ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ ശിപാർശകളും തുടർന്ന് നന്ദൻ നിലേകനി സമിതി പരിഷ്കരിച്ച നിർദേശങ്ങളും എൻടിഎയിൽ എങ്ങനെ നടപ്പാക്കുന്നു എന്നതു സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാനും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
എൻടിഎ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ശക്തമായി സ്ഥാപനവത്കരിക്കുകയും വേണം. ചോദ്യപേപ്പർ ചോർച്ചകൾ പൂർണമായി തടയുന്നതിനും പ്രവേശനപരീക്ഷകൾ സുഗമമായി നടത്തുന്നതിനും ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഫൈമ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
നിലവിലെ രീതി സുരക്ഷിതമെന്ന് സർക്കാർ
നിലവിലെ പരീക്ഷാ സമ്പ്രദായം സുരക്ഷിതമാണെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. രഹസ്യസ്വഭാവമുള്ള പ്രിന്റിംഗ് പ്രസുകൾ, ബാങ്ക് സ്ട്രോംഗ് റൂമുകൾ, ജിപിഎസ് ട്രാക്കിംഗ്, ഡിജിറ്റൽ കീ എന്നിവയുൾപ്പെടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ചോദ്യപേപ്പർ അച്ചടിയിലും വിതരണത്തിലും നിലവിൽ പിന്തുടരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാൽ, ഓരോ പരീക്ഷയും നടത്തുമ്പോൾ പുതിയ ക്രമീകരണങ്ങൾ നടപ്പാക്കുകയല്ല, സ്ഥാപനപരമായ ചട്ടക്കൂട് സ്ഥിരമായി നടപ്പാക്കുന്നതിലാണു കാര്യമെന്നും സ്ഥിരം സംവിധാനം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. യുപിഎസ്സി പോലെ വർഷങ്ങളുടെ പരിചയസമ്പത്തും വൈദഗ്ധ്യവുമുള്ള ഒരു സ്വതന്ത്ര സ്ഥാപനമായി എൻടിഎ മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു.
വ്യക്തികൾ മാറുമ്പോഴും പരീക്ഷാ നടത്തിപ്പിലെ പരിചയസമ്പത്തും സുരക്ഷാ മാനദണ്ഡങ്ങളും നഷ്ടപ്പെടാതിരിക്കാൻ സ്ഥാപനവത്കരണം അത്യന്താപേക്ഷിതമാണ്.
സൈബർ സുരക്ഷ, ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ, ഗവേഷണം, ഉദ്യോഗാർഥികളുടെ പരാതിപരിഹാരം തുടങ്ങിയവയ് ക്കായി ഉന്നതതല സമിതി നിർദേശിച്ചപ്രകാരം അവശ്യ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നും കോടതി ചോദിച്ചു. ഇതിനാവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ചോദ്യപേപ്പറുകളും പരീക്ഷാവിവരങ്ങളും സൂക്ഷിക്കാൻ എൻടിഎയ്ക്ക് സ്വന്തമായി ഡാറ്റാബേസും സോഫ്റ്റ്വേർ സംവിധാനവും ആലോചനയിലാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചു.
രാധാകൃഷ്ണൻ സമിതിയുടെ ശിപാർശകൾ കേന്ദ്രസർക്കാർ തത്വത്തിൽ പൂർണമായി അംഗീകരിച്ചിട്ടുണ്ടെന്നും നിർദേശങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതി അറിയിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Tags : SupremeCourt NTA Imporve Center Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash