ആലപ്പുഴ: അപകടത്തിൽപ്പെട്ടയാളുടെ സ്വർണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കറിനെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടിയായിരുന്നു ഇയാളുടെ മോഷണം.
ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതിയായ അഷ്കർ ഓട്ടോറിക്ഷയിൽ കയറിപ്പറ്റിയത്.
ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് പ്രതി വേഗത്തിൽ അവിടെനിന്നു കടന്നുകളയുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ആശുപത്രി പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. തുടർന്ന് കുറവൻതോട് ജംഗ്ഷനിൽ വെച്ച് സാഹസികമായാണ് പൊലിസ് സംഘം പ്രതിയെ കീഴടക്കിയത്.
Tags : Gold chain stolen accident victim accused arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash