District News
മാന്നാർ: ചെന്നിത്തലയിൽ വൻ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ചെന്നിത്തല പഞ്ചായത്ത് ഭരണ സമതി, ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ഏകദേശം ഒരു ലക്ഷത്തിപതിനായിരം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി അധികൃതർ പറഞ്ഞു.
പടിച്ചെടുത്ത ലഹരിവസ്തുക്കൾ തീയിട്ട് നശിപ്പിച്ചു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വരുംദിനങ്ങളിലും ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് സഹകരണത്തോടെ ചെന്നിത്തലയിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു രാജ് പറഞ്ഞു. ദീപാ രാജൻ, തോമസ്കുട്ടി കടവിൽ, ബിനു സി. വർഗീസ്, പഞ്ചായത്ത് സെക്രട്ടറി മധു മോഹൻ, ഗോപാലകൃഷ്ണൻ, ഗിരിഷ് കുമാർ, ബിൻസി റെജി എന്നിവർ നേതൃത്വം നൽകി.
District News
നെയ്യാറ്റിന്കര : വീടിനുള്ളില് സൂക്ഷിച്ചിരുന്ന നാലായിരം കിലോഗ്രാമിൽ അധികമുള്ള നിരോധിത പുകയില ഉത്പന്നങ്ങള് എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് ഇന്റലിജന്സ് ആന്ഡ് ഇന്വെസ്റ്റിഗേഷന് ബ്യൂറോയും എക്സൈസ് നെയ്യാറ്റിന്കര റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള് കണ്ടെടുത്തത്. ഉച്ചക്കട ഭാഗത്തു നിന്നും ബീമാപള്ളി സ്വദേശി അല് അമീന് (42) എന്നയാള് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാള് സ്കൂട്ടറില് 100 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള് കടത്തുന്നതിനിടയിലാണ് പിടിയിലായത്. അല് അമീനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വാടക വീട്ടില് നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരത്തെ കുറിച്ച് അറിഞ്ഞതെന്ന് എക്സൈസ് അധികൃതര് അറിയിച്ചു.
മുറികളില് ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി ഇവ നിറച്ചുവച്ചിരുന്നു. പുതിയ അധ്യയന വര്ഷത്തോടനുബന്ധിച്ച് സ്കൂളുകള് തുറക്കുന്നതിനു മുന്നോടിയായി കടകളിലേയ്ക്ക് വിതരണം ചെയ്യാന് സൂക്ഷിച്ചിരുന്നുവെന്നാണ് എക്സൈസ് നിഗമനം. തൃശൂരില് നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് അല് അമീന് പറഞ്ഞതായും എക്സൈസ് അധികൃതര് അറിയിച്ചു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.