പ്രതീകാത്മക ചിത്രം
കോഴിക്കോട്: ചരിത്രത്തിലാദ്യമായി കെഎസ്ആർടിസിക്ക് ഒരു സഹകരണ സംഘം ബസ് വാങ്ങിക്കൊടുക്കുന്നു. ബസ് വാങ്ങുന്നതിനായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം തങ്ങളുടെ പൊതുനന്മ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഗതാഗത മന്ത്രി സി.പി.ജോണിന് കൈമാറി.
കോഴിക്കോട് നിന്ന് പാലക്കാട്ടെ പറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് സർവീസ് നടത്തണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. നിലവിൽ ഇവിടേക്ക് നേരിട്ട് ബസ് സർവീസുകൾ ഇല്ല. സംഘം ഡയറക്ടറും എംവിആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ, 2021ൽ പാലക്കാട് നെന്മാറയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ മുതലമടക്കാരുടെ യാത്രാദുരിതം നേരിട്ട് കണ്ടിരുന്നു. ഇതിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്.
ഈ സർവീസ് യാഥാർഥ്യമാകുന്നതോടെ പറമ്പിക്കുളത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി മുതലമടയിൽ എത്താനുള്ള പ്രയാസങ്ങൾക്ക് പരിഹാരമാകും. കൂടാതെ ഈ റൂട്ടിലെ ടൂറിസം സാധ്യതകളും വർധിക്കുമെന്ന് അദ്ദേഹം പറയുന്നു.
കെഎസ്ആർടിസിയെ സഹായിക്കാൻ സഹകരണ സംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന തീരുമാനം ഉടൻ വരാനിരിക്കെയാണ് കാലിക്കറ്റ് സർവീസ് സഹകരണ സംഘത്തിന്റെ ഈ മാതൃകാപരമായ നീക്കം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകൾക്കും എംഎൽഎമാർക്കും അവരുടെ ഫണ്ട് ഉപയോഗിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഇറക്കാൻ ഉടൻ അനുമതി നൽകിയേക്കും. ഇത്തരം പദ്ധതികളിലൂടെ 2000 പുതിയ ബസുകൾ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.
Tags : Parambikulam cooperative society KSRTC Deepika DeepikaNewspaper DailyNews InDepth NewsFlash