International
ലാഹോർ: പാക്കിസ്ഥാനിൽ ഗ്യാസ് പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ഒരു വ്യവസായ എസ്റ്റേറ്റിലാണ് ഗ്യാസ് പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചത്.
ഹരിപുർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്താണ് സംഭവം. പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപത്തുള്ള വീടിന് തീപിടിച്ചത് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി. നിരവധി ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
നാല് സ്ത്രീകളേയും ആറ് കുട്ടികളേയും രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. എമർജൻസി വിഭാഗം രക്ഷാ പ്രവർത്തനവും തീനിയന്ത്രണത്തിലാക്കുവാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ഹരിപുർ ഡെപ്യൂട്ടി കമ്മീഷണർ വസീം അഹമ്മദ് പറഞ്ഞു.
Kerala
തൃശൂര്: കൊച്ചിന് സേലം പാചകവാതക പൈപ്പ് ലൈനിലെ ചോര്ച്ച പരിഹരിച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പില് ഒടിഞ്ഞിരുന്ന ഡ്രില്ലിന്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെല്ഡ് ചെയ്താണ് ചോര്ച്ചയടച്ചത്.
ഇതിനായി ഒമ്പതു മീറ്റര് താഴ്ച്ചയില് മണ്ണെടുത്ത ഭാഗം നികത്തി പൂര്വസ്ഥിതിയില് ആക്കുന്ന ജോലികള് പൂര്ത്തിയായി വരുന്നു. ചോര്ച്ച കണ്ടെത്തിയ പൈപ്പില്നിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോര്ച്ചയടയ്ക്കാന് പ്രധാന തടസമായിരുന്നത്.
മണലിപ്പുഴയോട് ചേര്ന്ന പ്രദേശമായതിനാല് ആറുമീറ്റര് താഴ്ത്തിയപ്പോഴേക്കും വലിയ അളവില് വെള്ളം കുഴിയില് നിറയുകയായിരുന്നു. തുടര്ന്ന് വെള്ളം പമ്പ് ചെയ്തു കളയാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്.
രക്ഷാപ്രവര്ത്തനത്തിനിടെ വീണ്ടും പാചകവാതക ചോര്ച്ചയുണ്ടായതും ചോര്ച്ച പരിഹരിക്കുന്നതിന് തടസമായി. മടവാക്കരയില് കഴിഞ്ഞ മാര്ച്ച് 18നായിരുന്നു കൊച്ചി സേലം എല്പിജി പൈപ്പ് ലൈനില് ചോര്ച്ചയുണ്ടായത്.
National
ന്യൂഡൽഹി: ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിൽ ഇടിവ്. മാർച്ചിൽ ഏകദേശം 16 ശതമാനത്തിന്റെ പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവുമാണ് രേഖപ്പെടുത്തിയത്. നിലവിൽ 21 മാസത്തിനിടെ ഏറ്റവും കുറഞ്ഞ അളവായ 2.38 മില്യൺ ടണ്ണിലാണ് എല്പിജി ഉപഭോഗം രേഖപ്പെടുത്തിയത്.
അതേസമയം മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം 2025നേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യൺ ടണ്ണിലെത്തി. 2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഉയർച്ചയാണിത്. രാജ്യത്ത് ആവശ്യമുള്ള എൽപിജിയുടെ 60 ശതമാനത്തിൽ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എൽപിജി ഇറക്കുമതി ഫെബ്രുവരിയിൽ രണ്ട് മില്യൺ ടണ്ണിൽനിന്ന് മാർച്ചായപ്പോഴേക്കും 1.1 മില്യണായി കുറഞ്ഞു.
എന്നാൽ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസൽ ഉപഭോഗം 8.73 ടണ്ണായി ഉയർന്നപ്പോൾ പെട്രോൾ ഉപഭോഗം 3.78 ടൺ റിക്കാർഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില് ഔട്ട്ലെറ്റുകളിൽ തിരക്കേറിയിരുന്നു.
Kerala
നെടുമങ്ങാട്: തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അപകടസമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. അപകടത്തിൽ ഷാജഹാൻ , മകൻ നിഹാസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാജഹാന് 25 ശതമാനം പൊള്ളലേറ്റു. സ്ഫോടനത്തിന്റെ ശക്തിയിൽ തെറിച്ച് വീണ നിഹാസിന്റെ നെറ്റിയിലും തലയ്ക്കും ആണ് പരിക്ക്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിച്ചു. വീടിന്റെ ചുമരുകൾക്കും വിള്ളൽ സംഭവിച്ചു.
കഴിഞ്ഞ ദിവസം ആണ് ഗ്യാസ് ഏജൻസിയിൽ നിന്നും നിറച്ച ഗ്യാസ് സിലിണ്ടർ വാങ്ങിയത്.
International
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിനു നേരേയുണ്ടായ ഇറാന്റെ ആക്രമണം ആഗോള വാതക വിപണിയെ തകിടംമറിക്കുമെന്ന് ആശങ്ക.
