ഇരിട്ടി: പാസ്പോർട്ടും വീസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് നിർമിച്ച് സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഇരിട്ടിയിൽ അറസ്റ്റിൽ. ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലി ചെയ്തിരുന്ന സുമ വാനുവലാണ് (22) പിടിയിലായത്.
പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് ഹാജരാക്കിയെങ്കിലും പരിശോധനയിൽ ഇതു വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഒരു വർഷത്തോളമായി യുവതി സ്പായിൽ ജോലി ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്.
ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമ ബംഗാളിലെത്തിയ യുവതി അവിടെനിന്നാണു വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ചോദ്യംചെയ്യലിൽ താൻ ബംഗ്ലാദേശ് സ്വദേശിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ശേഷം അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്ന വിദേശികളെ താമസിപ്പിക്കുന്ന ക്യാന്പിലേക്കു മാറ്റും. തുടർന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
Tags : Bangladeshi woman arrest Spa passport visa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash