പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ
കൊല്ലം: ചവറയിൽ ലോറിയിൽ രഹസ്യമായി കടത്തുകയായിരുന്ന ലക്ഷക്കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ചവറ കൊട്ടുകാട് സ്വദേശി നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്ലാസ്റ്റിക് പാത്രങ്ങൾക്കും ചെടിച്ചട്ടികൾക്കും ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ചാക്കുകൾ കടത്തിയിരുന്നത്. ആകെ 163 ചാക്കുകളിലായി മൂന്ന് ലക്ഷത്തോളം പുകയില പാക്കറ്റുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.
ഡൽഹിയിൽ നിന്ന് ചരക്കു ലോറിയിൽ കടത്തിക്കൊണ്ടുവന്ന പുകയില ഉത്പന്നങ്ങൾ പ്രദേശത്തെ ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പ്രഥമിക വിവരം. സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി ചവറ പോലീസും സിറ്റി ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയും സംഘവും കുടുങ്ങിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നറിയാൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Tags : Operation Thoofan tobacco products Chavara