ഇറാന്റെ ആക്രമണത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ശേഖരത്തിന്റെ 17 ശതമാനവും നശിപ്പിക്കപ്പെട്ടെന്നും അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന മൂന്നുമുതൽ അഞ്ചുവർഷം വരെ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്കയേറുന്നത്.
ആക്രമണം മൂലം രാജ്യത്തിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ഖത്തർ എനർജി സിഇഒയും ഊർജകാര്യ മന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു. റംസാൻ മാസത്തിൽ സഹോദര മുസ്ലിം രാജ്യം ഈ രീതിയിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും കേന്ദ്രങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. പിന്നാലെ ഉത്പാദനം നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽനിന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി ഈ മേഖലയെ പത്തു മുതൽ 20 വർഷം വരെ പിന്നോട്ടടിച്ചതായി ഖത്തർ ഊർജകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, എൽപിജി ഉപയോഗിക്കുന്ന ഇന്ത്യയിലെ റസ്റ്ററന്റുകളും വീടുകളും മുതൽ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണകൊറിയൻ ചിപ്പ് നിർമാതാക്കൾ വരെ ഖത്തറിലെ നാശനഷ്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഖത്തറിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തിയത്.
വർക്ക് ഫ്രം ഹോം നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) രംഗത്തെത്തി. ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (വർക്ക് ഫ്രം ഹോം) പരമാവധി പ്രോത്സാഹിപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. വിമാനയാത്രകൾ പരമാവധി ഒഴിവാക്കി ട്രെയിനുകളോ മറ്റു ഗതാഗതമാർഗങ്ങളോ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. അന്താരാഷ്ട്രതലത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യങ്ങൾക്കായുള്ള വിമാനയാത്രകൾ കുറയ്ക്കുന്നതുവഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിക്കും.
ഹൈവേകളിൽ വാഹനങ്ങളുടെ വേഗം പത്തു കിലോമീറ്ററെങ്കിലും കുറയ്ക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും ഐഇഎ ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാനും കാർ പൂളിംഗ് പോലുള്ള രീതികൾ അവലംബിക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വലിയ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനും നിർദേശമുണ്ട്. പാചക ആവശ്യങ്ങൾക്കായി എൽപിജിക്കു പകരം വൈദ്യുതി ഉപയോഗിച്ചുള്ള മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ധനക്ഷമതയുള്ള ഡ്രൈവിംഗ് രീതികൾ ശീലിക്കുന്നതു വഴി സാധാരണക്കാർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ സാധിക്കും.
ഇന്ധനശേഖരം വർധിപ്പിക്കുന്നതിനായി ഐഇഎ അംഗരാജ്യങ്ങൾ ഇതിനോടകംതന്നെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരമാണ് ഈ മാസം വിപണിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും ഉപഭോഗം കുറയ്ക്കാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ വ്യക്തമാക്കി.
വരും മാസങ്ങളിൽ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യം ഒഴിവാക്കാൻ ഊർജ ഉപഭോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണിക്കായി വെൽഡിംഗിനെത്തിയ ജോലിക്കാർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് പരിക്കേറ്റത്. ശുചിമുറി ബ്ലോക്കിന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൊട്ടിത്തെറിയെത്തുർന്ന് സമീപത്തുണ്ടായിരുന്ന കരാർ ജോലിക്കാർ ചൂട് തിരിച്ചറിഞ്ഞതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്.
അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നു തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.
കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി.
National
മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. സമീപവാസിയായ 59 കാരനാണ് മരിച്ചത്.
18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ചൊവ്വാഴ്ച ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.
10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കയിൽ നാലു വർഷങ്ങൾക്കുശേഷം ഗ്യാസ് വില മൂന്ന് ഡോളറിന് താഴെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ഗ്യാസ് വില മൂന്ന് ഡോളർ ഓളം എത്താൻ കാരണമെന്ന് എഎഎയുടെ പുതിയ വില വിശകലനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞു. ഈ കുറവിന്റെ കാരണം ക്രൂഡ് ഓയിൽ വിലയുടെ കുത്തനായി താഴ്ന്ന നില, ഗ്യാസ് ഡിമാൻഡിന്റെ കുറവ്, കൂടാതെ വില കുറഞ്ഞ ശീതളകാല ഗ്യാസ് ഉപയോഗമാണെന്ന് എഎഎ അറിയിച്ചു. 2021 മേയ് മാസത്തിലാണ് മൂന്ന് ഡോളറിന് നാഷണൽ ശരാശരി എത്തിയത്.
വില കുറയുന്നത് മാർക്കറ്റിന്റെ അടിസ്ഥാന ഘടകങ്ങൾക്കും, ഒപെക് + കാർട്ടലിന്റെ ഉൽപാദന പരിധി വർധിപ്പിക്കലിനും, ഹോമ്ലാൻഡ് നിർമ്മാണത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക ഉത്പാദന വളർച്ചയുടെയും ഫലമായാണെന്ന് പറയുന്നു.