തിരുവനന്തപുരം: സുപ്രീംകോടതി മാർഗനിർദേശങ്ങൾ ബോധപൂർവം അവഗണിച്ച പോലീസ് വീഴ്ചയിൽ ടി.ജി. മോഹൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മിഥുൻ ഗോപിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യമില്ലാത്ത കുറ്റം ചെയ്യുന്ന പ്രതിക്ക് ആദ്യം നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദേശമാണു സൈബർ പോലീസ് അവഗണിച്ചത്. ഇക്കാര്യം ബോധപൂർവം ചെയ്തതാണെന്നു റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.
നോട്ടീസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്ന തൊടുന്യായമാണു റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉയർത്തിയത്. നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ച മോഹൻദാസിനു ജാമ്യത്തിനു വഴിയൊരുക്കുന്നപോലെ ആകുകയും ചെയ്തു.
പോലീസ് പ്രത്യേക കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് 11 ദിവസമായിട്ടും പോലീസ് മോഹൻദാസിന് എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് നൽകിയിട്ടില്ലെന്നും മോഹൻദാസിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ജാമ്യത്തിന് കർശന ഉപാധികളാണു കോടതി നിർദേശിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണം. രണ്ടുമാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഒപ്പിടണം.
സമാന കേസിൽ പ്രതിയാകാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരായി അന്വേഷണവുമായി പൂർണമായും സഹകരിക്കണം എന്നിവയാണ് പ്രധാന കോടതി നിർദേശങ്ങൾ.
Tags : Boar trap Young man electric shock