പ്രഫ. ഡോ. എസ്. ബിജോയ് നന്ദന്.
കളമശേരി: ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ കേരളീയനെന്ന ചരിത്രനേട്ടം സ്വന്തമാക്കി കുസാറ്റ് മറൈന്‍ സയന്‍സസ് ഫാക്കല്‍റ്റി ഡീന്‍ പ്രഫ. ഡോ. എസ്. ബിജോയ് നന്ദന്.
കഴിഞ്ഞ നാലു മുതല്‍ 13 വരെ നടന്ന ഏഴാമത് റോസാറ്റോം ഇന്റര്‍നാഷണല്‍ ആര്‍ട്ടിക് എക്സ്പെഡിഷന്–ഐസ്ബ്രേക്കര്‍ ഓഫ് നോളജ് അന്താരാഷ്ട്ര പര്യവേക്ഷണത്തിന്റെ ഭാഗമായാണു പ്രഫ. ബിജോയ് നന്ദന് ഉത്തരധ്രുവത്തിലെത്തിയത്.
ഈ പര്യവേക്ഷണത്തിലേക്ക് വിഷയവിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ബിജോയ് നന്ദനാണ്. റഷ്യയിലെ മുര്മാന്സ്കില്നിന്ന് ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ബ്രേക്കറില്‍ സഞ്ചരിച്ചാണു സംഘം ഉത്തരധ്രുവത്തിലെത്തിയത്.
അന്താരാഷ്ട്ര വിദഗ്ധനെന്നനിലയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍, ആര്‍ട്ടിക് ഗവേഷകര്‍, ശാസ്ത്ര ആശയവിനിമയ വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങിയവരോടൊപ്പം പ്രഫ. ബിജോയ് നന്ദന് പര്യവേക്ഷണത്തിന്റെ ശാസ്ത്രവിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്തു.
സമുദ്രധ്രുവ ശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിസുസ്ഥിരത, സമുദ്ര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുമായും മറ്റു പങ്കാളികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
Tags : DrBijoyNandan Foot NorthPole Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash