വി.ഡി. സതീശൻ സർക്കാരിന്റെ ദീർഘവീക്ഷണമുള്ളതും മാതൃകാപരവുമായ തീരുമാനമാണ് സംസ്ഥാനത്തെ ആദ്യ വയോജന ക്ഷേമ വകുപ്പിന്റെ രൂപീകരണം. ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ഈ തീരുമാനമെടുത്തത് മുതിർന്ന പൗരന്മാരോട് ഈ സർക്കാരിനുള്ള പ്രത്യേക കരുതലാണ് കാണിക്കുന്നത്. പ്രധാനമന്ത്രിയടക്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനത്തോളവും 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരാണ്. വയോജനങ്ങളുടെ ആനുപാതികമായ എണ്ണത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് ഒന്നാം സ്ഥാനത്ത്. ഇത് ദേശീയ ശരാശരിയേക്കാളും (11 %), ലോക ശരാശരിയേക്കാളും (10.5 %) വളരെ കൂടുതലാണ്.
ദേശീയ ജനസംഖ്യാ കമ്മീഷന്റെ പുതിയ കണക്കുകൾപ്രകാരം കേരളത്തിലെ നിലവിലെ ജനസംഖ്യ 3.62 കോടിയാണ്. ഇതിൽ ഏകദേശം 70 ലക്ഷത്തോളം ആളുകൾ മുതിർന്ന പൗരന്മാരാണെന്ന വസ്തുത തികച്ചും ഗൗരവത്തോടെ കാണേണ്ടതുണ്ട്. വരുംകാല സർക്കാർ നയ രൂപീകരണത്തിൽ ഇവർക്കായി പ്രത്യേക ഊന്നൽ നൽകേണ്ടിവരുമെന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒരു പുതിയ ‘വയോജന ക്ഷേമ വകുപ്പ്’ രൂപീകരിച്ചതിന്റെ പ്രാധാന്യം ഏറുന്നത്.
ഇതേസമയം തന്നെ, ഇന്ത്യയിൽ 15-29 വയസ് പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കേരളത്തിലെ ഈ പ്രായക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 18.2 ശതമാനമാണ്. കേരളത്തിലെ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് എടുത്താൽ അത് ഇന്ത്യയിൽതന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. ഏകദേശം 42 ശതമാനം.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മയും വയോജനങ്ങളുടെ പ്രശ്നങ്ങളും ഒരേസമയം പരിഹരിക്കാൻ ‘തലമുറകളുടെ കൂട്ടായ്മ’ എന്ന തന്ത്രപരമായ സമീപനത്തിലൂടെ സാധിക്കും. വിദേശത്തുനിന്ന് മടങ്ങിയെത്തിയവരും വിവിധ മേഖലകളിൽനിന്ന് വിരമിച്ചവരുമായ വലിയൊരു വിഭാഗം വയോജനങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
ഇവരെ വെറുമൊരു ആശ്രിതസമൂഹമായോ തൊഴിലില്ലാത്ത യുവാക്കളെ ഒരു ബാധ്യതയായോ കാണാതെ വയോജനങ്ങളുടെ അനുഭവസമ്പത്തും യുവാക്കളുടെ പ്രായോഗിക കഴിവും സമന്വയിപ്പിച്ചാൽ ഇരുവിഭാഗത്തെയും ഉത്പാദനക്ഷമമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും.
ജപ്പാൻപോലുള്ള രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ ‘ടൈം ബാങ്ക്’ പദ്ധതിയും തലമുറകളുടെ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന ‘മെന്റർപ്രൊട്ടേഗെ’ (Mentor-Protégé) സ്റ്റാർട്ടപ്പുകളും കേരളത്തിന് പുതിയ ആശയങ്ങളാകും.
ടൈം ബാങ്ക് പദ്ധതി
ജപ്പാനിൽ വിജയകരമായി നടപ്പാക്കി വരുന്ന ടൈം ബാങ്ക് പദ്ധതി ലോകമെമ്പാടും അറിയപ്പെടുന്നത് ‘ഫുറൈ കിപ്പു’(Fureai Kippu) എന്ന പേരിലാണ്. ‘സ്നേഹബന്ധത്തിന്റെ ടിക്കറ്റുകൾ’ (Caring Relationship Tickets) എന്നാണ് ഈ വാക്കിന്റെ അർഥം. 1973ൽ തുടക്കമിട്ട ഈ പദ്ധതി, പണത്തിന് പകരം ‘സമയം’ ഒരു കറൻസിയായി ഉപയോഗിച്ച് പ്രായമായവരെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച മാതൃകയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്കു മുതിർന്ന വ്യക്തിയെ സഹായിക്കാൻ ചെലവഴിക്കുന്ന സമയം അയാൾക്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി സൂക്ഷിക്കാം. പിന്നീട് അയാൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ഈ സമയം ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായം സൗജന്യമായി തിരികെ വാങ്ങാം. ഇതാണ് ഇതിന്റെ ആശയം.
ഇതിനായി ഒരു ഡിജിറ്റൽ ടൈം ബാങ്ക് പോർട്ടൽ രൂപകൽപന ചെയ്യേണ്ടതുണ്ട്. വയോജന ക്ഷേമ വകുപ്പും ഐടി മിഷനും സംയുക്തമായി മൊബൈൽ ആപ്പും വെബ്സൈറ്റും നിർമിക്കണം. ഇതിൽ ഓരോ വ്യക്തിക്കും ഒരു ‘ടൈം അക്കൗണ്ട്’ ഉണ്ടായിരിക്കും. പണത്തിനു പകരം ‘മണിക്കൂറുകൾ’ ആണ് ഇതിലെ കറൻസി. വാർഡ് തലത്തിൽ സേവനം ആവശ്യമുള്ള വയോധികരുടെ രജിസ്ട്രേഷനാണ് അടുത്ത ഘട്ടം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ വാർഡ് മെമ്പർമാർ വഴിയോ തങ്ങൾക്ക് ആവശ്യമുള്ള സഹായങ്ങൾ (ഉദാഹരണത്തിന്: ആശുപത്രിയിൽ പോകാൻ കൂട്ട്, മരുന്ന് വാങ്ങൽ, ബാങ്ക് കാര്യങ്ങൾ, ഡിജിറ്റൽ സാക്ഷരത) ഇവർക്ക് ആപ്പിൽ രേഖപ്പെടുത്താം. അതോടൊപ്പംതന്നെ, സേവനം നൽകാൻ താത്പര്യമുള്ള അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളായ യുവാക്കൾ ഈ ആപ്പിൽ വോളന്റിയർമാരായി രജിസ്റ്റർ ചെയ്യണം. അവരുടെ ഒഴിവ് സമയവും താത്പര്യമുള്ള സേവന മേഖലകളും രേഖപ്പെടുത്താവുന്നതാണ്.
ഒരു യുവാവ് ഒരു മുതിർന്ന പൗരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ രണ്ടു മണിക്കൂർ ചെലവഴിച്ചാൽ, വയോധികന്റെ അക്കൗണ്ടിൽ ക്രെഡിറ്റുണ്ടെങ്കിൽ അതിൽ നിന്ന് രണ്ടു മണിക്കൂർ കുറയുകയും യുവാവിന്റെ അക്കൗണ്ടിൽ ‘രണ്ട് ടൈം ക്രെഡിറ്റുകൾ’ ലഭിക്കുകയും ചെയ്യുന്ന ലളിതമായ ഒരു രീതിയാണിത്. യുവാക്കൾ നേടുന്ന ഈ ക്രെഡിറ്റുകൾക്ക് സർക്കാർ കൃത്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണം; ഉദാഹരണത്തിന്, നിശ്ചിത ക്രെഡിറ്റുള്ളവർക്ക് പിഎസ്സി പരീക്ഷാ ഫീസിളവോ കെഎഎസ് പോലുള്ള മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനമോ നൽകാം. കൂടാതെ, ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള ബാങ്ക് വഴിയോ കെഎസ്ഐഡിസി വഴിയോ കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കാനുള്ള അധിക യോഗ്യതയായി ഇതിനെ പരിഗണിക്കാവുന്നതാണ്.
