പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകൾ ഇനി ഇ - കൊമേഴ്സ് ആപ്പ് വഴി വീടുകളിലേക്ക്. സ്വിഗിയുടെ ഇൻസ്റ്റാമാർട്ട് വഴിയാണ് സിലിണ്ടറുകൾ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സ്വിഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ - കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്.
എച്ച്പിസിഎൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോ ഭാരമുള്ള ‘എച്ച്പി നവ്യ' എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക. എച്ച്പി നവ്യയ്ക്ക് പുറമെ അഞ്ച് കിലോയുടെ എൽപിജി സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും.
നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ട് ആപ്പ് വഴി സിലിണ്ടർ ഓർഡർ ചെയ്യാം. ആദ്യമായി വാങ്ങുന്നവർക്ക് ഇത് പുതിയ സിലിണ്ടർ പർച്ചേസ് ആയിട്ടായിരിക്കും ലഭിക്കുക. പിന്നീട് റീഫിൽ ഓർഡറുകൾക്കായി ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകിയാൽ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് വിതരണം നടത്തുന്നത്. ആദ്യത്തെ ഓർഡറിന് തിരിച്ചറിയൽ രേഖാ പരിശോധന നിർബന്ധമാണ്.
Tags : LPGCylinders e-commerce Gas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash