National
ചെന്നൈ: തമിഴ്നാട്ടിലെ ആവിഡിക്ക് സമീപം അമിതവേഗത്തിൽ വന്ന കാറിടിച്ച് അഞ്ച് വയസുകാരി മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുരുവള്ളൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരായ ശാന്തകുമാറിന്റെയും രമ്യയുടെയും മകൾ ധന്യ സാറയാണ് മരിച്ചത്. കാർ ഡ്രൈവർ വിക്രമനെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്.
തിരുനിൻവൂരിൽ നിന്നും തിരുവള്ളൂരിലേക്ക് ബൈക്കിൽ വരികയായിരുന്നു രമ്യയും മകളും സഹപ്രവർത്തകനായ ഗുണശേഖരനും. ഇവർ സഞ്ചരിച്ച വാഹനം ആയത്തൂരിൽ എത്തിയപ്പോൾ ധന്യക്ക് സുഖമില്ലാതായി. ഇതേ തുടർന്ന് ഗുണശേഖരൻ ബൈക്ക് നിർത്തുകയും ഛർദ്ദിക്കാൻ തുടങ്ങിയ ധന്യയുമായി രമ്യ അല്പം മുന്നോട്ട് മാറി നിൽക്കുകയായിരുന്നു. തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി രമ്യ വാഹനത്തിനടുത്തേക്ക് മടങ്ങിവന്ന സമയത്താണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഗുണശേഖരനെയും കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചത്.
ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുണശേഖരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ശക്തമായ കാറ്റലും കനത്ത മഴയിലും ബംഗളൂരുവിൽ സ്വകാര്യ ക്ലബ്ബിന്റെ മതിൽ തകർന്നു വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഗംഗോണ്ടനഹള്ളി സ്വദേശി ശിവബൊരയ്യയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഹംപിനഗറിലെ വിജയനഗർ ക്ലബ്ബിന് സമീപം റോഡരികിൽ ഓട്ടോ പാർക്ക് ചെയ്ത് ഇരിക്കുകയായിരുന്നു ഇദ്ദേഹം. കനത്ത മഴക്കിടെ ക്ലബ്ബിന്റെ ഏഴ് അടി ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മതിൽ പതിച്ചത്. ഇതോടെ ശിവബൊരയ്യ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങി. തകർന്ന വാഹനത്തിനും അവശിഷ്ടങ്ങൾക്കും ഇടയിൽപ്പെട്ട് ഇദ്ദേഹം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ മാറ്റിയെങ്കിലും ശിവബൊരയ്യ നേരത്തെ തന്നെ മരണടഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മതിൽ തകരാൻ ഇടയാക്കിയ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഡാളസിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. വാതകം ചോർച്ചയുണ്ടെന്ന വിവരം അറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുന്നതിനിടയിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഞ്ചിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു നിർമാണ തൊഴിലാളി സംഘം സമീപത്തെ പൈപ്പ് ലൈനിന് കേടുപാടുകൾ വരുത്തിയതാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്തെ വാതക വിതരണം പൂർണമായും വിച്ഛേദിച്ചിട്ടുണ്ട്.
തീ നിയന്ത്രണവിധേയമാക്കിയെങ്കിലും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സമീപത്തെ സ്കൂളിൽ കുടുംബാഗങ്ങളെ കണ്ടെത്താനുള്ള സഹായ കേന്ദ്രം അധികൃതർ തുറന്നിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടർന്ന് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികൾ പാലത്തിനടിയിൽ ഉറങ്ങുകയായിരുന്നു. അതിനാൽ ഇവർക്ക് പെട്ടെന്ന് ഓടി രക്ഷപെടാൻ സാധിച്ചില്ല.
ദുരന്തം പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചും നിർമാണ സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പോരായ്മകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികായണ്.
National
ലക്നോ: ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. മിലക് ഛാവിയിലെ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴായിരുന്നു നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞത്. പരം സിംഗ് (70), മഹിപാൽ (40), ആര്യവീർ (അഞ്ച്) എന്നിവരാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ ട്രക്ക് ആദ്യം സമീപത്തെ മരത്തിലിടിക്കുകയും തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ആളുകൾ കൂടിയിരുന്ന പന്തലിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചുകൊന്ന യുവതി പിടിയിൽ. മജ്ഹോല സ്വദേശിയായ പവൻ താക്കൂർ (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ പവന്റെ ഭാര്യ ആഞ്ചൽ, ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത്, ആഞ്ചലിന്റെ സഹോദരി ശിഖ, ശിഖയുടെ കാമുകൻ അജയ് എന്നിവരാണ് പിടിയിലായത്.
ആഞ്ചലും അങ്കിതും തമ്മിലുള്ള ബന്ധം പവൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പവനെ കൊലപ്പെടുത്താൻ ആഞ്ചലും അങ്കിതും കൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശിഖയും അജയും കൂടി വീട്ടിൽ വന്ന ശേഷം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പവനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു. അവശനിലയിലായ പവനെ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു.
പിന്നീടാണ് ആത്മഹത്യാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാൽ പവന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭുവനേശ്വർ: ഒഡിഷയിലെ കലഹണ്ടി ജില്ലയിൽ നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. നിർമാണ തൊഴിലാളി നിമായ് പാൽ, മകൻ ആകാശ് പാൽ, മേസ്തിരിമാരായ അദൽ മാഝി, മനോരഞ്ജൻ ഹാതി, ഛന്ദ ജൽ, നിർമാണ തൊഴിലാളി ബിപുൽ ജൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട പങ്കജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിനിടെ ഒരാൾ അബദ്ധത്തിൽ ടാങ്കിനുള്ളിൽ വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന ആറ് പേരും കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാഝി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, അന്ത്യകർമങ്ങൾക്കായി ജില്ലാ ഭരണകൂടം 30,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: മദ്യപിച്ചെത്തി വീട്ടുകാരുമായി നിരന്തരം വഴക്കിട്ടിരുന്ന യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തെലുങ്കാനയിലെ യാക്കൂത്പുരയിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ ഹബീബ് പാഷ (26) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ഫറൂഖ് പാഷ (24), സുഹൃത്ത് അർഷദ് (26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹബീബ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഹബീബ് വീട്ടിൽ വഴക്കുണ്ടാക്കിയതോടെ കോപാകുലനായ മുഹമ്മദും അർഷദും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും സഹോദരി ഷബാന ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്. 2015 ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024 ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്.
അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു. അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്. എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്.
ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി. ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
International
കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി മടങ്ങവേ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അരുണ്‍ കുമാര്‍ തിവാരി, സന്ദീപ് ആരെ എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്.
കൊടുമുടി കീഴടക്കി തിരികെ ഇറങ്ങുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. തളര്‍ന്നുവീണ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നേപ്പാളിലെ എക്സ്പെഡിഷന് ഓപറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഋഷി ഭണ്ഡാരി പങ്കുവച്ച വിവരമനുസരിച്ച്, സന്ദീപ് ആരെ ബുധനാഴ്ചയും അരുണ്‍ കുമാര്‍ തിവാരി വ്യാഴാഴ്ച വൈകിട്ടുമാണ് എവറസ്റ്റിന്റെ മുകളിലെത്തിയത്.
എന്നാല്‍ മടങ്ങും വഴിയില്‍ ആരോഗ്യപ്രശ്നങ്ങളും അതിശക്തമായ കാലാവസ്ഥയും തിരിച്ചടിയാവുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ പ്രത്യേക ഷെര്‍പ ഗൈഡുകള്‍ പരിശ്രമിച്ചെങ്കിലും വിഫലമായെന്ന് ഭണ്ഡാരി പ്രതികരിച്ചു. സന്ദീപ് ആരെ വ്യാഴാഴ്ച മരണപ്പെട്ടതായും, തിവാരിയുടെ മരണസമയം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എവറസ്റ്റില്‍ തിരക്ക് വര്‍ധിച്ചതും അപകടസാധ്യത ഉയര്‍ത്തിയതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡെത്ത് സോണ്‍ എന്നറിയപ്പെടുന്ന ഏറ്റവും ഉയരമുള്ള മേഖലയിലെ ഓക്സിജന്‍ കുറവും കടുത്ത തണുപ്പുമാണ് പ്രധാന വെല്ലുവിളി.
ബുധനാഴ്ച, 8,848.86 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കിയ 274 പര്‍വതാരോഹകരില്‍ സന്ദീപ് ആരെ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഒരേ ദിവസം ഏറ്റവും കൂടുതല്‍ പേര് എവറസ്റ്റ് കീഴടക്കുകയെന്ന പുതിയ റെക്കോര്‍ഡായിരുന്നു ഇത്.
National
ലക്നോ: ഉത്തർപ്രദേശിലെ സലാംപൂർ ബുദ്ധവിഹാറിന് സമീപം അമിതവേഗത്തിലെത്തിയ ട്രക്ക് ട്രാക്ടറിന് പിന്നിലിടിച്ച് മൂന്ന് പേർ മരിച്ചു. അലിഗഡ് സ്വദേശികളായ വിഷ്ണു (25), ഋതിക് (16), അസെഹ് സ്വദേശി രാഥമോഹൻ കതേരിയ (18) എന്നിവരാണ് മരിച്ചത്. ഋതികിന്റെ പിതാവ് അർജുനാണ് പരിക്കേറ്റത്.
അർജുൻ, ഋതിക്, വിഷ്ണു എന്നിവർ ട്രാക്ടറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സലാംപൂർ ബുദ്ധവിഹാറിന് സമീപം ട്രാക്ടർ എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ തലകീഴായി മറിഞ്ഞു. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രികനായ രാഥമോഹനെയും ട്രക്ക് ഇടിക്കുകയായിരുന്നു.
രാഥമോഹൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും ഋതികിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അർജുൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ലോനി സ്വദേശി അങ്കിത് കുമാർ, മീററ്റ് സ്വദേശി ആദേശ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മീററ്റ് സ്വദേശികളായ കുൽദീപ്, അദേശ് പാൽ, ഹിമാൻഷു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗാസിയാബാദിൽ നിന്നും മീററ്റിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ പലതവണ മറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിൽ നിന്നു വീണ് യുവാവ് മരിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ആദിൽ അഹമ്മദ് ഖാൻ (37) ആണ് മരിച്ചത്.
മാറ്റുകളും കാർപ്പെറ്റുകളും ഉണാക്കാനിടുതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഇതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിന്റെ കൃത്യമായ വിവരം അറിയിന്നതിനായി കെട്ടിടത്തിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഖാറിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണ് 14 വയസുകാരി മരിച്ചു. സാന്താക്രൂസ് സ്വദേശിനി ആരില ശ്രീവാസ്തവയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ആരില, സഹോദരി മനസ്വി, സുഹൃത്ത് ഹർഷിത കുമാർ എന്നിവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മരം വീണത്. മനസ്വിയും ഓട്ടോ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ആരിലയ്ക്കും ഹർഷിതയ്ക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച ആരില മരണത്തിന് കീഴടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ആരിലയുടെ മരണത്തെ തുടർന്ന് സംഭവസ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കന്പനിക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരം വേരോടെ പിഴുതുവീണാണ് അപകടമുണ്ടായത്. പുറമേക്ക് കേടുപാടുകൾ ഒന്നും കാണാനില്ലായിരുന്നെങ്കിലും മരത്തിന്റെ ഉള്ളിൽ ചിതൽ അരിച്ചതിനെ തുടർന്ന് ദ്രവിച്ച അവസ്ഥയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. തുംഗഭദ്ര ഡാമിന് സമീപമായിരുന്നു അപകടം. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
റോഡിലെ ഉയരമുള്ള ഭാഗത്തുനിന്ന് ട്രാക്ടർ താഴേക്ക് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.
International
മാലെ: മാലദ്വീപിലെ വാവു അറ്റോളിൽ സമുദ്രാന്തര ഗുഹകളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.
ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടിൽനിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം ആഴത്തിലുള്ള സമുദ്രാന്തര ഗുഹയിലേക്കാണ് ഇവർ പ്രവേശിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബോട്ടിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മാലദ്വീപ് കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിലാണ് സമുദ്രത്തിനടിയിലെ ഗുഹയ്ക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജനോവ സർവകലാശാലയിലെ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മോണിക്ക മോണ്ടെഫാൽക്കോൺ (51), മകൻ ജോർജിയ സോമാക്കൽ (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനഡെറ്റി, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. ഗുഹയ്ക്കുള്ളിലെ മണൽ ഇളകിയതുമൂലം കാഴ്ചപരിധി കുറഞ്ഞതാകാം മരണകാരണമെന്നാണ് പ്രാഥമികമായി അധികൃതർ കരുതുന്നത്.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. ചുക്കബല്ലാപ്പൂർ സ്വദേശി ഡി. ശ്രീധർ (34) ആണ് മരിച്ചത്.
ഹൊസ്കോട്ടിൽ നിന്നു ബംഗളൂരുവിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു ശ്രീധർ. നീലേരി ഫ്ലൈഓവറിൽ വാഹനം നിർത്തിയ ശേഷം റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. ഇടിച്ച് വീഴ്ത്തിയ വാഹനം നിർത്താതെ പോയി.
റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ശ്രീധറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. നല്ലേരി സ്വദേശി ശേഖർ (28) ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ശേഖർ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
ശേഖർ ഇരുചക്രവാഹനത്തിൽ ദേശിയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വരി കടന്ന് അടുത്ത വരിയിലേക്ക് കടക്കാൻ നിൽക്കുന്നതിനിടെയാണ് അമിതവേഗത്തിൽ വന്ന കാർ ശേഖറിനെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തീപ്പൊരി ചിതറി. വാഹനം വലിച്ചുകൊണ്ട് കാർ ഏതാനും മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശേഖർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജണ്ണ സിരിസില്ലയിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലേക്ക് അമിതവേഗത്തിൽ വന്ന കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ലക്ഷ്മി (35) എന്ന യുവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രിക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.
റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പോലീസ് സ്ഥലത്തെത്തി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ ട്രക്ക് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ ട്രക്ക് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. ഓട്ടോ ഡ്രൈവർ രാജു ശർമ്മ (52), ആറ് വയസുള്ള ഒരു പെൺകുട്ടി എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുകേഷ്, ഭാര്യ പിങ്കി, ഒന്‍പത് വയസുള്ള ആൺകുട്ടി, ചോട്ടു പണ്ഡിറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ അലിപൂരിലെ ഒരു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിലിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലിസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
National
ബംഗളൂരു: ബംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
ഭുവനേശ്വർ: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബിശ്വജിത് ബെഹ്റ (70), ഭാര്യ സുലഭ ബെഹ്റ (65), കൊച്ചുമകൾ തേജേശ്വരി ബെഹ്റ (10) എന്നിവരാണ് മരിച്ചത്. ബഡഗഡ കനാൽ റോഡിലുള്ള ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിശ്വജിതും കുടുംബവും ഒന്നാം നിലയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസം. ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കുടുംബം ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് അഗ്നിശമനസേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ മകളിലെ നിലകളിലേയ്ക്ക് പടരുന്നത് ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
പാരീസ്: ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുകയായിരുന്ന അഭയാർഥികളുമായി പോയ ബോട്ട് വടക്കൻ ഫ്രാൻസിലെ ബീച്ചിൽ ഇടിച്ചുകയറി രണ്ട് യുവതികൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ബോട്ടിൽ 82 പേരാണുണ്ടായിരുന്നത്. ബൊലോൺ-സർ-മെർ തുറമുഖത്തിന് ഏതാനും കിലോമീറ്റർ തെക്ക് ഹാർഡെലോട്ട് ബീച്ചിൽനിന്നാണ് ബോട്ട് പുറപ്പെട്ടത്.
എൻജിൻ തകരാറിലായതിനെത്തുടർന്ന് ബോട്ട് നിയന്ത്രണംവിട്ട് ഒഴുകിപ്പോകുകയായിരുന്നു. ഫ്രഞ്ച് തീരസംരക്ഷണ സേന ബോട്ടിലെ 17 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ബാക്കിയുണ്ടായ 65 പേരുമായി ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ചെറുബോട്ടിൽ ശ്വാസംമുട്ടിയാണു യുവതികൾ മരിച്ചത്. ഇവർ സുഡാനിൽനിന്നുള്ളവരാണ്. ഫ്രാൻസിൽനിന്നു യുകെയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.
Kerala
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം കക്കല്‍തൊണ്ടി മദ്ദേന്‍ഹുണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരണപ്പെട്ടത്.
കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
National
പനാജി: ഗോവയിലെ ഗുയിരിമിൽ പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ട് വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ (13) ആണ് മരിച്ചത്.
പരിശീലത്തിനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോൾ റുയീഷയുടെ തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. സിരുമങ്ങാട് സ്വദേശികളായ ഗണേശ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്.
ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കറിയപ്പോഴാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ പനയിൽ കയറി നൊങ്ക് പറിക്കുന്നതിനിടെ ഒരു കുല പഴങ്ങൾ സമീപത്തെ ട്രാൻസ്ഫോർമർ ലൈനിലേയ്ക്ക് വീണ് കുടുങ്ങി.
കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാനായി ഇവർ തോട്ടി ഉപയോഗിച്ചു. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടിയതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: ചെന്നൈ റെഡ് ഹിൽസിനു സമീപം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. അങ്കാടു സ്വദേശി പരന്താമൻ (56) ആണ് മരിച്ചത്. അപകടം നടക്കുന്പോൾ പരന്താമൻ വീട്ടിൽ തനിച്ചയിരുന്നു.
മദ്യപാനിയായ പരന്താമൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ശെൽവിയും മക്കളും സ്വന്തം വീട്ടിലേയ്ക്കു പോയിരുന്നു.
സംഭവം നടക്കുന്ന ദിവസം വീട്ടിൽ പുതിയ സിലിണ്ടർ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ പരന്താമൻ വീട്ടിൽ തനിച്ചായിരുന്നു. ഉറക്കത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു. പരന്താമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിലെ ഗിരിദിഹിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ബംഗാലി ഹാദി (70), കുങ്കുമ് കുമാരി (24) എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. ഏഴ് പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി വച്ച ഡിജെ സംഗീത്തതിന്റെ അമിത ശബ്ദം കേട്ട് 140 കോഴികൾ ചത്തു. പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര കടന്നുപോയപ്പോഴായിരുന്നു സംഭവം. ഫാം ഉടമ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് കേസെടുത്തു.
ഡിജെയിൽ നിന്നുള്ള അസഹനീയമായ ശബ്ദം കോഴികൾക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് സാബീർ പറഞ്ഞു. ശബ്ദം താങ്ങാനാവാതെ 140 കോഴികൾ ചത്ത് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.
നിശ്ചിത പരിധിയിൽ കൂടുതൽ ശബ്ദം ഡിജെ സിസ്റ്റത്തിൽ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, സംഭവത്തിൽ കവിയോ ബബ്ബന്റെ കുടുംബവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
പോഗ്യാംഗ്: റഷ്യക്കുവേണ്ടി പോരാടവേ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് പൊട്ടിച്ചു ജീവനൊടുക്കിയ ഉത്തരകൊറിയൻ സൈനികരെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
റഷ്യയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്ഥാപിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറായി മരിച്ച സൈനികർ ഹീറോകളാണെന്നു കിം കൂട്ടിച്ചേർത്തു.
ശത്രുസേനയുടെ പിടിയിലാകുമെന്ന സാഹചര്യത്തിൽ സ്വയം മരിക്കണമെന്ന സൈനിക നയം ഉത്തരകൊറിയയിൽ നിലവിലുണ്ടെന്നാണു കിമ്മിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
റഷ്യയിലേക്ക് 15,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇതിൽ 6,000 പേർ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.
റഷ്യയിലെ പ്രതിരോധമന്ത്രി ആന്ദ്രെ ബെലുസോവ്, പാർലമെന്റ് സ്പീക്കർ വ്യാച്ചെസ്ലേവ് വോളോഡിൻ എന്നിവർ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
National
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ലിഫ്റ്റിൽ തല കുടുങ്ങി ജീവനക്കാരി മരിച്ചു. ചരക്കുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ലിഫ്റ്റിലാണ് ജ്യോതി ശിവാജി അഹിരെ (50) എന്ന ജീവനക്കാരിയുടെ തല കുടുങ്ങിയത്.
ലിഫ്റ്റിന്റെ ചെറിയ വാതിലിലൂടെ തല ഉള്ളിലേയ്ക്കിട്ട് നോക്കിയപ്പോഴായിരുന്നു ലിഫ്റ്റ് താഴേയ്ക്ക് വരുകയും ജ്യോതിയുടെ തല ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് പറഞ്ഞു.
National
ജയ്പൂർ: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോളിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ജോണി, രവീന്ദുത്ത് യാദവ്, കവിത (15), കവിതയുടെ ബന്ധുവായ ഒരു ഏഴ് വയസുകാരി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഹരിയാനയിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു രവീന്ദുത്ത്. അപകടസമയത്ത് പെൺകുട്ടികൾ ഉപയോഗ ശൂന്യമായ കുപ്പികൾ തരംത്തിരിക്കുകയും അടപ്പുകൾ മാറ്റുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ രവീന്ദുത്ത് കത്തുന്ന ബീഡി കൂട്ടിയിട്ടിരുന്ന കുപ്പിയിലേയ്ക്ക് അബദ്ധത്തിൽ വലിച്ചെറിഞ്ഞു. കുപ്പികളിലെ സ്പിരിറ്റിലേയ്ക്ക് തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. തീ ആളിപടർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കടയുടെ ഭിത്തിയിൽ തട്ടി അവിടെ കുടുങ്ങിപോവുകയായിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നും തുടർന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതാണെന്നും പോലീസ് പറഞ്ഞു.
കടയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു. കടയുടമയായ കരൺ സിംഗ് നിലവിൽ ഒളിവിലാണ്. ഇയാളുടെ സഹായിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭാണ്ഡുപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിനുവേണ്ടി എടുത്ത കുഴിയിൽ വീണ് ഒരാൾ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു. ഭാൽചന്ദ്ര ഫാലെ (25) എന്ന യുവാവാണ് മരിച്ചത്. ജനത മാർക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
സമീപത്തുള്ള കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രാത്രിയിൽ നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ ഇവർ കുഴിയിൽ വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 19 നും 43 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലായിരിക്കെയാണ് ഭാൽചന്ദ്ര മരണമടഞ്ഞത്. പരിക്കേറ്റവരിൽ എട്ട് പേർ ആശുപത്രി വിട്ടു. നിലവിൽ രണ്ട് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ വികാസ് മാർഗിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വിശ്വാസ് നഗർ സ്വദേശി നീരജ് (35) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സോനത്തിനും രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. കാറോടിച്ച നോയിഡ സ്വദേശി സച്ചിൻ ഗുലാത്തി (45) യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കണ്ണോട്ട് പ്ലേസിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു നീരജും കുടുംബവും. ലക്ഷ്മി നഗറിലേയ്ക്കുള്ള പാതയിൽ എത്തിയപ്പോഴായിരുന്നു സച്ചിന്റെ കാർ നീരജിന്റെ ബൈക്കിൽ ഇടിച്ചുകയറിയത്.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ നീരജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ഉദയപൂരിൽ സ്കൂൾ മൈതാനത്തെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥി മഹർത്ത് രാജ് സിംഗ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ശരീരത്തിൽ പോസ്റ്റ് വീഴുകയായിരുന്നു. പോസ്റ്റ് തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരക്കെ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്റാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.
നായ്ക്കൾ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിക്കുന്നതിന് മുമ്പ് തന്നെ ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവതി മരിച്ചു. പായൽ നാത് എന്ന യുവതിയാണ് മരിച്ചത്. നഗത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലായിരുന്നു സംഭവം.
പായൽ നടപ്പാതയ്ക്കരികിലുള്ള ഓടയിൽ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. തുടർന്ന് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും നാല് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അപകടം നടന്ന് 150 മീറ്റർ അകലെ മറ്റൊരു ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പായലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയെത്തുടന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം ഗുവാഹത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ദുർഗം ചെരിവിന് സമീപം കാറിടിച്ച് യുവാവ് മരിച്ചു. ഹഫീസ്പേട്ട് സ്വദേശി ശ്യം രാജ് (32) എന്ന വ്യവസായി ആണ് മരിച്ചത്. അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ശ്യമും ഭാര്യയും ദുർഗം ചെരുവ് പാലത്തിന് സമീപം ബൈക്കിൽ എത്തിയതായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം ഭാര്യ നടപ്പാതയിലും ശ്യം റോഡിലും നിൽകുകയായിരുന്നു. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന കാർ ശ്യാമിനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് പാലത്തിൽ ഇടിച്ച് മറിയുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിരിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടസമയത്ത് ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. പാലത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഡ്രൈവറെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ട്രാക്ടർ മറിഞ്ഞ് കർഷകൻ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. അങ്കിത് (22) എന്ന യുവാവാണ് മരിച്ചത്.
അങ്കിത് മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം വയലിൽ പോകുന്നതിനിടെ അഗ്ദിപൂരിന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
അങ്കിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഗബ്ബിലാൽപേട്ട് സ്വദേശികളായ എ. കനകരാജു (20), ടി. അരുൺ കുമാർ (19) എന്നിവരാണ് മരിച്ചത്. ഗബ്ബിലാൽപേട്ടിൽ നിന്ന് യാദ്ഗർപള്ളിയിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
കനകരാജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗത്തിൽ വളവ് എടുക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
National
മുംബൈ: ബലാത്സംഗ, തട്ടിപ്പ് കേസുകളിൽ ജയിലിലുള്ള ആൾദൈവം അശോക് ഖാരാത്തിന്റെ ഉറ്റ അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. ജിതേന്ദ്ര ഷെൽക്കെ (55) ഭാര്യ അനുരാധ (50) എന്നിവരാണു മരിച്ചത്.
ഇവരുടെ 14 വയസുള്ള മകന് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഹല്യാനഗർ ജില്ലയിൽ സമൃദ്ധി എക്സ്പ്രസ് വേയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം.
നാസിക് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവാദ ആൾദൈവം അശോക് ഖാരാട്ട് ബലാത്സംഗ, തട്ടിപ്പു കേസുകളിലാണ് അറസ്റ്റിലായത്. ഖാരാത്തിന്റെ ബിസിനസ് പങ്കാളിയാണു ഷെൽക്കെ. ആൾദൈവം സ്ഥാപിച്ച ശിവാനിക സൻസ്ഥാൻ ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റുമാണ്.
മൂന്നു ദിവസം മുന്‍പ് ജിതേന്ദ്ര ഷെൽക്കെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ഷിർദി മേഖലയിലെ പ്രമുഖ ബിസിനസുകാരനാണ് ഷെൽക്കെ. മാർച്ച് 18നാണ് ബലാത്സംഗക്കേസിൽ അശോക് ഖാരാത്ത് അറസ്റ്റിലായത്. ഇയാൾ നാസിക് ജയിലിലാണ്.