കോളജ് ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോൾ എൻഎസ്എസ് സർട്ടിഫിക്കറ്റിന് നൽകുന്നതുപോലെ ടൈം ബാങ്ക് വോളന്റിയർമാർക്കും പ്രത്യേക വെയിറ്റേജ് മാർക്കുകൾ നൽകുന്നത് ഈ പദ്ധതിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ സഹായിക്കും. ആധികാരികത ഉറപ്പാക്കാൻ വാർഡ് മെമ്പർമാർക്കോ ആശ വർക്കർമാർക്കോ മറ്റോ ഇതിന്റെ മോണിറ്ററിംഗ് നല്കാവുന്നതാണ്.
ഇപ്രകാരം പരസ്പര പൂരകങ്ങളായ ഈ രണ്ട് തലമുറകളെ കോർത്തിണക്കുന്നതിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനും സാധിക്കും.
വിവിധ മേഖലകളിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള മുതിർന്ന പൗരന്മാരും പുതിയ സാങ്കേതികവിദ്യയുള്ള യുവാക്കളും ഒന്നിച്ചുചേർന്ന് നടത്തുന്നതാണ് ‘മെന്റർപ്രൊട്ടേഗെ’ സ്റ്റാർട്ടപ്പുകൾ. ഉദാഹരണമായി വിദേശത്ത് 30 വർഷം വസ്ത്രവ്യാപാര രംഗത്ത് ജോലി ചെയ്ത് വിരമിച്ച മുതിർന്ന പൗരനും ഫാഷൻ ഡിസൈനിംഗ് കഴിഞ്ഞിറങ്ങിയ ഒരു യുവാവും ഒന്നിച്ച് ചേർന്ന് ഒരു ഓൺലൈൻ വസ്ത്ര ബ്രാൻഡ് സ്റ്റാർട്ടപ്പ് തുടങ്ങാവുന്നതാണ്.
ഇവിടെ മുതിർന്നയാൾ തുണികൾ കുറഞ്ഞ വിലയ്ക്ക് മൊത്തമായി വാങ്ങാനും ബിസിനസിന്റെ പണമിടപാടുകൾ കൈകാര്യം ചെയ്യാനും സഹായിക്കുമ്പോൾ, യുവാവ് ട്രെൻഡിംഗ് ആയ ഡിസൈനുകൾ തയാറാക്കാനും ഇൻസ്റ്റാഗ്രാം വഴിയും വെബ്സൈറ്റ് വഴിയും ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാനും മുന്നിട്ടിറങ്ങുന്നു.
പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ വയോജനങ്ങളുടെ കൈവശമുള്ള സമ്പാദ്യം ആദ്യകാല മൂലധനമായി ഉപയോഗിക്കുന്നതിലൂടെ യുവാക്കൾക്ക് വലിയ ബാങ്ക് ലോണുകൾ ഇല്ലാതെ ബിസിനസ് തുടങ്ങാനും മുതിർന്നവർക്ക് തങ്ങളുടെ വിശ്രമകാലം ഉത്പാദനക്ഷമമാക്കാനും ഈ കൂട്ടായ്മ സഹായിക്കും.
കേരളത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന്, കേരള സ്റ്റാർട്ടപ്പ് മിഷൻപോലുള്ള സർക്കാർ സംവിധാനങ്ങളെ നോഡൽ ഏജൻസിയാക്കിക്കൊണ്ട് രജിസ്ട്രേഷനും വിവരശേഖരണത്തിനുമായി ഒരു പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിക്കേണ്ടതുണ്ട്. ഈ പോർട്ടലിലൂടെ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അനുയോജ്യരായ മെന്റർപ്രൊട്ടീജ് ജോഡികളെ കണ്ടെത്താനും സർക്കാർ ഏജൻസികൾ മുൻകൈയെടുത്ത് നിയമപരവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്ന കരാറുകൾ തയാറാക്കാനും സാധിക്കും.
(തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജിൽ
ഇക്കണോമിക്സ് പ്രഫസറാണ് ലേഖകൻ)
Tags : partnership generational Kerala Elderly Welfare Department