വൊസീഞ്ഞ അമ്മയ്ക്കൊപ്പം
ടെക്സസ്: ഗോള്‍വലയ്ക്കു മുന്നില്‍ വൊസീഞ്ഞ എന്ന 40കാരനായ ഗോളി നടത്തുന്ന മിന്നും പ്രകടനമാണ് ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ കേപ് വെര്ദയ്ക്കു സഹായകമായത്. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലായി 10 സേവുകളാണ് വൊസീഞ്ഞ നടത്തിയത്.
സൗദി അറേബ്യക്ക് എതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചും ഈ 40കാരന് ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പെനാല്‍റ്റി ഏരിയയില്‍ 96 ഇടപെടലുകളാണ് വൊസീഞ്ഞ നടത്തിയതെന്നതും ശ്രദ്ധേയം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 40+ വയസുള്ള ഗോള്‍ കീപ്പര്‍മാര്‍ ഒന്നിലധികം ക്ലീന്‍ഷീറ്റ് നേടുന്നത് ഇതു മൂന്നാം തവണ. ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിന്, സൗദി അറേബ്യ ടീമുകള്‍ക്ക് എതിരേ വൊസീഞ്ഞ ഗോള്‍ വഴങ്ങിയില്ല. ഇറ്റാലിയന്‍ മുന്‍ ഗോളി ഡിനോ സോഫ്, ഇംഗ്ലീഷ് മുന്‍ താരം പീറ്റര്‍ ഷില്‍ട്ടണ്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഹൗസ് ക്ലീനിംഗ് ജോലിക്കാരിയാണ് വൊസീഞ്ഞയുടെ അമ്മ അന കാന്ഡിഡ എവോറ. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതിലൂടെ സോഷ്യല്‍മീഡിയയില്‍ വൊസീഞ്ഞ തരംഗമായി.
തന്റെ അമ്മയെ ലോകകപ്പിനു കൊണ്ടുവരാന്‍ മാത്രം സാമ്പത്തിക ഭദ്രതയില്ലാത്തതില് വൊസീഞ്ഞ കണ്ണീര്‍വാര്‍ത്തിരുന്നു. വൊസീഞ്ഞയുടെ കണ്ണീര് ഫലം കണ്ടു. വിവിധ ആളുകള്‍ സഹായവുമായി മുന്നോട്ടുവന്നു. അതോടെ കാന്ഡിഡ എവോറ ലോകകപ്പ് വേദിയിലെത്തി.
കേപ് വെര്‍ദെയുടെ, ഉറുഗ്വെയ്ക്ക് എതിരായ രണ്ടാം മത്സരം മുതല്‍ എവോറ ഗാലറിയില്‍ ഉണ്ട്. മകന്റെയും ടീമിന്റെയും ചരിത്ര നോക്കൗട്ട് പ്രവേശത്തിനും ക്ലീന്ഷീറ്റിനും ആ അമ്മ നേര്‍സാക്ഷിയായി.
2010നുശേഷം ലോകകപ്പിലെ അരങ്ങേറ്റക്കാര്‍ നോക്കൗട്ടില്‍ പ്രവേശിക്കുന്നത് ഇതാദ്യം. 2010ല്‍ സ്ലോവാക്യയായിരുന്നു നോക്കൗട്ടില്‍ കടന്നത്.
1998നുശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ ജയമില്ലാതെ നോക്കൗട്ട് കടക്കുന്ന ആദ്യടീമും കേപ് വെര്ദെതന്നെ. ലോകകപ്പ് ചരിത്രത്തില്‍ കേപ് വെര്‍ദെ അടക്കം ഏഴ് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജയമില്ലാതെ നോക്കൗട്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
ഈ ലോകകപ്പില്‍ കേപ് വെര്‍ദെ ഇതുവരെ നേരിട്ട മൂന്ന് എതിരാളികളില്‍ രണ്ടും മുന്‍ ചാമ്പ്യന്മാരായിരുന്നു (ഉറുഗ്വെ, സ്പെയിന്). ഇനി നോക്കൗട്ടില്‍ നേരിടാനിരിക്കുന്നത് നിലവിലെ ചാമ്പ്യന്മാരെയും (അര്‍ജന്റീന).
Tags : Mother Vosinha Footballer goal keeper