പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിന് സമീപമുള്ള ടാറ്റ ഇലക്ട്രോണിക്സ് പ്ലാൻ്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് പ്ലാന്റിലെ മലിനജല സംഭരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ധർമപുരി ജില്ലയിൽനിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. നെൽകോ എന്ന കരാർ കമ്പനിക്കു കീഴിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
സാരഥി കുമാർ (25), അക്മൽ ബാബു ഭായ് (28), കാവേരി (31) എന്നീ തൊഴിലാളികളാണ് മരിച്ചത്. ടാങ്ക് പരിശോധിക്കുന്നതിനായി ആദ്യം അക്മലാണ് മുകളിലേക്ക് കയറിയത്. തുടർന്ന് ടാങ്കിൻ്റെ മൂടി തുറന്നപ്പോൾ ഉള്ളിൽനിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഇയാൾ ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട സാരഥി കുമാർ അക്മലിനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ വിഷവാതകം ശ്വസിച്ചതോടെ സാരഥിയും ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കാവേരി ഫാക്ടറിയിലെ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു. പിന്നാലെ ടാങ്കിനുള്ളിൽ വീണ രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിച്ച കാവേരിയും വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു.
ഫാക്ടറിയിലെ സുരക്ഷാ വിഭാഗം പിന്നീട് മൂന്നുപേരെയും ടാങ്കിൽനിന്ന് പുറത്തെടുത്തു. ഫാക്ടറി വളപ്പിലുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം ഉടൻ ഫാക്ടറിയുടെ ആംബുലൻസിൽ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു.
സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Tragedy Poisonous gas Tamil Nadu workers die Tata Electronics plant