യഥാർഥ വികസനം ‘സമഗ്രമായ’ വികസനമാണെന്ന് പോൾ ആറാമൻ പാപ്പാ പഠിപ്പിച്ചു. വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും വികസനം അവകാശവും കടമയുമാണ്. മനുഷ്യന്റെ മഹത്വത്തിന് അനുയോജ്യമായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ ഉറപ്പാക്കപ്പെടണം. മനുഷ്യരോടുള്ള നീതിയും സൃഷ്ടിയോടുള്ള കരുതലും സംയോജിപ്പിക്കാൻ കഴിയുമ്പോഴാണ് വികസനം യഥാർഥ പുരോഗതിയായി മാറുന്നത്.
സമ്പത്തിന്റെ ശേഖരണത്തേക്കാൾ മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും ഏതാനും ആളുകളുടെ ഉപഭോഗം വർധിപ്പിക്കാനായി മറ്റുള്ളവരിൽ ഭാരം ചുമത്താതിരിക്കുന്നതും ഭാവിതലമുറകളോടുള്ള ഉത്തരവാദിത്വം വിലമതിക്കുന്നതുമായ വികസനമാണ് യഥാർഥ മാനവവികസനം. അത് സാമ്പത്തിക മേഖലയെ മാത്രം സംബന്ധിക്കുന്നതല്ല; ആത്മീയ, സാംസ്കാരിക, ധാർമിക, തലങ്ങളിലുമുള്ള വളർച്ചയെ സമഗ്രമായി ഉൾക്കൊള്ളുന്നതാണ് എന്ന് പാപ്പാ കരുതുന്നു.
ഡിജിറ്റൽ വിപ്ലവവും കൃത്രിമബുദ്ധിയും ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം അത് എത്രമാത്രം മനുഷ്യന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്നു എന്നുള്ളതായിരിക്കണം. സാങ്കേതികവിദ്യ നിഷ്പക്ഷമല്ല എന്ന് ചാക്രിക ലേഖനം വിലയിരുത്തുന്നു. അതുകൊണ്ട് ഓരോ സാങ്കേതിക മുന്നേറ്റവും പരിശോധിക്കേണ്ട ഒരു അടിസ്ഥാന ചോദ്യമുണ്ട്. “ഈ സാങ്കേതിക വിദ്യ മനുഷ്യരെയും ജനതകളെയും കൂടുതൽ മാനുഷിക മൂല്യങ്ങളും സാഹോദര്യവും ഉള്ളതായി മാറ്റുകയും നമ്മുടെ പൊതു ഭവനമായ ഈ പ്രപഞ്ചത്തെയും ഭാവിതലമുറകളെയും ആദരിക്കുകയും ചെയ്യുന്നുണ്ടോ?” എന്നതാണത്.
നിർമിത ബുദ്ധി
നിർമിത ബുദ്ധിയെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനം അല്ല ഈ ചാക്രിക ലേഖനത്തിന്റെ ലക്ഷ്യം. പകരം മനുഷ്യ വ്യക്തിയുടെ പ്രാധാന്യവും മഹത്വവും പരിഗണിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് പരിധികൾ നിർദേശിക്കാനും മനഃസാക്ഷിയോടും ഉത്തരവാദിത്വത്തോടും കൂടെ അവ ഉപയോഗിക്കാനും സഹായിക്കുന്ന ഏതാനും അടിസ്ഥാന കാര്യങ്ങൾ നിർദേശിക്കുകയാണ്. മനുഷ്യബുദ്ധിയും അതിന്റെ മനഃസാക്ഷിയും സ്വാതന്ത്ര്യവുമാണ് എപ്പോഴും സാങ്കേതികവിദ്യയെ നയിക്കേണ്ടതെന്ന അടിസ്ഥാനമാണ് പാപ്പാ പ്രഖ്യാപിക്കുന്നത്.
നിർമിത ബുദ്ധിയുടെ വളർച്ച അതിവേഗത്തിലാണ്. അവ രൂപകൽപന ചെയ്യുന്നവർക്കുപോലും അവയുടെ പ്രവർത്തനരീതിയും പ്രത്യാഘാതങ്ങളും പൂർണമായി മനസിലാക്കാൻ കഴിയുന്നില്ല. ഇന്നത്തെ എഐ സംവിധാനങ്ങൾ ‘നിർമിക്കപ്പെടുന്നവ’യേക്കാൾ ‘വളർത്തപ്പെടുന്നവ’യാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. അവയെ വികസിപ്പിക്കുന്നവർ ഓരോ ഘടകവും നേരിട്ട് രൂപകൽപന ചെയ്യുന്നില്ല; മറിച്ച് കൃത്രിമബുദ്ധി വളരുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ നിരവധി അടിസ്ഥാന ഘടകങ്ങൾ ഇന്നും അജ്ഞാതമായി തുടരുന്നു. അതുകൊണ്ട് നിർമിത ബുദ്ധിയെ സംബന്ധിച്ച വിഷയത്തിൽ ശാസ്ത്രീയ ഗവേഷണവും ധാർമിക-ആത്മീയ വിവേചനവും ഒരുപോലെ ആവശ്യമാണ് എന്ന് ചാക്രിക ലേഖനം ഓർമിപ്പിക്കുന്നു.
ഏറ്റവും പ്രധാനമായ കാര്യം കൃത്രിമ ബുദ്ധിയെ മനുഷ്യബുദ്ധിയുമായി തുലനം ചെയ്യരുത് എന്നതാണ്. ഈ സംവിധാനങ്ങൾ മനുഷ്യബുദ്ധിയുടെ ചില പ്രവർത്തനങ്ങളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവയ്ക്ക് അനുഭവങ്ങളില്ല, ശരീരമില്ല, സന്തോഷമോ വേദനയോ അനുഭവിക്കാനാവില്ല, ബന്ധങ്ങളിലൂടെ പക്വത പ്രാപിക്കാനാവില്ല, പ്രാർഥിക്കാനാവില്ല. സ്നേഹം, സൗഹൃദം, ജോലി, ഉത്തരവാദിത്വം എന്നിവയുടെ ആന്തരിക അർഥം അവയ്ക്ക് അറിയില്ല. അവയ്ക്ക് ധാർമിക മനഃസാക്ഷിയുമില്ല; നല്ലതും ചീത്തയും വിധിക്കാനോ പ്രവർത്തനഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ കഴിയില്ല. അവയ്ക്ക് മനുഷ്യന്റെ ഭാഷ അനുകരിക്കാൻ കഴിയും എന്നാൽ, ഹൃദയത്തിന്റെ ഭാഷ ഗ്രഹിക്കാനാവില്ല. നിയമങ്ങൾ വിശകലനം ചെയ്യാൻ കഴിയും പക്ഷേ, കരുണകാണിക്കാൻ കഴിയില്ല. ഭാഷയും സഹാനുഭൂതിയും അനുകരിക്കാൻ കഴിയുമെങ്കിലും അവ യഥാർഥത്തിൽ ആ അനുഭവങ്ങളെ മനസിലാക്കുന്നില്ല. മനുഷ്യൻ ജീവിതാനുഭവങ്ങളിലൂടെ വളരുന്നതുപോലെയല്ല എഐ പഠിക്കുന്നത്; വിവരശേഖരത്തെ അടിസ്ഥാനമാക്കി കൃത്രിമമായി പ്രതികരിക്കാൻ അവയെ പരിശീലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രയോജനപ്രദമായ കണ്ടെത്തലും അനിവാര്യമായ ജാഗ്രതയും
ആധുനിക കാലഘട്ടത്തിന്റെ ഏറ്റവും അദ്ഭുതകരമായ മുന്നേറ്റം തന്നെയാണ് നിർമിത ബുദ്ധി. ശാസ്ത്രസാങ്കേതിക മേഖലയിലും സാധാരണ മനുഷ്യ ജീവിതത്തിലും വലിയ നന്മകളും ഉപകാരങ്ങളും പ്രദാനം ചെയ്യാൻ കഴിവുള്ള കണ്ടുപിടിത്തം. നിർമിത ബുദ്ധിക്ക് മനുഷ്യജീവിതം എളുപ്പമുള്ളതാക്കാൻ കഴിയും.
അതേസമയം, നിരന്തര ഉപയോഗം വഴി നിർമിത ബുദ്ധിയോട് മനുഷ്യന് വിവേചനരഹിതമായ അടിമത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒപ്പം മനുഷ്യന്റെ സർഗാത്മക കഴിവുകൾ കാലക്രമത്തിൽ ഇല്ലാതായിപ്പോകാനുള്ള സാധ്യതയുമുണ്ട്. മനുഷ്യൻ നിർമിക്കുന്ന കലാരൂപങ്ങളേക്കാൾ മനോഹരമായ എഐ ചിത്രങ്ങളും കലാരൂപങ്ങളും കൂടുതൽ ആകർഷകമാവുകയും കലാകാരന്മാർ ഇല്ലാതാവുകയും ചെയ്യും. മനുഷ്യനോട് ഇടപെടുന്നതുപോലെ നിർമിത ബുദ്ധിയോട് സംസാരിക്കുന്നതിലെ മിഥ്യ തിരിച്ചറിയാത്ത ഒരു തലമുറ വളർന്നുവരുന്നു എന്നുള്ളതും പതിയിരിക്കുന്ന അപകടമാണ്.
അതീവ ഗൗരവതരമായ മറ്റൊരു പ്രശ്നം സാങ്കേതിക സംവിധാനങ്ങൾ ഒന്നും നിഷ്പക്ഷമല്ല എന്നതാണ്. നിർമിതബുദ്ധി നൽകുന്ന ഉത്തരങ്ങൾ എപ്പോഴും അത് രൂപകല്പന ചെയ്തവരുടെ സാംസ്കാരിക ധാർമിക പരിമിതികളെ പ്രതിഫലിപ്പിക്കുന്നവയാണ്. അവ രൂപകല്പന ചെയ്യുന്നവർ ധാർമിക വീക്ഷണമുള്ളവരോ സാമ്പത്തിക നേട്ടത്തേക്കാൾ സമൂഹത്തിന്റെ നന്മ ലക്ഷ്യംവയ്ക്കുന്നവരോ ആകണമെന്നില്ല.
സഹാനുഭൂതി, സൗഹൃദം, സ്നേഹം തുടങ്ങിയവ അനുകരിക്കാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ കംപ്യൂട്ടർ, റോബോട്ടിക് സംവിധാനങ്ങളുണ്ട്. അവ യഥാർഥ ബന്ധങ്ങളുടെ വ്യാജ പതിപ്പുകൾ സൃഷ്ടിക്കുകയും മനുഷ്യരെ യഥാർഥ ബന്ധങ്ങളിൽനിന്ന് അകറ്റുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
ആശയവിനിമയ സംവിധാനങ്ങളിലും ഭരണ നിർവഹണത്തിലുംപോലും തീരുമാനമെടുക്കാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തിൽ വ്യാപകമായി ഇന്ന് നിർമിത ബുദ്ധി ഉപയോഗിക്കപ്പെടുന്നുണ്ട്. കാര്യക്ഷമത വർധിക്കുന്നു എന്നത് അംഗീകരിക്കുമ്പോഴും മനുഷ്യനും അവന്റെ തൊഴിൽ ഉൾപ്പെടെയുള്ള സാധ്യതകളും വെല്ലുവിളിക്കപ്പെടുന്നു എന്ന് മറക്കരുത്. നിർമിത ബുദ്ധിയുടെ വിവേചനരഹിതമായ ഉപയോഗം എന്തൊക്കെ അപകടങ്ങളാണ് വരുത്തി വയ്ക്കാവുന്നതെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾ വരുത്തിവയ്ക്കുന്ന പരിസ്ഥിതി ആഘാതവും പരിഗണിക്കപ്പെടേണ്ടതാണ്.
സാങ്കേതിക ആധിപത്യവും നിരായുധീകരിക്കപ്പെടേണ്ട നിർമിത ബുദ്ധിയും
നിർമിത ബുദ്ധിയെ നിരായുധീകരിക്കുക എന്നതുകൊണ്ട് മാർപാപ്പ ഉദ്ദേശിക്കുന്നത് മനുഷ്യരാശിയുടെ മേൽ ആധിപത്യം പുലർത്താനുള്ള മത്സര മനോഭാവത്തിൽനിന്ന് നിർമിത ബുദ്ധിയെ വിമോചിപ്പിക്കുക എന്നതാണ്. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾക്ക് സ്വയംഭരണാധികാരം ഉണ്ടാകരുത്. പകരം അത് മനുഷ്യന്റെ സേവനത്തിനായി വിവേകപൂർവം ഉപയോഗിക്കപ്പെടണം.
സാങ്കേതിക വളർച്ചയും കണ്ടുപിടിത്തങ്ങളും ദൈവത്തിന്റെ സൃഷ്ടികർമത്തിലുള്ള മനുഷ്യന്റെ പങ്കാളിത്തം തന്നെയാണ്. ഓരോ പുതിയ കണ്ടെത്തലും മനുഷ്യനെക്കുറിച്ചുള്ള ദർശനത്തെതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് ഉത്തരവാദിത്വത്തോടും സുതാര്യതയോടും സമൂഹത്തിന്റെ നന്മയോടുള്ള പ്രതിബദ്ധതയോടും കൂടി വേണം നിർമിത ബുദ്ധിയെ വികസിപ്പിക്കേണ്ടത്.
സാങ്കേതിക ആധിപത്യം ബുദ്ധിശക്തിയെ പരമമൂല്യമാക്കി മാറ്റുമ്പോൾ സ്നേഹം, പ്രതിബദ്ധത, ബന്ധങ്ങൾ തുടങ്ങിയ ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങൾ തിരസ്കരിക്കപ്പെടും. സാങ്കേതിക ശക്തി നിയന്ത്രണങ്ങളില്ലാതെ വളരുമ്പോൾ അത് നമ്മെ കൂടുതൽ കഴിവുള്ളവരാക്കുന്നതിനു പകരം കൂടുതൽ ഒറ്റപ്പെട്ടവരാക്കി മാറ്റും.
ക്രിയാത്മക ഇടപെടലുകൾ
ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു ചാക്രിക ലേഖനം സംഭാവന ചെയ്യുക മാത്രമല്ല വത്തിക്കാൻ ചെയ്യുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം പഠനങ്ങൾ നടത്താനും നയരൂപീകരണം നടത്താനുമായി ഒരു ഇന്റർ ഡിക്കാസ്ട്രിയൽ കമ്മീഷനെയും (Interdicasterial Commission on Artificial Intelligence) മാർപാപ്പ നിയമിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും റോമൻ കൂരിയായിലെ വിവിധ വകുപ്പുകളിലെ അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു കമ്മീഷൻ ആണിത്. അതോടൊപ്പം ഭാവിയിൽ ഈ ചാക്രിക ലേഖനത്തിന്റെ നിർദേശങ്ങൾ രാഷ്ട്ര-അന്താരാഷ്ട്ര തലങ്ങളിലുള്ള നയ രൂപീകരണങ്ങൾക്ക് അടിത്തറയായി മാറാൻ കഴിയുന്നതുപോലെ തുടർ പരിപാടികൾ ക്രമീകരിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്.
അദ്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യയേക്കാളും മനുഷ്യാസ്തിത്വത്തിന്റെ മഹത്വത്തെക്കുറിച്ചാണ് മാർപാപ്പ സംസാരിക്കുന്നത്. അവ ലളിതവും സുന്ദരവുമാണ്. ഒരു കുട്ടിക്ക് കഥ വായിച്ചുകൊടുക്കുക, പ്രായമായ ഒരാൾക്ക് കൂട്ടിരിക്കുക, ഒരു വീട് സ്വാഗതമരുളുന്ന ഭവനം ആക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ യഥാർഥത്തിൽ മനുഷ്യബന്ധങ്ങളുടെ മഹത്വം പഠിപ്പിക്കുന്നുണ്ട്. സാങ്കേതിക വളർച്ച ഉണർത്തുന്ന അദ്ഭുതങ്ങളേക്കാൾ മനോഹരമായവയാണ് അവയൊക്കെ എന്ന് ഈ ചാക്രിക ലേഖനം നമ്മെ ഓർമിപ്പിക്കുന്നു.
നിർമിത ബുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾ ഒരിക്കലും വെറുമൊരു സാങ്കേതിക വിഷയം മാത്രമല്ല. അത് മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ധാർമിക വിഷയമാണ്. മനുഷ്യരുടെ അവകാശങ്ങൾ, സ്വാതന്ത്ര്യം, അവസരങ്ങൾ, തൊഴിൽ, പൊതു സേവനങ്ങൾ തുടങ്ങിയവയിലൊക്കെ ഉൾച്ചേർന്നിരിക്കുന്ന നിർണായക തീരുമാനങ്ങൾ യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുന്നത് അപകടകരമാണ്.
ഒരാളെ പ്രശസ്തനാക്കാനും അപമാനിക്കാനും എഐ ഉപയോഗിക്കാൻ കഴിയും. വിവരങ്ങൾ കൃത്രിമമായി കൈകാര്യം ചെയ്യാനും സ്വകാര്യത ലംഘിക്കാനും അതിനു സാധിക്കും. ഒരാൾ യോഗ്യനാണോ അല്ലയോ എന്നോ ഒരു കാര്യം ധാർമികമായി ശരിയാണോ എന്നോ അൽഗോരിതങ്ങൾ തീരുമാനിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ.
നിർമിത ബുദ്ധി മനുഷ്യമഹത്വത്തെ ആദരിക്കുകയും പൊതുനന്മയെ സേവിക്കുകയും ചെയ്യണമെങ്കിൽ, അതിന്റെ രൂപകൽപന മുതൽ ഉപയോഗം വരെ ഓരോ ഘട്ടത്തിലും അത് നിർമിക്കുന്നവരുടെ ഉത്തരവാദിത്വം കൃത്യതയുള്ളതാകണം. അവ സുതാര്യമായിരിക്കുകയും തെറ്റുകൾ തിരുത്താനുള്ള സാധ്യത ഉണ്ടായിരിക്കുകയും വേണം. ശരിയായ നിയമ സംവിധാനങ്ങളും ധാർമിക മേൽനോട്ടവും നിർമിത ബുദ്ധിയുടെ മേൽ ഉണ്ടാകേണ്ടതുണ്ട്.
സാമ്പത്തിക വിഭവങ്ങളും ഡാറ്റയും സാങ്കേതിക വൈദഗ്ധ്യവും കൈവശമുള്ളവർക്ക് സമൂഹത്തിൽ എഐ കൂടുതൽ അധികാരം നൽകുന്നു. ഡാറ്റ ഏതാനും സ്വകാര്യ കമ്പനികളുടെ സ്വത്തായി മാത്രം കണക്കാക്കാതെ പൊതുസമ്പത്തായി കാണാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ട്. പൊതുനന്മയും സാമൂഹിക നീതിയും ഉൾപ്പെടെയുള്ള സാമൂഹിക പ്രബോധനങ്ങളുടെ തത്വങ്ങൾ നിർമിത ബുദ്ധിയെക്കുറിച്ചുള്ള ചർച്ചകളുടെ അടിസ്ഥാനമാകണമെന്നും പാപ്പാ ആഗ്രഹിക്കുന്നു.
(അവസാനിച്ചു)
(അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സഭയുടെ സിനഡൽ കമ്മീഷന്റെ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Tags : Comprehensive development man Pope Leo XIV