റായ്പുർ: എഥനോൾ മിശ്രിത പെട്രോൾ (ഇ20 ) ഉപയോഗിച്ചതിനെത്തുടർന്ന് പുതിയ കാർ അടിക്കടി കേടായ സംഭവത്തിൽ മാരുതി സുസൂക്കിക്ക് തിരിച്ചടി. തരാറിലായ ‘ഗ്രാൻഡ് വിത്താര’ കാറിനു പകരം പുതിയ വാഹനം നൽകാനോ അല്ലെങ്കിൽ 20.5 ലക്ഷം രൂപ തിരികെ നൽകാനോ ഛത്തീസ്ഗഡിലെ റായ്പുർ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
റായ്പുരിലെ ഡോ. പ്രേംരാജ് ദേവത 2024 ജൂണിൽ വാങ്ങിയ കാർ ആറുമാസത്തിനകം ആറിലധികം തവണയാണ് എൻജിൻ തകരാറിലായി വഴിയിലായത്. ഇ20 ഇന്ധന നിയമങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് (2023 ജനുവരിയിൽ) നിർമിച്ച, ഇ20 അനുയോജ്യമല്ലാത്ത വാഹനമാണ് ഉപഭോക്താവിനു വിറ്റതെന്ന് കോടതി കണ്ടെത്തി.
വാഹനത്തിന്റെ പോരായ്മ മറച്ചുവച്ച് വിൽപന നടത്തിയതിന് മാരുതിക്കും ഡീലർക്കുമെതിരേയാണു വിധി. 45 ദിവസത്തിനകം തുക തിരികെ നൽകുന്നതിനൊപ്പം ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. എന്നാൽ, വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് മാരുതി വ്യക്തമാക്കി. ഇ20 ഇന്ധനം പഴയ വാഹനങ്ങളെ ബാധിക്കുന്നുവെന്ന പരാതികൾക്കിടെ വന്ന ഈ വിധി രാജ്യത്താകെ ശ്രദ്ധനേടുകയാണ്.
റായ്പുരിലെ വൃക്കരോഗ വിദഗ്ധനായ ഡോ. പ്രേംരാജ് ദേവത 2024 ജൂണിലാണ് മാരുതിയുടെ ഗ്രാൻഡ് വിത്താര സ്ട്രോംഗ് ഹൈബ്രിഡ് കാർ വാങ്ങിയത്. 2029 വരെയോ ഒരു ലക്ഷം കിലോമീറ്റർ വരെയോ കാലാവധിയുള്ള എക്സ്റ്റൻഡഡ് വാറന്റിയും അദ്ദേഹം എടുത്തിരുന്നു. എന്നാൽ, വാഹനം വാങ്ങി ആറുമാസത്തിനകം എൻജിൻ വാണിംഗ് ലൈറ്റ് തെളിയുകയും വാഹനം വഴിയിലാകുകയും ചെയ്തു.
ഇന്ധനത്തിൽ മായം കലർന്നതാണ് കുഴപ്പമെന്നു പറഞ്ഞ് സർവീസ് സെന്ററുകാർ ടാങ്ക് വൃത്തിയാക്കി നൽകിയെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ആറിലധികം തവണ വാഹനം ആവർത്തിച്ചു കേടായി. ഒടുവിൽ ഇന്ധനത്തിലെ തകരാർമൂലം എൻജിൻ ഭാഗങ്ങൾ മാറ്റണമെന്നും വാറന്റി നിലനിൽക്കെതന്നെ 5.3 ലക്ഷം രൂപ അറ്റകുറ്റപ്പണി ചെലവായി ഉപഭോക്താവ് നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു. തുടർന്നാണ് ഡോ. പ്രേംരാജ് ദേവത ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
Tags : E20 Consumer Court Fuel Dispute Maruti Suzuki Replace Damaged Car Refund Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash