ഡമാസ്കസ്: ഓസ്ട്രിയൻ കോടതി വിധിച്ച തടവുശിക്ഷയിൽനിന്നു രക്ഷപ്പെടാൻ സിറിയയിൽ തിരിച്ചെത്തിയ അസാദ് ഭരണകൂടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ദാര പ്രവിശ്യയിലെ നവാ നഗരത്തിൽനിന്നാണു ലഫ്. കേണൽ മുസാബ് അബു റുഖായെ സിറിയൻ പോലീസ് പിടികൂടിയത്.
സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ ഭരണകാലത്ത് റാഖാ നഗരത്തിലെ പോലീസ് വിഭാഗത്തിന്റെ മേധാവിയായിരുന്നു ഇയാൾ. 2014ലാണ് ഓസ്ട്രേലിയയിലേക്കു കടന്നത്. ഉദ്യോഗത്തിലിരിക്കേ അസാദിനെ എതിർത്തിന് അറസ്റ്റിലായവരെ തടവറയിൽ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഓസ്ട്രിയൻ കോടതി ഇയാൾക്ക് എട്ടു വർഷത്തെ തടവുശിക്ഷ വിധിച്ചു. തടവുകാരെ ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചിരുന്നു എന്നാണു കോടതി കണ്ടെത്തിയത്.
വിധിക്കെതിരേ അപ്പീൽ നല്കിയശേഷം മുസാബ് അബു റുഖാ സിറിയയിലെ സ്വദേശമായ നവാ നഗരത്തിൽ തിരിച്ചെത്തുകയായിരുന്നു. ഇയാൾക്ക് കുടുംബാംഗങ്ങൾ വലിയ സ്വീകരണം നല്കുകയുണ്ടായി. സിറിയയിലെ അഹമ്മദ്അൽ ഷാര ഭരണകൂടം ഓസ്ട്രിയയുടെ അഭ്യർഥന പ്രകാരമാണോ അറസ്റ്റ് നടത്തിയതെന്നതിൽ വ്യക്തതയില്ല. ഇയാൾ നിയമവിരുദ്ധമായിട്ടാണ് സിറിയയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്.
Tags : Austrian Court Convicts Former Syrian Officials Assad-Era Torture Atrocities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash