പ്രതീകാത്മക ചിത്രം
മുംബൈ: പെട്രോളിൽ ചേർക്കാനുള്ള എഥനോൾ നിർമാണത്തിനായി കരിന്പ് വൻതോതിൽ ഉപയോഗിക്കുന്നതിനെത്തുടർന്ന് രാജ്യത്തു പഞ്ചസാരയ്ക്ക് രൂക്ഷമായ ക്ഷാമവും വിലക്കയറ്റവും. ഉത്സവസീസണുകൾ അടുത്തിരിക്കെ റീട്ടെയിൽ വിപണിയിൽ പഞ്ചസാര വില സർവകാല റിക്കാർഡിലെത്തി.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക ലക്ഷ്യമിട്ട് പെട്രോളിൽ 20% എഥനോൾ ചേർക്കുന്ന ഇ20 പദ്ധതിക്കായി കരിമ്പുനീരും മൊളാസസും വൻതോതിൽ ഉപയോഗിക്കുന്നു. എഥനോൾ നിർമാണത്തിന് ആവശ്യമായ മൊത്തം അസംസ്കൃത വസ്തുക്കളുടെ 30-35 ശതമാനത്തോളം കരിമ്പിൽനിന്നാണു കണ്ടെത്തുന്നത്.
മഹാരാഷ്ട്രയിലെ കോലാപ്പുർ വിപണിയിൽ പഞ്ചസാര മൊത്തവ്യാപാര വില ക്വിന്റലിന് 5,350 രൂപ വരെയായി ഉയർന്നപ്പോൾ റീട്ടെയിൽ വിപണിയിൽ വിവിധ സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 58 മുതൽ 65 രൂപ വരെയാണ് ഈടാക്കുന്നത്.
പഞ്ചാബിൽ റീട്ടെയിൽ പഞ്ചസാരവില കിലോയ്ക്ക് 65 രൂപയായി. മുംബൈ, ഭോപ്പാൽ തുടങ്ങിയ മറ്റു പ്രധാന വിപണികളിൽ കിലോയ്ക്ക് 58 മുതൽ 63 രൂപ വരെയായാണു വില ഉയർന്നത്.
ഇറക്കുമതിക്കു നീക്കം
ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉത്പാദകരും കയറ്റുമതിക്കാരുമായ ഇന്ത്യ, ആഭ്യന്തരക്ഷാമം പരിഹരിക്കാൻ നിലവിലുള്ള 100 ശതമാനം ഇറക്കുമതി തീരുവ നീക്കി വിദേശത്തുനിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നുണ്ട്.
വിപണിയിലെ കൃത്രിമ ക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിനായി മൊത്തവ്യാപാരികൾക്കു കൈവശം വയ്ക്കാവുന്ന പഞ്ചസാരയുടെ അളവിനു പരിധി നിശ്ചയിക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്തു കരിമ്പുകൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും രോഗബാധ മൂലം ഉത്പാദനത്തിൽ വന്ന ഇടിവും എഥനോളിലേക്കുള്ള കരിമ്പിന്റെ അമിത ഉപയോഗവുമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇന്ധനസുരക്ഷയ്ക്ക് പ്രാധാന്യം നൽകുമ്പോൾ അതു രാജ്യത്തെ ഭക്ഷ്യവിലക്കയറ്റത്തിന് കാരണമാകരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്താകെ 534 പഞ്ചസാര നിർമാണ ഫാക്ടറികളുണ്ടെന്നാണു കണക്ക്. സഹകരണമേഖലയിലുള്ള കന്പനികൾ ഇതിനുപുറമെയാണ്. 50 വൻകിട കന്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
പഞ്ചസാര കമ്പനികളുടെ ഓഹരികൾക്കു നേട്ടം
പഞ്ചസാരയ്ക്കു വിപണിയിൽ അനുഭവപ്പെടുന്ന ക്ഷാമവും തുടർച്ചയായ വിലക്കയറ്റവും പ്രത്യാശ നൽകിയതോടെ രാജ്യത്തെ പ്രധാന പഞ്ചസാര കമ്പനികളുടെ ഓഹരിമൂല്യത്തിൽ വൻ മുന്നേറ്റം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രമുഖ പഞ്ചസാര കമ്പനികളുടെ ഓഹരികൾ 14 ശതമാനം വരെ ഉയർന്നു.
കരിമ്പിൽനിന്നു വൻതോതിൽ എഥനോൾ ഉത്പാദിപ്പിക്കുന്നതും പഞ്ചസാരലഭ്യത കുറഞ്ഞതും കമ്പനികളുടെ ഭാവിവരുമാനത്തിൽ പ്രതിഫലിക്കുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്.
ബജാജ് ഹിന്ദുസ്ഥാൻ, ദ്വാരികേഷ് ഷുഗർ, ശ്രീ രേണുക ഷുഗേഴ്സ് എന്നിവയുടെ ഓഹരികൾ 10 മുതൽ 14 ശതമാനം വരെ ഉയർന്നു. ധാംപുർ ഷുഗർ, ദാൽമിയ ഭാരത് ഷുഗർ, ബൽറാംപുർ ചിനി മിൽസ് തുടങ്ങിയവ രണ്ടു മുതൽ ഏഴു ശതമാനം വരെ ലാഭമുണ്ടാക്കി.
Tags : Sugarcane Converted Ethanol Production Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash