ഒരു മാധ്യമസ്ഥാപനം ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുന്നു. പിന്നാലെ ശൂന്യതയിൽനിന്ന് അവർക്കെതിരേ ഒരു കേസ് പ്രത്യക്ഷപ്പെടുന്നു. അതോടെ പോലീസ്, ഇന്റലിജൻസ്, സിബിഐ, നികുതിവകുപ്പ്, ഇഡി എന്നിവ ചോരയുടെ മണംപിടിച്ചെത്തുന്നു. പിന്നെയങ്ങോട്ട് അന്വേഷണ പരമ്പരകൾ, ദീർഘദീർഘമായ ചോദ്യം ചെയ്യലുകൾ, അവസാനിക്കാത്ത റെയ്ഡുകൾ...അതിനിടെ കേസുകളുടെ രൂപവും സ്വഭാവവും മാറുന്നു. ആ മാധ്യമസ്ഥാപനത്തിലെ ഉന്നതൻ മുതൽ എല്ലാ ജീവനക്കാരുടെയും ഉറക്കംകെടുത്തി നിയമനടപടികൾ വർഷങ്ങളോളം നീളുന്നു.
ജനാധിപത്യ ഇന്ത്യയിൽ ഇതെല്ലാം തുടർക്കാഴ്ചകളായി മാറുകയാണ്. ഈ പരമ്പരയിൽപ്പെട്ടതാണ് ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്കിനും അതിന്റെ സ്ഥാപക എഡിറ്റർ പ്രബീർ പുർസ്കായസ്തയ്ക്കുമെതിരെയും ചുമത്തിയ കേസുകൾ.
ഇപ്പോഴിതാ, ന്യൂസ് ക്ലിക്കിനെതിരേയുള്ള എഫ്ഐആറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്കെതിരേയുള്ള നിലപാടുകളുടെ നെറുകംതലയിൽത്തന്നെയാണ് കോടതിയുടെ പ്രഹരം. സാമാന്യനീതിക്കും ജനാധിപത്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും കൈത്താങ്ങാണ് ഈ സുപ്രധാന വിധി.
തീർത്തും ദുർബലമായ ആരോപണങ്ങൾ. അവ അടിസ്ഥാനമാക്കി കെട്ടിച്ചമയ്ക്കുന്ന ക്രിമിനൽ കേസുകൾ. അന്വേഷണപ്രഹസനം വർഷങ്ങളോളം നീട്ടിക്കൊണ്ടുപോയി മാധ്യമപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന സമ്മർദം. സാധാരണമായിക്കൊണ്ടിരിക്കുന്ന ഈ സമ്പ്രദായത്തിന്റെ കടയ്ക്കലാണ് കോടതി ആഞ്ഞുവെട്ടിയിരിക്കുന്നത്.
കേസിന്റെ തുടക്കം
2020ലാണ് ന്യൂസ് ക്ലിക്കിനെതിരേയുള്ള കേസിന്റെ തുടക്കം. അമേരിക്ക ആസ്ഥാനമായ വേൾഡ്വൈഡ് മീഡിയ ഹോൾഡിംഗ്സ് എൽഎൽസി എന്ന സ്ഥാപനത്തിൽനിന്ന് 2018ൽ ന്യൂസ് ക്ലിക്കിന് ലഭിച്ച വിദേശനിക്ഷേപമായിരുന്നു ആരോപണവിഷയം. ഓഹരികളുടെ മൂല്യം ഉയർത്തിക്കാണിച്ചു, നേരിട്ടുള്ള വിദേശ നിക്ഷേപ നിയമം (എഫ്ഡിഐ) ലംഘിച്ചു, പണം വകമാറ്റി ചെലവഴിച്ചു എന്നൊക്കെയായിരുന്നു കുറ്റങ്ങൾ.
വിധിയിൽ ഏറ്റവും പ്രധാനമായി കോടതി നിരീക്ഷിച്ചത് നിക്ഷേപം നടത്തുന്ന സമയത്ത് വിദേശ നിക്ഷേപ പരിധി നിലവിലില്ലായിരുന്നു എന്നതാണ്. ഇല്ലാത്ത പരിധി മറികടന്നാണ് ന്യൂസ് ക്ലിക്കിന്റെ ഇടപാടെന്ന ആരോപണത്തിന്റെ അസംബന്ധമാണ് കോടതി പൊളിച്ചത്. ആരോപണവിധേയമായ നിക്ഷേപം നടന്ന് കുറച്ചു കാലത്തിനുശേഷം 2019 സെപ്റ്റംബറിലാണ് ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിൽ 26 ശതമാനം വിദേശ നിക്ഷേപ പരിധി ഏർപ്പെടുത്തിയത്. കൂടാതെ ഇതു സംബന്ധിച്ച ചട്ടങ്ങളെക്കുറിച്ച് ന്യൂസ് ക്ലിക്ക് 2017ൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് വിശദീകരണം തേടിയ കാര്യവും വിധിന്യായത്തിലുണ്ട്. ഓൺലൈൻ പോർട്ടലുകൾ അച്ചടിമാധ്യമങ്ങൾക്കായുള്ള ചട്ടങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് മന്ത്രാലയം മറുപടി നല്കിയിരുന്നത്.
സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ
ഈ കേസ് നടപടികൾ മാധ്യമ സ്വാതന്ത്ര്യത്തിനു നേരേയുള്ള ഏകപക്ഷീയ ആക്രമണമാണെന്നാണ് ഉത്തരവിൽ ജസ്റ്റീസ് നീന ബൻസാൽ കൃഷ്ണയുടെ ബെഞ്ച് നിരീക്ഷിച്ചത്.
ഓഹരികളുടെ മൂല്യനിർണയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട രീതിയിലൂടെ ഫെമ ചട്ടങ്ങൾക്ക് അനുസൃതമായാണ് നടത്തിയതെന്നും ഇരുപക്ഷവും തമ്മിലുള്ള വാണിജ്യപരമായ ചർച്ചകളിലൂടെയാണ് വില നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിപണിയുടെ ദൈനംദിന വിലയിരുത്തലിന്റെയും കമ്പനിയുടെ വളർച്ചാ സാധ്യതകളുടെയും അടിസ്ഥാനത്തിൽ പരസ്പരം സമ്മതിച്ച വിലയാണിത്. ഇതൊരു സാമ്പത്തിക തീരുമാനമാണ്. ഇതിൽ യാതൊരുവിധ ക്രിമിനൽ കുറ്റവും അടങ്ങിയിട്ടില്ല. വിദേശ പണമിടപാട് ഓട്ടോമാറ്റിക് റൂട്ട് വഴിയാണ് നടന്നതെന്നും ഓഹരികൾ നൽകുന്നതിലോ ഫെമ ചട്ടങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യുന്നതിലോ യാതൊരുവിധ കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റിസർവ് ബാങ്ക് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും കോടതി വ്യക്തമാക്കി.
ഐപിസി 415, 420 വകുപ്പുകൾ പ്രകാരമുള്ള ചതിയെക്കുറിച്ച് പരിശോധിച്ച കോടതി, തങ്ങൾ വഞ്ചിക്കപ്പെട്ടെന്നോ തങ്ങളുടെ സ്വത്ത് കൈമാറാൻ പ്രേരിപ്പിക്കപ്പെട്ടെന്നോ ആരുംതന്നെ പരാതിപ്പെട്ടതായി എഫ്ഐആറിലോ അന്വേഷണ റിപ്പോർട്ടിലോ ഇല്ലെന്ന് വ്യക്തമാക്കി. സ്റ്റാറ്റസ് റിപ്പോർട്ടിൽ വ്യക്തമാക്കിയ അന്വേഷണങ്ങളിൽപോലും ഹർജിക്കാരനാൽ വഞ്ചിക്കപ്പെട്ടതോ ദ്രോഹിക്കപ്പെട്ടതോ ആയ ആരുംതന്നെയില്ല. ആരോപണങ്ങളെല്ലാം സമ്മതിച്ചാൽപോലും ചതിയെന്ന കുറ്റം ഇവിടെ സ്ഥാപിക്കപ്പെടുന്നില്ല.
വിശ്വാസവഞ്ചന സംബന്ധിച്ച ആരോപണങ്ങളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു, കാരണം ഇവിടെ സ്വത്ത് ഏൽപ്പിക്കലോ അത് ദുരുപയോഗം ചെയ്തതായുള്ള ആരോപണമോ ഇല്ല. ഐപിസി 406, 420 വകുപ്പുകൾ ഇല്ലെങ്കിലും ഐപിസി 120ബി പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കുമെന്നും അതുകൊണ്ട് ഇസിഐആറുമായി മുന്നോട്ടുപോകാമെന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
ഈ വാദം തള്ളിക്കളഞ്ഞുകൊണ്ട് കോടതി നിരീക്ഷിച്ചത്, നിയമവിരുദ്ധമായ ലക്ഷ്യമോ മാർഗങ്ങളോ ഉണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇല്ലാതെ, കക്ഷികൾ തമ്മിൽ കരാറിലേർപ്പെട്ടു എന്നതുകൊണ്ടുമാത്രം ക്രിമിനൽ ഗൂഢാലോചനയാകില്ല എന്നാണ്. ഒന്നര വർഷത്തോളം വിപുലമായ അന്വേഷണം നടത്തിയിട്ടും ഇഡിക്ക് കുറ്റകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
യുക്തിയില്ലായ്മ
ശമ്പളം, കൺസൾട്ടൻസി ഫീസ്, വാടക എന്നിവ നൽകി ന്യൂസ്ക്ലിക്ക് പണം വകമാറ്റിയെന്നായിരുന്നു മറ്റൊരു ആരോപണം. ഇതിന്റെ യുക്തിയില്ലായ്മ കോടതി ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായിരുന്നു. സ്വീകരിച്ച നിക്ഷേപം മാധ്യമ സ്ഥാപനം ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉപയോഗിച്ചതിനെയാണ് കുറ്റകൃത്യമായി ചിത്രീകരിച്ചത്. ഇത്തരം ചെലവുകൾ ഏതൊരു മാധ്യമ സ്ഥാപനത്തിന്റെയും പതിവു പ്രവർത്തന ചെലവുകൾ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടങ്ങളുണ്ടാകുന്നതും ശമ്പളം നല്കുന്നതും ക്രിമിനൽ കുറ്റത്തിനു തെളിവായി മാറുകയാണെങ്കിൽ, വലിയൊരു വിഭാഗം സ്ഥാപനങ്ങൾ തട്ടിപ്പ് കുറ്റത്തിന് പ്രതിക്കൂട്ടിലാകുമെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഏജൻസികളുടെയും പ്രോസിക്യൂഷന്റെയും ഉദ്ദേശ്യങ്ങളെയും കാര്യക്ഷമതയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ വിധി. ഏഴു മാസത്തോളം ജയിലിൽ കഴിഞ്ഞ പുർകായസ്ത യുഎപിഎ, എഫ്സിആർഎ, ആദായനികുതി നിയമങ്ങൾ പ്രകാരമുള്ള കേസുകൾ ഇപ്പോഴും നേരിടുന്നുണ്ട്. അതുകൊണ്ടുകൂടിയാണ്, ഒരു മാധ്യമസ്ഥാപനത്തിനെതിരേ നിയമനടപടികൾ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണിതെന്ന് പരക്കേ വിമർശനമുയരുന്നത്.
ഇല്ലാതാക്കൽ തന്നെ ലക്ഷ്യം
ഈ കേസിന്റെയും അന്വേഷണങ്ങളുടെയും ഉദ്ദേശ്യം വളരെ വ്യക്തമാണ്. അത് അന്തിമമായി കുറ്റം തെളിയിക്കുക എന്നതല്ല. നിരന്തരമായ ചോദ്യം ചെയ്യലും റെയ്ഡുകളും പ്രധാന ആളുകളെ ജയിലലടയ്ക്കലുമൊക്കെ വഴി ഒരു സ്ഥാപനത്തിന്റെ വീര്യം കെടുത്തുകയും അതിനെ കാലക്രമേണ ഇല്ലാതാക്കുകയാണ് മൂടിവച്ച അജണ്ട.
ഈ വിധിയുടെ പ്രാധാന്യം വിശാലമാണ്. രാഷ്ട്രീയ മേധാവിത്വങ്ങൾ ക്രിമിനൽ നിയമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നത് അടിസ്ഥാന ഭരണഘടനാ തത്വമാണ്. ആ തത്വമാണ് ഡൽഹി ഹൈക്കോടതി ഉറപ്പിച്ചിരിക്കുന്നത്. നിരന്തരമായ അന്വേഷണത്തിന്റെയും റെയ്ഡുകളുടെയും സമ്മർദത്തിന്റെയും പശ്ചാത്തലത്തിൽ പ്രവർത്തിക്കേണ്ടിവന്നാൽ പത്രസ്വാതന്ത്ര്യത്തിന് നിലനിൽപ്പുണ്ടാകില്ല. ജനാധിപത്യവും നോക്കുകുത്തിയാകും.
ഈ വിധി മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും നിയമത്തിനതീതരാക്കുന്നില്ല. ആരോപണങ്ങൾ നിയമത്തിന്റെ അടിസ്ഥാനപരമായ വസ്തുതകളെ തൃപ്തിപ്പെടുത്തണമെന്ന കാര്യത്തിനാണ് അത് അടിവരയിടുന്നത്. അതുപോലെ, വ്യക്തികളെയും സ്ഥാപനങ്ങളെയും നിയമത്തിന്റെ പേരിൽ പീഡിപ്പിക്കുന്ന അന്വേഷണ ഏജൻസികൾക്കെതിരേ എന്തു നടപടി സ്വീകരിക്കും എന്നതാണ് ഈ വിധിയെത്തുടർന്ന് വരുന്ന കാതലായ ചോദ്യം.
ജനാധിപത്യത്തിന്റെ സുരക്ഷാകവചം
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ഭരണഘടനാപരമായ പങ്ക് നിർവഹിക്കാനുണ്ട്. ഭരിക്കുന്നവർ നിരന്തരം നിരീക്ഷിക്കപ്പെടുന്നു. തെറ്റായ ചെയ്തികൾക്ക് അവരെ പൗരൻമാർക്ക് വിചാരണ ചെയ്യാൻ സാധിക്കുന്നു. ആരും കേൾക്കാതെ പോകുമായിരുന്ന സമൂഹത്തിലെ ദുർബലരുടെ ചോദ്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ വഴിയൊരുക്കുന്നു. അതിനിടെ രാഷ്ട്രീയ അധികാരികളുമായുണ്ടാകുന്ന സംഘർഷം ജനാധിപത്യത്തിന്റെ അത്യാവശ്യമായ സുരക്ഷാകവചങ്ങളിലൊന്നാണ്.
ഇനിയുമേറെയുണ്ട് ഭരണകൂടത്തിന്റെ പക നേരിടുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും. അവരുടെയൊക്കെ പോരാട്ടത്തിന് കരുത്തു പകരുന്നതാണ് ഡൽഹി ഹൈക്കോടതിയുടെ വിധി. ഭരണഘടനയാൽ നയിക്കപ്പെടുന്ന നമ്മുടെ രാജ്യത്തിലെ ജനാധിപത്യവും നീതിപൂർവമായ നിയമവാഴ്ചയും നിലനിൽക്കാൻ ഈ വിധി നിർണായകമാകുമെന്ന് പ്രത്യാശിക്കാം.
Tags : Verdict press freedom Media