കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
നെടുമ്പാശേരി: ഓണത്തോടുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി(സിയാല്‍) കടല്‍ കടക്കുന്നത് പൂവ് മുതല്‍ സദ്യവട്ടത്തിനുള്ള സാധനങ്ങള്‍ വരെ.
ഓണവിപണിയിലെ ആവശ്യകത വര്‍ധിച്ചതോടെ സിയാല്‍ വഴിയുള്ള ചരക്കുകയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. 23 വരെ ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകള്‍ വഴി 1,678 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,173 മെട്രിക് ടണ്‍ ഭക്ഷ്യ-കാര്‍ഷിക ഉത്പന്നങ്ങളാണ് (പച്ചക്കറി, പഴം, പൂക്കള്‍).
ഓണവിപണിയുമായി ബന്ധപ്പെട്ട് പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും മറ്റ് ചരക്കുകള്‍ക്കുമുള്ള ആവശ്യകത വര്‍ധിച്ചതാണ് ചരക്കുനീക്കത്തിലെ വര്‍ധനയ്ക്കു പ്രധാന കാരണം. വാഴപ്പഴം, ചെറിയ ഉള്ളി, പയര്‍, തുവര, മുരിങ്ങക്കായ്, വിവിധയിനം പഴങ്ങള്‍, പപ്പായ, പടവലങ്ങ, പച്ചമാങ്ങ, വാഴയില തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഓണം അടുക്കുന്നതോടെ ചരക്കുനീക്കത്തിന്റെ അളവ് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ 250 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. ഇന്ന് 260 മെട്രിക് ടണ്ണും 21, 22 തീയതികളില്‍ 300 മെട്രിക് ടണ്‍ വീതവും ചരക്ക് കൈകാര്യം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 23ന് 200 മെട്രിക് ടണ്‍ ചരക്കുനീക്കവും പ്രതീക്ഷിക്കുന്നു.
യാത്രക്കാരെ വഹിക്കുന്ന ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകള്‍ക്കുപുറമെ, നിശ്ചിത ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത ചരക്കുവിമാന സര്‍വീസുകള്‍ വഴിയും സിയാലില്‍ ചരക്കുനീക്കം നടക്കുന്നുണ്ട്.
നാഷണല്‍ എയര്‍ലൈന്‍സായ ഇന്ഡിഗോയാണു പ്രധാനമായും ചരക്കുവിമാന സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയില്‍നിന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രധാനമായും പോകുന്നത്. ഓണക്കാലത്ത് അധിക ചരക്കുനീക്ക ശേഷി ഉറപ്പാക്കാനും ഇതു സഹായിക്കുന്നുണ്ട്.
Tags : Cial SeaCrossing Flower Dinner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash OnamMarket