കത്തോലിക്ക കോൺഗ്രസ് പൊളിറ്റിക്കൽ അക്കാദമി മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: രാഷ്ട്രീയരംഗത്ത് മൂല്യബോധവും സാമൂഹ്യബോധവും വളർത്താൻ പഠന, പരിശീലന പദ്ധതികൾ അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ച പൊളിറ്റിക്കൽ അക്കാദമി എറണാകുളം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയരംഗത്ത് പുതുതലമുറയെ വാർത്തെടുക്കാനും അതുവഴി രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനും പൊളിറ്റിക്കൽ അക്കാദമിയിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിനു സാധിക്കണം.
എല്ലാവിഭാഗം ആളുകളെയും ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയസംസ്കാരം വളർത്തിയെടുക്കണം. ലോകത്തിന്റെ വളർച്ചയ്ക്കൊപ്പം മുന്നേറാൻ സാധിക്കുന്ന തലമുറയെ വാർത്തെടുക്കാൻ കത്തോലിക്ക കോൺഗ്രസിന്റെ ഈ നിർണായക സംരംഭത്തിനു സാധിക്കണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മുംബൈയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസിന്റെ പോസ്റ്റർ മാർ തട്ടിൽ പ്രകാശനം ചെയ്തു.
സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളുടെ നിഷേധവും വിവിധ അധിനിവേശങ്ങളും ചെറുക്കാൻ കത്തോലിക്ക കോൺഗ്രസ് പ്രാപ്തമാണെന്നതു ശ്ലാഘനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ജെ.ബി. കോശി കമ്മീഷൻ പഠനശിബിരവും കേന്ദ്ര പ്രതിനിധിസഭാ യോഗവും നടന്നു. എഫ്സിആർഎ നിയമഭേദഗതി പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ റിപ്പോർട്ടും ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ കണക്കും അവതരിപ്പിച്ചു.