Kerala
ചെങ്ങന്നൂർ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവര്ക്കെതിരായ നടപടി സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ജാമ്യം ലഭിച്ച ശേഷം ചെങ്ങന്നൂരിലെ വസതിയിലെത്തി തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സർക്കാരിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞതിലുള്ള വിരോധം തീർക്കാനാണ് തന്ത്രിയെ ലക്ഷ്യമിട്ടതെന്ന് എംപി ആരോപിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് പിണറായി സർക്കാർ തുടരുന്നത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ തന്ത്രിക്കെതിരായ ആരോപണങ്ങളുടെ ദുർബലത വ്യക്തമാക്കുന്നതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന തന്റെ ആദ്യകാല സംശയം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിശ്വാസ സമൂഹത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭിന്നാഭിപ്രായമുള്ളവരെ അടിച്ചമർത്തുന്ന രീതി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഗൂഢാലോചന മൂലമാണ് താൻ അറസ്റ്റിലായതെന്ന് കൂടിക്കാഴ്ചയിൽ തന്ത്രി തന്നോട് പറഞ്ഞതായും നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചതായും എംപി അറിയിച്ചു. വിശ്വാസപരവും സാമൂഹികവുമായ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന സർക്കാർ ശൈലി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ സമ്മർദം മൂലം നിരപരാധികൾ പോലും നിയമപോരാട്ടം നടത്തേണ്ടി വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. തന്ത്രിയുടെ നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
Kerala
തിരുവനന്തപുരം: മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിനായി പുതിയ വികസന പദ്ധതികളോ സംസ്ഥാനത്തിന് സാന്പത്തിക സഹായമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മുൻനിര നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നായിരുന്നു ബിജെപിയുടെ പഖ്യാപനം. എന്നാൽ ബജറ്റിൽ തിരുവനന്തപുരത്തിന് ഒരു ഗുണവുമില്ല. ഏഴ് അതിവേഗ റെയിൽ കോറിഡോർ പ്രഖ്യാപിച്ചിട്ട് കേരളത്തെ ഉൾപ്പെടുത്തിയില്ല.
കേരളത്തിൽ പുതിയ അതിവേഗ ട്രെയിൻ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി. പിണറായി സർക്കാരും ബിജെപിയും തമ്മിൽ മത്സരിച്ച് അതിവേഗ റെയിൽ പ്രഖ്യാപിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു. ശബരിപാതയ്ക്കും പരിഗണന കിട്ടിയില്ല.
യുപിഎ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച എയിംസ് ഇനിയും കേരളത്തിലെത്തിയില്ല. സംസ്ഥാന സർക്കാർ സ്ഥലം വരെ മാറ്റിയിട്ടിരിക്കുന്നു. ഓരോ ബജറ്റിലും എയിംസിനായി കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം പദ്ധതിക്കും കൂടുതൽ സഹായമില്ല.
കേരളത്തിന്റെ അപൂർവവും അമൂല്യവുമായ ധാതുക്കളായ തോറിയം, യുറേനിയം തുടങ്ങിയ കവർന്നെടുക്കാൻ പലരും കാത്തിരിക്കുന്നുണ്ട്. തീരദേശത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ബജറ്റിനെ തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയതു തന്നെ ബജറ്റിന്റെ അസ്വീകാര്യത സൂചിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.