പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്താൻ ആലോചന. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതുവരെ അദ്ദേഹത്തെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്താനാണു നേതൃത്വത്തിന്റെ നീക്കം. ഈ മാസം അവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും സുരേഷ് ബാബുവിനെതിരായ പരാതിയിൽ തുടർനടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക കമ്മിഷനെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണത്തിന്റെ രീതിയും തുടർസംഘടനാ നടപടികളും സംബന്ധിച്ച് തീരുമാനമുണ്ടാകും.
അതിനിടെ, സുരേഷ് ബാബുവിനെ പാർട്ടി നേതൃത്വം മാറ്റിനിർത്തിയതാണെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് രംഗത്തെത്തി. പരാതികൾ ലഭിച്ചാൽ അവ സംഘടനാപരമായും നിയമപരമായും കൈകാര്യം ചെയ്യാനുള്ള ശേഷി സിപിഎമ്മിനുണ്ട്. പാർട്ടിക്ക് പരാതി ലഭിച്ചാൽ അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം, സുരേഷ് ബാബുവിനെതിരേ പരാതിനൽകിയ വനിതാ അഭിഭാഷക നിലവിൽ പൊലിസിൽ പരാതി നൽകാൻ നീക്കം നടത്തുന്നില്ലെന്നാണു സൂചന. പാർട്ടിതലത്തിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ മാത്രമേ നിയമനടപടിയിലേക്ക് കടക്കൂ എന്ന നിലപാടിലാണ് പരാതിക്കാരിയെന്നാണു വിവരം.
Tags : Suresh Babu CPM party events Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash