രമ്യ ഹരിദാസ്
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസിനെതിരെ പാർട്ടിക്ക് വിധേയയാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി പ്രാദേശിക കോൺഗ്രസ് നേതൃത്വം. കിഴുവില്ലം, പൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളാണ് രമ്യയ്ക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതി പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഓഫീസ് തയ്യാറാകുന്നില്ലെന്നും പ്രമേയത്തിൽ വിമർശനമുണ്ട്.
മണ്ഡലത്തിൽ പ്രാദേശിക പ്രവർത്തകരുമായും യൂത്ത് കോൺഗ്രസ് നേതാക്കളുമായും ഉണ്ടായ കൈയ്യാങ്കളിയും തർക്കങ്ങളും പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ഇതും കാരണമായെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎം ഹസന്റെ നേതൃത്വത്തിൽ കെപിസിസി സമിതി രൂപീകരിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ അസ്വസ്ഥതകൾ അവസാനിച്ചിട്ടില്ല.
അതിനിടെ, എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രമ്യാ ഹരിദാസിന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചതും തിരിച്ചടിയായിട്ടുണ്ട്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവായ പി.എ വിമൽ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് കാട്ടി കെപിസിസിക്ക് പരാതി നൽകിയതായും സൂചനയുണ്ട്.
എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് എംഎൽഎയുടെ വിശദീകരണം. തർക്കങ്ങൾ തുടർന്നാൽ എംഎൽഎയ്ക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
Tags : RemyaHaridas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash