ലേ (ലഡാക്ക്): ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്റെ നെറുകെയിൽ മൂന്നു പതിറ്റാണ്ടോളമായി മഞ്ഞിനടിയിൽ കിടക്കുന്ന ഇന്ത്യൻ പർവതാരോഹകൻ ദോർജെ മൊറുപ്പിന്റെ (ഗ്രീൻ ബൂട്ട്സ്) മൃതദേഹം തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യ വിപുലമായ ദൗത്യത്തിനൊരുങ്ങുന്നു. ചൈനയുമായുള്ള ഇന്ത്യൻ അതിർത്തി കാക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ഐടിബിപി) അംഗമായിരുന്നു ലഡാക്ക് സ്വദേശിയായ ദോർജെ മൊറുപ്പ്. 47-ാം വയസിലായിരുന്നു അന്ത്യം.
1996 മേയ് പത്തിന് എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെയായിരുന്നു വീരമൃത്യു വരിച്ചത്. പർവതാരോഹകർ സാധാരണ തെരഞ്ഞെടുക്കാറുള്ള നേപ്പാൾ ഭാഗത്തുനിന്നുള്ള വഴിക്കുപകരം ചൈനയിൽനിന്ന് എവറസ്റ്റിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
ആറിൽ മൂന്നുപേർ മോശം കാലാവസ്ഥ കാരണം പാതിവഴിക്കു മടങ്ങി. എന്നാൽ, മൊറുപ്പ്, സെവാംഗ് സ്മാൻല, സെവാംഗ് പാൽജോർ എന്നിവർ 1996 മേയ് പത്തിന് എവറസ്റ്റിന്റെ നെറുകെയിൽ എത്തുകതന്നെ ചെയ്തു. മടക്കയാത്രയിൽ ഹിമപാതത്തിൽപ്പെട്ട് മൂന്നുപേരും മരിച്ചു. ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊറുപ്പിന്റെ പച്ചബൂട്ടുകളണിഞ്ഞ മൃതദേഹമാകട്ടെ 30 വർഷമായി സമുദ്രനിരപ്പിൽനിന്ന് 8500 മീറ്റർ ഉയരത്തിൽ, എവറസ്റ്റിന്റെ ‘ഡെത്ത് സോണിൽ’ മരവിച്ചങ്ങനെ കിടന്നു.
ഡെത്ത് സോണിലെ പാറയിടുക്കിൽ പച്ച നിറത്തിലുള്ള ക്ലൈംബിംഗ് ബൂട്ടുകൾ ധരിച്ചു കിടക്കുന്ന ഈ മൃതദേഹം എവറസ്റ്റ് കയറുന്നവർക്ക് വർഷങ്ങളോളം ദിശയറിയാനുള്ള വഴികാട്ടിയായിരുന്നു. തുടക്കത്തിൽ ഇതു സഹപ്രവർത്തകനായ സെവാംഗ് പാൽജോറിന്റേതാണെന്നു കരുതിയെങ്കിലും 2024ൽ ഐടിബിപി നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ദോർജെ മൊറുപ്പിന്റേതാണെന്നു സ്ഥിരീകരിച്ചത്.
മൈനസ് 40 ഡിഗ്രി തണുപ്പും ഓക്സിജന്റെ കുറവും കാരണം അതീവ അപകടകരമായ ഈ വീണ്ടെടുക്കൽ ദൗത്യത്തിനായി 33 മുതൽ 66 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. ഐടിബിപിയുടെ നേതൃത്വത്തിൽ വിദഗ്ധരായ നേപ്പാളി ഷെർപ്പ സംഘത്തെ ഉപയോഗിച്ച് അടുത്ത മാസത്തോടെ മൃതദേഹം താഴെയെത്തിക്കാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഏറെ ദുഷ്കരവും അപകടം നിറഞ്ഞതും അപൂർവവുമായ വീണ്ടെടുക്കൽ ദൗത്യമാണ് നടക്കാൻ പോകുന്നത്.
30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു
“അദ്ദേഹം ഒരു ദിവസം തിരികെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. മൃതദേഹം കാണാത്തതുകൊണ്ട് മരിച്ചുവെന്ന് വിശ്വസിക്കാൻ മനസ് വന്നില്ല,” മൊറുപ്പിന്റെ ഭാര്യ കൊഞ്ചാക് യാങ്സ്കിറ്റ് കണ്ണീരോടെ പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയ അച്ഛനെ രക്തസാക്ഷിയായി ആദരിക്കണമെന്നാണു മകൻ പുഞ്ചോക് ദോർജെ ആവശ്യപ്പെടുന്നത്.
മൃതദേഹം നാട്ടിലെത്തിച്ചാൽ ലഡാക്കിലെ രക്തസാക്ഷി മണ്ഡപത്തിനു സമീപം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. എവറസ്റ്റ് ദൗത്യത്തിന്റെ ഓർമയ്ക്കായി ആ ‘ഗ്രീൻ ബൂട്സ്’വീടിനുള്ളിൽ സൂക്ഷിക്കാനാണ് ഈ കുടുംബത്തിന്റെ ആഗ്രഹം.
Tags : Retrieving Green Boots Deepika DeepikaNewspaper BreakingNews NewsUpdate