പ്രതീകാത്മക ചിത്രം
തൃശൂർ: ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു. സംഘടനയുടെ സംസ്ഥാനസമ്മേളനത്തിന് ആദ്യമായാണു തൃശൂർ ആതിഥേയത്വം വഹിക്കുന്നത്. ബുധനാഴ്ച രാത്രി ഏഴോടെ നഗരത്തിൽ എത്തിച്ചേർന്ന പതാക-കൊടിമരജാഥകൾക്കു പുറമേ, ജില്ലയിലുടനീളമുള്ള ഡിവൈഎഫ്ഐ രക്തസാക്ഷി സ്മാരകങ്ങളിൽനിന്നും 25 അനുബന്ധ ദീപശിഖ- പതാക- കൊടിമരജാഥകളും ശക്തൻ നഗറിൽ സംഗമിച്ചു.
സംസ്ഥാന, ജില്ലാനേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ജാഥകളെ അത്ലറ്റുകളാണു നഗരത്തിലേക്ക് ആനയിച്ചത്. തുടർന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ റാലിയായി ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ രക്തസാക്ഷിമണ്ഡപത്തിലെത്തി.
പതാക സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണനും കൊടിമരം സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗീസും ദീപശിഖ സംസ്ഥാനകമ്മിറ്റിയംഗം ആർ. ബിന്ദുവും ഏറ്റുവാങ്ങി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പതാക ഉയർത്തി. പതാകമാർച്ച്, കൊടിമര മാർച്ച്, പന്തംകൊളുത്തി ജാഥ എന്നിവയ്ക്കു തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ഇന്നു രാവിലെ 10നു റീജണൽ തിയറ്ററിൽ നടക്കുന്ന പ്രതിനിധിസമ്മേളനം നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നാലു ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാനത്തെ അഞ്ഞൂറിലധികം പ്രതിനിധികളും ലക്ഷദ്വീപിൽ നിന്നടക്കം 20 സംഘടനാപ്രതിനിധികളും ഉൾപ്പെടെ 620 പ്രതിനിധികൾ പങ്കെടുക്കും. 22നു സമാപന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags : DYFI Conference Deepika DeepikaNewspaper BreakingNews NewsUpdate Headlines