തുക്കാറാം മുണ്ഡെ
മുംബൈ: കർശനമായ ഭരണശൈലിയിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ തുക്കാറാം മുണ്ഡെയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. പ്രശസ്തമായ 'ന്യൂയോർക്ക് ടൈംസ്' പത്രത്തിന്റെ മുൻപേജിലാണ് അദ്ദേഹത്തിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനകളെക്കുറിച്ചുള്ള വിശേഷങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഒരു 'റോക്ക്സ്റ്റാർ' എന്നാണ് മാധ്യമം വിശേഷിപ്പിച്ചത്.
"ഭക്ഷണശാലകളിൽ മുണ്ഡെയുടെ ശ്രദ്ധ പതിയാത്തതായി ഒന്നുമില്ല" എന്ന് ചൂണ്ടിക്കാണിച്ച ന്യൂയോർക്ക് ടൈംസ്, "ഉപഭോക്താക്കൾ അദ്ദേഹത്തെ ആരാധിക്കുന്നു, ഉടമകൾ ഭയപ്പെടുന്നു"എന്നും ലേഖനത്തിൽ എടുത്തുപറഞ്ഞു. ബിബിസി, റോയിട്ടേഴ്സ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും നേരത്തെ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയെ പ്രശംസിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.
ന്യൂയോർക്ക് ടൈംസ് ലേഖനം തന്റെ എക്സ് പ്രൊഫൈലിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രതികരണവും ശ്രദ്ധേയമായി. "നല്ല ഭരണം വാർത്തകളിൽ നിറഞ്ഞുനിൽക്കാനല്ല, മാറ്റങ്ങൾ സൃഷ്ടിക്കാനുള്ളതാണ്. ഭക്ഷ്യസുരക്ഷ എന്നത് ജനങ്ങളെ സംരക്ഷിക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുമുള്ളതാണ്. നിയമനടപടികൾ നീതിപൂർവവും ഭയരഹിതവുമാകുമ്പോൾ സ്ഥാപനങ്ങൾക്ക് വിശ്വാസ്യത കൈവരുന്നു."
ചെറിയ കർഷക കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് 2004-ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ 20-ാം റാങ്ക് നേടിയാണ് തുക്കാറാം മുണ്ഡെ ഐഎഎസ് നേടിയത്. 2005 ബാച്ച് മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം, തന്റെ രണ്ടര പതിറ്റാണ്ടിനിടയിലെ സർവീസിൽ 24-ലധികം തവണ സ്ഥലംമാറ്റങ്ങൾക്ക് വിധേയനായിട്ടുണ്ട്.
മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള മിന്നൽ പരിശോധനകളാണ് അദ്ദേഹം നടത്തിവരുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മുംബൈയിലെയും മറ്റ് നഗരങ്ങളിലെയും പ്രമുഖ ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അദ്ദേഹം കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
Tags : Tukaram Mundhe IAS MaharashtraFDACommissioner NewYorkTimes Front-Page Feature Strict Food Safety Crackdown Good Governance Quote