ദീപികയുമായുള്ള എന്റെ ബന്ധത്തിനു ദശാബ്ദങ്ങൾ പഴക്കമുണ്ട്. അറുപതുകളിലും എഴുപതുകളിലുമൊക്കെ എന്റെ നാടകങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കോട്ടയത്തെത്തുന്ന കാലംമുതലുള്ളതാണ് ആ ബന്ധം.
ദീപിക പത്രാധിപസമിതിയിലുള്ള പ്രശസ്ത നോവലിസ്റ്റ് മുട്ടത്തു വർക്കി, വേളൂർ കൃഷ്ണൻകുട്ടി എന്നിവരൊക്കെ എന്നെപ്പോലുള്ള തുടക്കക്കാരുമായി സംസാരിക്കാൻ സമയം കണ്ടെത്തിയതു വലിയ പ്രോത്സാഹനമായിരുന്നു. നാടകകൃത്തെന്ന നിലയിലുള്ള വളർച്ചയ്ക്കും ദീപിക മികച്ച പിന്തുണ നൽകി. ഏറ്റവും ഒടുവിൽ, ഈ വർഷം റെബേക്ക എന്ന നോവലിന്റെ എന്റെ പരിഭാഷ പ്രസിദ്ധീകരിക്കാൻവരെ ദീപിക സന്മനസു കാട്ടി.
ഈ 94-ാംവയസിൽ, ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷത്തിന്റെ തൃശൂർ യൂണിറ്റ്തല ഉദ്ഘാടനം നിർവഹിക്കാനും എനിക്കു ഭാഗ്യമുണ്ടായി.
എന്റെ വീട്ടിൽ ദീപിക മാത്രമല്ല. വേറെയും പത്രങ്ങൾ വരുന്നുണ്ട്. എല്ലാം മറിച്ചുനോക്കും വായിക്കും. ദിവസങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാന്പും കരുത്തുമുള്ള സത്യവാർത്തകൾ ദീപികയിലാണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത് എന്നു ബോധ്യമാവും. തീവ്രപരിശ്രമവും സത്യസന്ധതയുമാണ് ദീപികയുടെ വളർച്ചയ്ക്കു നിദാനം. ഈ സത്യസഞ്ചാരം ദീപിക എന്നും തുടരട്ടെ. വിജയാശംസകൾ.
-ഷെവ. സി.എൽ. ജോസ് (പ്രശസ്ത നാടകകൃത്ത്)
Tags : Satyaduthika celebrates deepika@140