ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ കേസെടുത്തു തെലുങ്കാന പോലീസ്. തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെയാണ് കേസെടുത്തത്. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിനായിരുന്നു നായിരുന്നു സംഭവം.
ഗ്രാമത്തിലെ ബോണാലു ഉത്സവ ആഘോഷത്തിനിടെയാണ് ക്രൂരമായ മൃഗബലി നടന്നത്. ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പോത്തിനെ ബലി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.
ഉത്സവത്തോടനുബന്ധിച്ച് പോത്തിനെ ഘോഷയാത്രയായി കൊണ്ടുപോയി ദേവതകൾക്ക് മുന്നിൽ ബലി അർപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിത സെക്ഷൻ 325 പ്രകാരമാണ് കേസ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായിരുന്നു കോൺഗ്രസ് നേതാവായ നീലം മധു മുദിരാജ്.
Tags : Case Congress leader Telangana animal sacrifice festival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash