ആരോഗ്യ മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി.
ആരോപണം ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടും ലഭിച്ചു.
എന്നാൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നു വ്യത്യസ്തമായി ക്രമക്കേടു നടന്നതിന്റെ കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനു മന്ത്രി കത്തു നൽകിയത്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവകരമായ ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് കൈമാറിയത്.
2026 മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂലൈ ഏഴിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചത്.
ലഭിച്ച റിപ്പോർട്ടിനു വിരുദ്ധമായി സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് കെഎംഎസ്സിഎൽ നടത്തിയ പർച്ചേസിന് പിന്നിൽ വ്യാപക ക്രമക്കേടുകളും ഗൂഢാലോചനയും നടന്നുവെന്ന പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി പൊതുപണം ധൂർത്തടിച്ചവരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags : BleachingPowder Scam Vigilance Notice Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash