തിക്കു ചുറ്റം തോറ്റംപാടി നടക്കുകയാണ്.
കളിയാട്ടം സിനിമയിലെ പാട്ടുവരികൾ നെഞ്ചിലിരുന്നുപിടച്ചു:
""കതിവനൂർ വീരനേ
നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലിപോൽ
അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു
കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ
നൊമ്പരം പൂണ്ടവൾ മനംനൊന്തുപിടഞ്ഞു..’’
ചെമ്മരത്തിത്തറയ്ക്കുചുറ്റും നടന്നു കതിവന്നൂർ വീരൻ വിതുന്പുകയാണോ?
അയാളുടെ മുഖംമാറി. പഴയ യുദ്ധസ്മരണകളിൽ അഭ്യാസമുറകൾ പുറത്തെടുത്തു. ഉടവാൾ ആകാശത്തെറിഞ്ഞുപിടിച്ചു. ഉറുമിവീശി ചാടിമറിഞ്ഞു. കാഴ്ചക്കാർ ഉറക്കച്ചടവുമറന്ന് കൈകൾകൂപ്പി. ചെണ്ടക്കാരുടെ പേശികൾ വലിഞ്ഞുമുറുകി. കതിവന്നൂർ വീരൻ ക്ഷേത്രപരിസരത്തെ യുദ്ധക്കളമാക്കി. ചെമ്മരത്തിത്തറയിൽ തീനാളങ്ങൾ നൃത്തംചെയ്തു.
അഭ്യാസങ്ങൾക്കിടെ അയാൾ ചെമ്മരത്തിക്കടുത്തെത്തി. കൺമുന്നിൽ കലാപരിപാടിയല്ല. ആളുകൾ കൈയടിക്കുകയോ ആർപ്പുവിളിക്കുകയോ ചെയ്തില്ല. ദൈവാവതാരത്തിനു ചുറ്റും ആദരവുകളോടെ നിന്നു. വെളിച്ചംവീഴുന്പോഴേക്കും ആളുകൾ കതിവന്നൂർ വീരന്റെ മുന്നിൽ നമ്രശിരസ്കരായി നിൽക്കുകയായിരുന്നു.
തെയ്യം എല്ലാവരുടെയും അടുത്തെത്തി. തനിക്കറിയാമല്ലോ നിങ്ങളുടെ പ്രശ്നങ്ങളെന്ന് ആശ്വസിപ്പിച്ചു. ഭക്തരുടെ കഷ്ടങ്ങൾ തെയ്യം ഏറ്റെടുത്തു. നിങ്ങൾക്കൊരു വിജയം കാത്തുവച്ചിട്ടുണ്ടെന്നും വൈകില്ലെന്നും ചിലരോടു പറഞ്ഞു. പരീക്ഷയ്ക്കു നന്നായി പഠിക്കണമെന്നും അച്ഛനെയും അമ്മയെയും കണ്ണീരുകുടിപ്പിക്കരുതെന്നും കുട്ടികളോടു പതിഞ്ഞ സ്വരത്തിൽ ഉപദേശിച്ചു. സമാധാനമായവർ മടങ്ങിയപ്പോൾ ബാക്കിയുള്ളവർ ജീവിതഭാരങ്ങളുമായി തിക്കിത്തിരക്കി.
ഗുളികൻ, കുടിവീരൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ടി... ഓരോരുത്തരും രാപ്പകലുകളിലെ ദൈവാവതാരങ്ങൾക്കൊടുവിൽ മനുഷ്യരായി മടങ്ങി. അടുത്ത തെയ്യക്കാലംവരെ അവർ മനുഷ്യരായി, കൃഷിക്കാരും വ്യാപാരികളും രാഷ്ട്രീയക്കാരും ഡ്രൈവർമാരുമായി കഠിനാധ്വാനംചെയ്ത്, വിശപ്പും വിയർപ്പും അനുഭവിച്ച് ജീവിക്കും. ഒക്കെ മനുഷ്യർക്കു പറഞ്ഞിട്ടുള്ളതാണ്.
മലബാറിന്റെ ദൈവാന്വേഷണങ്ങൾ
പരസ്പരം സാരമില്ലെന്നു പറഞ്ഞും സഹായിച്ചും ചേർത്തണച്ചും ജീവിക്കുന്പോൾ മനുഷ്യർ മനുഷ്യരിൽ ദൈവത്തെ കാണുകയാണ്. ഉടയാടകൾക്കപ്പുറത്ത് അവർക്കു മനുഷ്യസാദൃശ്യമാണ്. തോറ്റുപോയ മനുഷ്യരാണോ ദൈവമാകുന്നത്? തോൽവികളെ അതിജീവിക്കാനുള്ള ശ്രമത്തിനിടെയാണോ മനുഷ്യർ തെയ്യങ്ങളാകുന്നത് ? നിങ്ങളില്ലാതെ ജീവിക്കാൻ ഞങ്ങൾക്കാകുന്നില്ലെന്നു മനുഷ്യൻ ദൈവത്തോടു പറയുകയാണോ? അതോ സ്വയം ദൈവമായി പരന്പരാഗത ദൈവങ്ങളെ വെല്ലുവിളിക്കുകയാണോ? പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്ന ദൈവങ്ങൾക്കു പകരം, പ്രാർഥനയ്ക്കൊപ്പം പരിഹാരവും ആശ്വാസവും നൽകുന്ന ദൈവത്തെ മനുഷ്യൻ സൃഷ്ടിക്കുകയാണോ? ഒരുത്തരംകൊണ്ട് എല്ലാവർക്കും മതിയാകില്ല. ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ കിട്ടിയേതീരൂ. മലബാറിന്റെ അന്വേഷണങ്ങൾ മനുഷ്യനിൽനിന്നു ദൈവത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാവാം.
ക്ഷേത്രപരിസരം വിജനമായിത്തുടങ്ങി. തെയ്യങ്ങളും കോലം വരയ്ക്കുന്നവരുമില്ലാതെ അണിയറ ശൂന്യമായിക്കിടന്നു. തെയ്യമൊഴിഞ്ഞ ദേഹങ്ങൾപോലെ ചിലർ ഉറങ്ങിക്കിടന്നു. ഞങ്ങൾ നടന്ന വയലുകളിൽ തണുപ്പ് ഒരു ക്രിസ്മസ് പുലരിയിലെന്നപോലെ ശുഭ്രവസ്ത്രധാരികളായ മാലാഖമാരായി. ഞങ്ങൾക്കും ഒരു ചിരി സമ്മാനിച്ച്, തോളിലൊരു ഭാണ്ഡവുമായി ഇന്നലത്തെ കണ്ടനാർ കേളൻ മഞ്ഞിലൂടെ നടന്നുമറഞ്ഞു. ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അറിയിപ്പായി ചെറുതാഴത്ത് കടലാസുനക്ഷത്രങ്ങൾ കെടാതെനിന്നു.
National
നോയിഡ: പ്രണയദിനത്തിൽ യുവതിയെ കാറിനുള്ളിൽ വച്ച് വെടിവച്ച് കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39ലാണ് സംഭവം.
ഡൽഹിയിലെ ത്രിലോക്പുരി സ്വദേശി സുമിത്, നോയിഡയിൽ ജോലി ചെയ്യുന്ന രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറിനുള്ളിൽ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Kerala
തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.
വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
വീടിന്റെ കാർപോർച്ചിലെ സീലിംഗ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്.
രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം.
ബിസിനസിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയാണ് പ്രദീപ് പങ്കുവച്ച വീഡിയോയിലുള്ളത്.
മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ലെന്നതാണ് പോലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
National
ലക്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിന് മാനസിക വൈകല്യമുള്ള യുവാവ് വൃദ്ധയായ മാതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജെവാറിലാണ് സംഭവം.
ബുധനാഴ്ചയാണ് സംഭവം. കിഷൻ എന്നയാൾ മാതാവ് രുക്മിണിയെ ലോഹ പാത്രം കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
രുക്മിണി പാകം ചെയ്തുകൊണ്ടിരുന്നപ്പോൾ കിഷൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയാറാകാൻ വൈകി. ഇതിൽ കുപിതനായ കിഷൻ, വീട്ടിലുണ്ടായിരുന്ന ലോഹം പാത്രം ഉപയോഗിച്ച് രുക്മിണിയുടെ തലയിൽ ഒന്നിലധികം തവണ അടിച്ചു.
സംഭവമറിഞ്ഞ അയൽവാസികൾ രുക്മണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കിഷൻ ആഗ്രയിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ജെവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിന് ഏകദേശം അഞ്ച് ദിവസം മുമ്പാണ് ഇയാൾ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Kerala
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
District News
കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ഇന്നോവ കാര്‍ ഇടിച്ചു പത്തൊന്പതുകാരന് മരിച്ചതില്‍ ഉടമസ്ഥയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. സുഭാഷാണ് വിധിച്ചത്.
കോട്ടയം-കുമളി എന്‍എച്ച് 183 റോഡില്‍ എകെജെഎം സ്കൂളിനു മുന്പിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് തെറ്റായ ദിശയില്‍ കയറിവന്ന ഇന്നോവ കാര്‍ എതിരേവന്ന മോട്ടോര്‍ ബൈക്കില്‍ ഇടിച്ചുവെന്നാണ് കേസ്. അതിവേഗത്തിലായിരുന്ന ഇന്നോവ കാര്‍ നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ. വേണു ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 2023 മാര്‍ച്ച് 27-നായിരുന്നു അപകടം. തലേദിവസം അര്‍ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇന്നോവ കാറിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തില്‍ കൊഴിയാത്താനത്തു സമീര്‍ മന്‍സില്‍ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന് നബീല്‍ ബഷീറായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്കി.
വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചെലവും പലിശയും അടക്കം 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കാറിന്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.ബി. ബിനു കോടതിയില്‍ ഹാജരായി.
Kerala
കൊച്ചി: ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയിൽ. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് മരിച്ചത്. ചെറായി ബീച്ചിന് കിഴക്ക് വശം പൊയിലിൽ ആണ് ഇയാളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഒരാൾ പൊയിലിൽ വീണ് കിടക്കുന്നതായി കണ്ട ചിലർ മുനമ്പം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു സൈക്കിൾ മൃതദേഹം കണ്ട പൊയിലിനരികിൽ കണ്ടെത്തിയിട്ടുണ്ട്. ഇരാൾ രാത്രി എട്ടിന് ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടവരുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.