ന്യൂജേഴ്സി: ഫിഫ ലോകകപ്പ് പോരാട്ടത്തിൽ മൊറോക്കോയ്ക്കെതിരെ ആദ്യ പകുതിയിൽ സമനില പിടിച്ച് ബ്രസീൽ (1-1). ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് കാനറികളെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന മൊറോക്കോ 21-ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. അലിസൺ ബെക്കറെ മറികടന്ന് ഇസ്മായിൽ സൈബാരി ആണ് മൊറോയ്ക്കക്കായി വലകുലുക്കിയത്.
മൊറോക്കോയുടെ ആക്രമണത്തിന് മുന്നിൽ ബ്രസീൽ പ്രതിരോധം പതറുന്നതിനിടെയാണ് 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ മാസ്മരിക ഗോൾ. ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായ ഒരു ഫിനിഷിംഗിലൂടെ താരം മൊറോക്കോ ഗോൾകീപ്പർ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ മുകളിലെ കോണിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിൽക്കുകയാണ്. കാർലോ ആൻസലോട്ടിയുടെ കീഴിലിറങ്ങുന്ന ബ്രസീലിന് മധ്യനിരയിലെ പിഴവുകൾ രണ്ടാം പകുതിയിൽ തിരുത്തേണ്ടതുണ്ട്.
Tags : Footballer Brazil Latest News World Cup FIFA