സുപ്രീം കോടതി
കണ്ണൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ പുതിയ നിർദേശത്തിൽ പാതയോരങ്ങളിലെ താമസക്കാരും സ്ഥലമുടമകളും കടുത്ത ആശങ്കയിൽ.
നിലവിലെ 45 മീറ്റർ റോഡിനു പുറമേ ഇരുവശത്തുമായി സർവീസ് റോഡും ഇതിനോടു ചേർന്ന സ്ഥലങ്ങളും 35 മീറ്റർ ഒഴിച്ചിടണം എന്നതാണു സുപ്രീം കോടതി നിർദേശം. ഉത്തരേന്ത്യയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചതിനെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്.
ഉത്തരേന്ത്യയിൽ ദേശീയപാത നിർമിച്ചുപോന്നതു സമാന്തരമായുള്ള സർവീസ് റോഡിൽനിന്ന് എവിടെനിന്നും റോഡിലേക്കു പ്രവേശിക്കാനും ഇറങ്ങാനും കഴിയുന്ന തരത്തിലായിരുന്നു. ഈ രീതി പരിഷ്കരിച്ച് അടച്ചുകെട്ടിയുള്ള നിർമാണരീതിയാണു കേരളത്തിലടക്കം പിന്നീട് നടപ്പാക്കിയത്.
ഇതു പ്രകാരം സർവീസ് റോഡിലെ നിശ്ചിത കേന്ദ്രങ്ങളിൽനിന്നു മാത്രമേ ദേശീയപാതയിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയൂ. അതു കൊണ്ടുതന്നെ ഉത്തരേന്ത്യയിൽ സംഭവിച്ചതു പോലുള്ള അപകടസാധ്യത ഇല്ലെന്നാണു റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽത്തന്നെ നിർദേശത്തിൽനിന്നു കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലും സ്ഥലം കുറവുമുള്ള സംസ്ഥാനം എന്ന നിലയിലും കേരളത്തിനു പ്രത്യേക ഇളവ് അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്. നിർദേശം ഭേദഗതി ചെയ്തില്ലെങ്കിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഒന്പത് ജില്ലകളിലുള്ള 2500 ഹെക്ടറോളം ഭൂ ഉടമകളെയും ലക്ഷക്കണക്കിനു വീട്ടുകാരെയും വ്യാപാരികളെയും ബാധിക്കും.
Tags : NationalHighways SupremeCourt' Kerala AdverselyAffect Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash