ജയ്പുർ: കള്ളന്മാരുടെ കണ്ണുവെട്ടിച്ച് പണം സൂക്ഷിക്കാൻ പാടുപെട്ട രാജസ്ഥാനിലെ കർഷകനു പറ്റിയ അമളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയും അനുകമ്പയും ഉണർത്തുകയാണ്. ബാലോത്ര ജില്ലയിലെ നെവായ് ഗ്രാമവാസിയായ മാംഗിലാൽ എന്ന കർഷകനാണു വീട് പണിയാനായി ഭൂമി വിറ്റുകിട്ടിയ അഞ്ചു ലക്ഷം രൂപ മണ്ണിൽ കുഴിച്ചിട്ടത്.
പണം മോഷണം പോകുമെന്ന ഭയം കാരണം പ്ലാസ്റ്റിക് കവറിലാക്കി ഇയാൾ കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു. എന്നാൽ മദ്യപാനശീലവും കൂടെ മറവിയും വില്ലനായെത്തിയതോടെ പണം എവിടെയാണു കുഴിച്ചിട്ടതെന്ന് കക്ഷി പൂർണമായും മറന്നു. പലതവണ തിരഞ്ഞിട്ടും കിട്ടാതെവന്നതോടെ സംഭവം കുടുംബത്തിൽ പാട്ടായി. അപ്പോഴും പണം മണ്ണിൽത്തന്നെയുണ്ടായിരുന്നു.
ഒടുവിൽ ഒരു വർഷത്തിനുശേഷം, കഴിഞ്ഞ ഏഴിന് പാടത്തു നിലമൊരുക്കുന്നതിനിടയിലാണ് ഭാര്യയുടെയും മകന്റെയും കണ്ണിൽ ആ "നിധി' ഉടക്കിയത്. എന്നാൽ ആവേശം മൂത്ത് കവർ തുറന്നുനോക്കിയ കുടുംബം ഞെട്ടി! അഞ്ചു ലക്ഷത്തിന്റെ നോട്ടുകളെല്ലാം ചിതലുകൾ തിന്ന് കഷണങ്ങളാക്കി മാറ്റിയിരുന്നു.
ചിതലരിച്ച നോട്ടുകളുമായി ബാങ്കുകൾ കയറിയിറങ്ങിയെങ്കിലും സീരിയൽ നമ്പർ പോലും കാണാനില്ലാത്ത അവസ്ഥയിലുള്ള നോട്ടുകൾ മാറിനൽകാൻ കഴിയാതെ ബാങ്കധികൃതരും കൈമലർത്തി.ദയ തോന്നിയ ഉദ്യോഗസ്ഥർ ജയ്പുരിലെ എസ്ബിഐ ആസ്ഥാനത്തെ സമീപിക്കാൻ മാംഗിലാലിനോടു നിർദേശിച്ചിരിക്കുകയാണ്.
Tags : Farmer's buried in the ground Deepika DeepikaNewspaper BreakingNews