മുംബൈ: ടെലിവിഷൻ നടി സഞ്ചിത ഉഗാലെ(22)യുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, മരണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ താരം ജീവനൊടുക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിരുന്നതായി സുഹൃത്ത് ഗീതാഞ്ജലി.
അന്വേഷണത്തെ സഹായിക്കുന്നതിനായി സഞ്ചിതയുമായുള്ള വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറാൻ താൻ തയാറാണെന്നും ഗീതാഞ്ജലി അറിയിച്ചു. എന്നാൽ, ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലെ വെറും ഉള്ളടക്കങ്ങളായി മാറിപ്പോകരുതെന്നും അവർ ആവശ്യപ്പെട്ടു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലുകൾ നിർണായകമാകുമെന്നാണ് കരുതുന്നത്.
"ഒരാൾ താൻ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറയുന്നുണ്ടെങ്കിൽ, ആ മരണം ഒരിക്കലും അപ്രതീക്ഷിതമല്ല. മരിക്കണമെന്നും ജീവിക്കാൻ താല്പര്യമില്ലെന്നും കഴിഞ്ഞ ആറ് മാസമായി അവൾ നിരന്തരം പറയുമായിരുന്നു.' ഗീതാഞ്ജലി ടെല്ലി ടോക്ക് ഇന്ത്യയോട് വെളിപ്പെടുത്തി.
"വർഷത്തിന്റെ തുടക്കം മുതൽ തന്നെ സഞ്ചിത കടുത്ത വിഷാദരോഗവുമായി പോരാടുകയായിരുന്നു. ജനുവരി മുതലാണ് ഇത് തുടങ്ങിയത്. അവൾ കടുത്ത വിഷാദത്തിലായിരുന്നു. ചില സമയങ്ങളിൽ സഞ്ചിത ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കുമായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം ഉറങ്ങാതെ അവൾ കഴിഞ്ഞിട്ടുണ്ട്.' ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ എന്താണ് ഇതിന് കാരണമായതെന്ന് വ്യക്തമല്ല, സഞ്ചിത ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിലൂടെയോ മാനസിക വിഷമതകളിലൂടെയോ കടന്നുപോകുന്നതായി തനിക്ക് തോന്നിയിരുന്നു. "കുമകും ഭാഗ്യ' പരമ്പരയിൽ പ്രധാന വേഷം ലഭിച്ചിരുന്നിട്ടും, ജോലിയിലുള്ള താല്പര്യം സഞ്ചിതയ്ക്ക് നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു.
ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ സഞ്ചിതയ്ക്ക് തന്റെ ജോലിയിൽ വൈകാരികമായ ഒരു അടുപ്പവും തോന്നുന്നില്ലെന്ന് പറഞ്ഞിരുന്നു. ലഭിച്ച വലിയ അവസരത്തെക്കുറിച്ച് ഓർമിപ്പിച്ച് സഞ്ചിതയെ പ്രോത്സാഹിപ്പിക്കാൻ താൻ ശ്രമിച്ചപ്പോൾ, "ഇല്ല, എനിക്ക് ഒന്നിനെക്കുറിച്ചും നല്ലൊരു തോന്നലില്ല. ഇതൊക്കെ എന്ത് ജീവിതമാണ്? എനിക്കിത് വലിയൊരു പീഡനമായി തോന്നുന്നു'. എന്ന് സഞ്ചിത പറഞ്ഞതായി ഗീതാജ്ഞലി ഓർത്തെടുത്തു.
നിർമാണ കമ്പനിയുമായി സഞ്ചിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഗീതാഞ്ജലി തള്ളിപ്പറഞ്ഞു. സഞ്ചിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവളെ സഹായിക്കാനുമായി നിർമാണ കമ്പനിയിലുള്ളവർ നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നതായും ഗീതാഞ്ജലി വ്യക്തമാക്കി.
സഞ്ചിതയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന നടിയുടെ പിതാവിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് സുഹൃത്ത് ഗീതാഞ്ജലിയുടെ ഈ വെളിപ്പെടുത്തലുകൾ.
Tags : Sanchita Ugale Friend Die