ഷെൽക്കെയാണ് കാർ ഓടിച്ചിരുന്നത്. ധോത്രെ ഗ്രാമത്തിലെത്തിയപ്പോൾ കാർ നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ട്രക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഖാരാട്ടിനെതിരേയുള്ള അന്വേഷണവിവരങ്ങൾ പുറത്തു വരാതിരിക്കാൻ ആസൂത്രണം ചെയ്ത അപകടമാണിതെന്നു സംശയിക്കുന്നതായി എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ പറഞ്ഞു. അപകടം അവിശ്വസനീയമെന്നാണ് ശിവസേന (ഉദ്ധവ്) നേതാവ് സുഷമ ആൻധാരേ പറഞ്ഞത്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബൈക്ക് കുഴിയിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. മൂന്നാം വർഷ നിയമ വിദ്യാർഥികളായ സാക്ഷാം ബൻസോദ് (20), ആര്യൻ സോണ്‍ടാക്കെ (20) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭഷണം കഴിക്കാനായി പുറത്തിറങ്ങിയ വിദ്യർഥികളാണ് കോളജിന് സമീപമുള്ള റോഡിലെ കുഴിയിൽ വീണത്. രാത്രി വൈകിയിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ തിരികെ എത്താത്തതിനെ തുടർന്ന് കോളജ് അധികൃതർ വിദ്യാർഥികളുടെ കുടുംബത്തെ വിവരം അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ നാട്ടുകാരിൽ ചിലരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.
അമിതവേഗത്തിൽ വന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലെ കുഴിൽ വീണതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് വിദ്യാർഥികൾ മരിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ മോറാദാബാദിൽ ആംബുലൻസിലെ ഓക്സിജനും ഇന്ധനവും തീർന്നതിനെ തുടർന്ന് രോഗി മരിച്ചു. അമിതവേഗത്തിൽ വന്ന ട്രാക്ടർ ബൈക്കിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുൽദീപ് സിംഗ് (38) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രി റഫർ ചെയ്തിരുന്നു. തുടർന്ന് കുൽദീപിന്റെ കുടുംബം അദ്ദേഹത്തെ ഒരു സ്വകാര്യ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിലെ ഓക്സിജൻ സിലണ്ടറിലെ ഓക്സിജൻ തീർന്നത്. ഇതിനിടെ ആംബുലൻസിന്റെ ഇന്ധനവും തീർന്നു. ഇന്ധനം നിറക്കാനായി ഡ്രൈവർ പണം ആവശ്യപ്പെട്ടിരുന്നു. ഏകദേശം അര മണിക്കൂറിന് ശേഷമാണ് ഇയാൾ ഇന്ധനം നിറച്ച് തിരിച്ചെത്തിയത്. അപ്പോഴേയ്ക്കും കുൽദീപ് മരണമടഞ്ഞിരുന്നു.
എന്നാൽ കുൽദീപ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരണം സംഭവിച്ചിരിന്നുവെന്നും ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് ആംബുലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
District News
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു യുവാക്കൾ മരിച്ചു. തലവൂർ രണ്ടാലുംമൂട് വിഷ്ണു ഭവനത്തിൽ വിഷ്ണു(36), നെടുവത്തൂർ പ്ലാമൂട് മിനി ഭവനത്തിൽ പി.മനു(43) എന്നിവരാണ് മരിച്ചത്.
11ന് രാത്രി ഏഴരയ്ക്കായിരുന്നു അപകടം. കരിക്കം ഭാഗത്തു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാർ തട്ടിയതായും പറയപ്പെടുന്നു. അപകടത്തിൽ വിഷ്ണുവും മനുവും ഉൾപ്പടെ അഞ്ചുപേർക്കാണ് സാരമായി പരിക്കേറ്റത്.
വിഷ്ണു റോഡരികിൽ നിൽക്കുകയായിരുന്നു. മറ്റു നാലുപേരും ബൈക്കുകളിൽ വന്നവരാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മനുവും വിഷ്ണുവും മരിച്ചത്. പരിക്കേറ്റ വല്ലം സ്വദേശി വിനായക് (16), നവീൻ(22), റമീസ്(40) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
പുരുഷോത്തമൻ- ലീല ദമ്പതികളുടെ മകനാണ് മരിച്ച മനു. പരേതയായ അശ്വതിയാണ് ഭാര്യ. മകൾ: അമേയ. പരേതനായ ചെല്ലപ്പന്റെയും വിലാസിനിയുടെയും മകനാണ് മരിച്ച വിഷ്ണു. ഭാര്യ: രാധിക. മകൾ: വർണിക(മൂന്ന്). കൊട്ടാരക്കര പോലീസ് കേസെടുത്തു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ടയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പെർണി സ്വദേശികളായ സതീഷ്-ഗായത്രി ദമ്പതികളുടെ മകൾ ശരണ്യയാണ് മരിച്ചത്.
മറ്റ് കുട്ടികളോടെപ്പം കളിക്കുന്നതിനിടെ ശരണ്യ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറുകയായിരുന്നു. കുട്ടി കാറിനുള്ളിൽ കയറിയത് വീട്ടുകാരുടെയും ബന്ധുകളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇതിനിടെ കാറിന്റെ ജനലുകളും വാതിലുകളും ലോക്കായതോടെ ശരണ്യ കാറിനുള്ളിൽ കുടുങ്ങിപോവുകയായിരുന്നു.
കുറേനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപത്തെ വീടുകളിലും പരിസരത്തും തിരച്ചിൽ നടത്തി. മണിക്കൂറുകൾക്ക് ശേഷമാണ് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ ശരണ്യയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാർ തുറന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിനുള്ളിൽ വായുസഞ്ചാരമില്ലാത്തതിനാൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഗായത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കുടുംബ വഴക്കിനെത്തുടർന്ന് ബന്ധുക്കളുടെ മർദമേറ്റ് വീട്ടമ്മ മരിച്ചു. അടുഗോഡി സ്വദേശിനി മഗേശ്വരി (45) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഗേശ്വരിയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് മണികിരൺ, ഇയാളുടെ പിതാവ് മണിവണ്ണൻ, സുഹൃത്തുക്കളായ മണിരാജ്, അഭിഷേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മഗേശ്വരിയുടെ സഹോദരിയുടെ മകൾ ചാരുലതയെയാണ് മണികിരൺ വിവാഹം കഴിച്ചത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് ചാരുലത മഗേശ്വരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ചാരുലതയെ തിരികെ കൊണ്ടുപോകാൻ മണികിരൺ പലതവണ ശ്രമിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചിരുന്നു. ചാരുലതയെ കൊണ്ടുപോകാനായി മണികിരണും മണിവണ്ണനും സുഹൃത്തുക്കളും മഹേശ്വരിയുടെ വീട്ടിലെത്തി. ഇതു തടയാൻ ശ്രമിച്ച മഹേശ്വരിയെ സംഘം ഇരുന്പ് വടികൊണ്ടടിക്കുകയും പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ മഹേശ്വരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എം. സ്വാമി ദുരെ (45) യാണ് മരിച്ചത്. അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ ഇടിച്ച് ബസിനും കാറിനുമിടയിൽ കുടുങ്ങിയാണ് ഇദ്ദേഹം മരിച്ചത്.
തമിഴ്നാട്ടിൽ ഒരു ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യ ജയശ്രീക്കൊപ്പം മടങ്ങിയെത്തിയതായികുന്നു ഇദ്ദേഹം. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് അപകടം. ഹോട്ടലിന് സമീപം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.
കാറുടമ തക്കോൽ പാർക്കിംഗ് അറ്റൻഡന്റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ സ്വകാര്യ കന്പനിയുടെ ജീവനക്കാരനായ ബാലസുബ്രഹ്മണ്യം എന്നയാൾ വാഹനം മാറ്റി പാർക്ക് ചെയ്യാനാണെന്ന വ്യാജേന അനുവാദമില്ലാതെ താക്കോൽ കൈക്കലാക്കുകയായിരുന്നു.
തുടർന്ന് അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ സ്വാമിയെ ഇടിച്ച് വലിച്ചിഴക്കുകയും സമീപത്തെ ബസിനോട് ചേർന്ന് ഇദ്ദേഹം കുടുങ്ങി പോവുകയുമായിരുന്നു. സംഭവം കണ്ടു നിന്ന സ്വാമിയുടെ ഭാര്യ ജയശ്രീ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലസുബ്രഹ്മണ്യം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ പോലീസ് ഇയാളെ പിടികൂടി. പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി.
സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലസുബ്രഹ്മണ്യത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന ഭൂഗർഭ ജലസംഭരണിയിൽ വീണ് ഒന്‍പത് വയസുകാരൻ മുങ്ങിമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നാലാം ക്ലാസ് വിദ്യാർഥി ശ്രേയാൻഷാണ്, ജഗദീഷി (60) ന്റെ കൊട്ടിടത്തിന്റെ ജലസംഭരണിയൽ വീണു മരിച്ചത്.
ശ്രേയാൻഷ് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് നിർമാണം നടക്കുന്ന സ്ഥലത്ത് എത്തിയത്. വെളിച്ചം കുറവായതിനാൽ ഏഴ് അടി താഴ്ചയുള്ള ജലസംഭരണി ശ്രേയാൻഷ് കണ്ടില്ലെന്നും അതിൽ വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ പിതാവ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിട നിർമാണ സ്ഥലത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഉടമയായ ജഗദീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭാണ്ഡുപ്പിൽ പാർപ്പിട സമുച്ചയത്തിന്റെ സ്ലാബ് തകർന്ന് വീണ് വയോധികൻ മരിച്ചു. സുസായ് ദേവദാസ് കൗണ്ടർ (75) എന്നയാളാണ് മരിച്ചത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്ലാബിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്. അപകടത്തിൽ പരിക്കേറ്റ സുസായിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപതിൽ അമിതവേഗത്തിലെത്തിയ ട്രക്ക് വഴിയരിക്കിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അമൃത്സർ സ്വദേശിനികളായ മൻദീപ് കൗർ (27), സഹോദരി മൻപ്രീത് കൗർ (38) എന്നിവരാണ് മരിച്ചത്. മറ്റ് കുടുംബാഗങ്ങളായ സർവ്ജീത് കൗർ, ജഗ്ജീത് കൗർ, സമീർ, വർദാൻ എന്നിവർക്ക് പരിക്കേറ്റു.
വർദാന്റെ പിറന്നാൾ ആഘോഷിക്കാനായി ഡൽഹിയിലെ തിലക് നഗറിൽ നിന്ന് മുർത്താലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ലഘുഭക്ഷണം വാങ്ങാനായി കാർ സോനിപതിലെ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൻദീപും മൻപ്രീതും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന ട്രക്ക് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ മാൽവയിൽ സ്കൂളിലെ തേനീച്ച ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. പരീക്ഷ എഴുതാൻ സ്കൂളിലെത്തിയ രാമൻ കരഡ (ഒമ്പത്) യാണ് മരിച്ചത്. ആക്രമണത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
സ്കൂൾ പരിസരത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തുകയും കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. മറ്റു കുട്ടികൾ ഓടിമാറിയെങ്കില്ലും രാമൻ തേനീച്ച കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. അധ്യാപകരും ജീവനക്കാരും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് നിരവധി തവണ തേനീച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ എല്ലാ കുട്ടികളെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രാമൻ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് കൗമാരക്കാർ മുങ്ങിമരിച്ചു. തൃഷ (17), രത്ന കുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മുല്ലുങ്കുമ്മി വെള്ളച്ചാട്ടത്തിലാണ് സംഭവം.
അവധി ആഘോഷിക്കാനായി ജാംബവലസയിൽ നിന്ന് അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുകൊണ്ട് ഇവർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേർ ഒഴുക്കിനിടയിലുള്ള പാറയിൽ കയറി. അവിടെവച്ച് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സമീപവാസികൾ ഉടൻ തന്നെ രക്ഷിക്കാൻ എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ സുരക്ഷിതരായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് തടുക്കശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവത്തിൽ പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.
പകൽ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന സമീപത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. ഇതിനിടെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ ആവഡിക്ക് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. വീരപുരം സ്വദേശി അബിനേഷ് രാഘവ് (36) ആണ് മരിച്ചത്. കൂടെയുണ്ടയിരുന്ന മകൻ അശ്വന്ത് (ഏഴ്) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മകനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അബിനേഷ്. കാർ പാലവേട് എത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി.
ഗുരുതമായി പരിക്കേറ്റ അബിനേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട മറ്റേ വാഹനത്തിലെ യാത്രക്കാരും സുരക്ഷിതരാണ്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് അയക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ ബാസ്കറ്റ് ബോൾ പോൾ ഒടിഞ്ഞുവീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ബസ്തി സ്വദേശി വിശാൽ വർമ്മ (20) ആണ് മരിച്ചത്. രണ്ടാം വർഷ മറൈൻ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു വിശാൽ.
കോളജിലൂടെ നടക്കാനിറങ്ങിയ വിശാൽ വ്യായമത്തിന്റെ ഭാഗമായി ബാസ്കറ്റ് ബോൾ പോളിൽ തൂങ്ങിക്കിന്നതോടെ ഇരുന്പുകൊണ്ടുണ്ടാക്കിയ പോൾ ഒടിഞ്ഞുവീണ് തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ സഹപാഠികളും കോളജിലെ ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാസ്കറ്റ് ബോൾ പോളിലെ തുരുന്പോ ഫിറ്റിഗിലെ തകരാറാണോ അപകടത്തിന് കാരണമെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു. അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്.
മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേൽക്കൂരയിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽനിന്നു താഴേയ്ക്കു തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രദേശത്തു കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്നു പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചു സമീപവാസികൾ പ്രതിഷേധ പ്രകടനം നടത്തി. കുരങ്ങുകളുടെ ആക്രമണത്തിൽ മരിക്കുന്നവർക്കു ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരം പ്രത്യേക നഷ്ടപരിഹാരത്തിനു നിലവിൽ വ്യവസ്ഥയില്ലെങ്കിലും കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിപരമായ സംഭാവനകൾ നൽകി.
National
ഹൈദരാബാദ്: ഭർത്താവിന്റെ പുനർവിവാഹത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ബോഡ പ്രവീണിന്റെ ഭാര്യ എസ്. ബനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏകദേശം 13 വർഷം മുമ്പായിരുന്നു ബോഡയുടെയും ബനോത്തിന്റെയും വിവാഹം. ഇയാൾ മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കുറച്ച് ദിവസങ്ങൾക്കു മുന്‍പ് ബനോത്തും മക്കളും വാറങ്കലിലുള്ള യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് തിങ്കളാഴ്ച രാത്രി ബനോത്തിനെയും മക്കളെയും ബോഡക്കൊപ്പം ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോഡ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് വീടിനുള്ളിൽ കയറിപ്പോൾ ബനോത്തിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.ബോഡക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
ഫോർട്ടുകൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കള്‍ മരിച്ചു. തോപ്പുംപടി ചെമ്മീന്‍സ് ജംഗ്ഷനില്‍ പുളിന്തറ വീട്ടില്‍ പി.എക്സ്. ജേക്കബിന്റെ മകന് കെല്‍വിന്‍ (24), ആര്യകാട് നടുവത്ത് മുറി റോഡില്‍ നികര്‍ത്തില്‍ വീട്ടില്‍ ഷിബുവിന്റെ മകന് എന്‍.എസ്. സൂരജ് (25), പള്ളുരുത്തി സി.കെ. ശ്രീധരന് റോഡില്‍ തുണ്ടിയില്‍ അനന്തു കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.
ഫോര്‍ട്ടുകൊച്ചി നസ്രത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് കെല്‍വിനും സൂരജും മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കെല്‍വിന്റെ ബൈക്ക് സൂരജാണ് ഓടിച്ചിരുന്നത്. അപകടത്തില്‍ സൂരജ് തത്ക്ഷണം മരിച്ചു. കെല്‍വിന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പാണ് മരിച്ചത്. സൂരജ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് പള്ളുരുത്തി സ്വദേശി അനന്തു മരിച്ചത്. സംസ്കാരം നടത്തി.
കെല്‍വിന്റെയും സൂരജിന്റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും. കെൽവിന്റെ അമ്മ സീന കുവൈറ്റിലാണ്. സൂരജിന്റെ പിതാവ് ഷിബു അബുദാബിയിലും സഹോദരി ദേവിക കാനഡയിലുമാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ ചെന്പൂരിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പന്ത്നഗർ സ്വദേശിനി യാമിനി സുവാരെ (28) ആണ് മരിച്ചത്.
സിന്ധുവാടി ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് യാമിനിയെ ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനി സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.