Sports
റബാത്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള മൊറോക്കന്‍ ടീമിനെ പ്രതിരോധതാരം അച്റഫ് ഹക്കിമി നയിക്കും.
യൂസഫ് എന്‍ നെസിരി, ഹക്കിം സിയെച്ച് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. അതേസമയം, ഫ്രഞ്ച് ക്ലബ് ലില്ലയുടെ മിഡ്ഫീല്‍ഡറായ അയൂബ് ബൗഡിയെ 26 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 18കാരനായ ബൗഡി ഫ്രാന്‍സിലാണ് ജനിച്ചു വളര്‍ന്നത്. മൊറോക്കോയ്ക്കായി കളിക്കാനുള്ള ഫിഫ അനുമതി മേയിലാണ് ബൗഡിക്കു ലഭിച്ചത്.
ഹക്കീമിയുടെ മൂന്നാം ഫിഫ ലോകകപ്പാണ്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, ഹയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് മൊറോക്കോ.
Sports
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്.
ഫോബ്സ് മാഗസിന് പുറത്തിറക്കിയ, 2026ലെ ഏറ്റവും വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.
300 മില്യണ്‍ ഡോളറാണ് (2871 കോടി രൂപ) റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 235 മില്യണ്‍ കളത്തിലൂടെയും 65 മില്യണ്‍ കളത്തിനു പുറത്തുനിന്നുമാണ്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് റൊണാള്‍ഡോ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയുടെ തലപ്പത്തെത്തുന്നത്.
മെസി നമ്പര്‍ മൂന്ന്
അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി മൂന്നാം സ്ഥാനത്തുണ്ട്. 140 മില്യണ്‍ (1339 കോടി രൂപ) ആണ് മെസിയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 70 മില്യണ്‍ ഓള് ഫീല്‍ഡില്‍നിന്നും ബാക്കി 70 മില്യണ്‍ ഓഫ് ഫീല്ഡില്നിന്നുമാണ്.
മെക്സിക്കന്‍ ബോക്സിംഗ് താരം കനേലോ അല്‍വാരെസാണ് (1626 കോടി) പട്ടികയില്‍ രണ്ടാം സ്ഥാനം.
അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജയിംസ് (137.8 മില്യണ്‍ ഡോളര്‍), ജാപ്പനീസ് ബേസ്ബോള്‍ താരം ഷോഹെയ് ഒഹ്താനി (127.6 മില്യണ്‍ ഡോളര്‍) എന്നിരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ സൂപ്പര്‍ താരം നെയ്മറിനു മുന്നില്‍ രണ്ടു മാസം ശേഷിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കാര്‍ലൊ ആന്‍സിലോട്ടി.
ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സി അണിഞ്ഞത്.
ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് 2026 ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം.
Sports
ന്യൂയോര്‍ക്ക്: കൊളംബിയന്‍ സൂപ്പര്‍ ഫുട്ബോളര് ഹമേഷ് റോഡ്രിഗസിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്കള്‍ക്കു വിട. മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ മിനിസോട്ട യുണൈറ്റഡ് എഫ്സിയുടെ താരമായ റോഡ്രിഗസ്, ടീമിന്റെ ട്രെയ്നിംഗ് ഗ്രൗണ്ടില്‍ തിരിച്ചെത്തി.
2026 ഫിഫ ലോകകപ്പിനു മുന്നോടിയായി ഫ്രാന്‍സിന് എതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെയാണ് റോഡ്രിഗസ് അസുഖലക്ഷണങ്ങള്‍ കാണിച്ചത്. കഠിനമായ നിര്‍ജലീകരണത്തെത്തുടര്‍ന്ന് മൂന്നു ദിവസം റോഡ്രിഗസ് ആശുപത്രിയിലായിരുന്നു.
സ്പോര്‍ട്സുമായി ബന്ധമില്ലാത്ത ആരോഗ്യപ്രശ്നമാണ് റോഡ്രിഗസിനെന്ന് ഏപ്രില്‍ രണ്ടിന് കൊളംബിയ ഫുട്ബോള്‍ ഫെഡറേഷന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ താരത്തിനു ഗുരുതര ആരോഗ്യപ്രശ്നമുള്ളതായി കിംവദന്തി പരന്നു.
പേശികള്‍ ക്ഷയിക്കുന്ന റാബ്ഡോമയോളിസിസ് എന്ന ഗുരുതരരോഗമാണ് റോഡ്രിഗസിനെന്നുള്ള റിപ്പോര്‍ട്ടുകളും ഇതോടെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് താരം ഇന്നലെ മൈതാനത്ത് എത്തി. ഇതിനു പിന്നാലെ, റാബ്ഡോമയോളിസിസ് രോഗത്തിന്റെ ഒരു ലക്ഷണവും റോഡ്രിഗസിനില്ലെന്ന് മിനിസോട്ട യുണൈറ്റഡ് എഫ്സി പ്രസ്താവിച്ചു.
സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന് ഒപ്പം രണ്ടു തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ് റോഡ്രിഗസ്. ഫെബ്രുവരിയിലാണ് താരം മേജര്‍ ലീഗ് സോക്കറില്‍ എത്തിയത്.
ഫിഫ 2026 ലോകകപ്പിലേക്ക് ഇനി 64 ദിനങ്ങള്‍ മാത്രമുള്ളപ്പോള്‍ റോഡ്രിഗസ് കളത്തില്‍ തിരിച്ചെത്തിയത് കൊളംബിയയ്ക്ക് ആശ്വാസകരമാണ്. ജൂണ്‍ 18ന് ഉസ്ബക്കിസ്ഥാന് എതിരേയാണ് ലോകകപ്പില്‍ കൊളംബിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് കെയില്‍ കൊളംബിയയ്ക്കൊപ്പം പോര്‍ച്ചുഗല്‍, കോംഗോ ടീമുകളുമുണ്ട്.