കോട്ടയം: ഹൃദയമിടിപ്പിലെ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയായ പള്‍സ്ഡ് ഫീല്‍ഡ് അബ്ലേഷന്‍ (പിഎഫ്എ) കാരിത്താസ് ആശുപത്രിയില്‍. ഈ ചികിത്സാരീതി ലഭ്യമാക്കുന്ന മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയായി കാരിത്താസ് മാറി. ഇതിനോടകം മൂന്ന് പ്രോസെജറുകള് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഇന്ത്യയില്‍ ഏകദേശം ഒരു കോടി ആളുകളെ ബാധിക്കുന്ന ആട്രിയല്‍ ഫിബ്രിലേഷന്‍ ചികിത്സിക്കാനാണ് ഈ സാങ്കേതികവിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്. ആട്രിയല്‍ ഫിബ്രിലേഷനുള്ള ഭൂരിഭാഗം രോഗികളെയും മരുന്നുകളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും മരുന്നുകളോടു പ്രതികരിക്കാത്തവര്‍ക്കും കഠിനമായ നെഞ്ചിടിപ്പ്, ഹൃദയസ്തംഭനമുള്ളവര്ക്കും ഈ ചികിത്സാരീതി ഒരു മികച്ച ഓപ്ഷനായി മാറുന്നു.
പിഎഫ്എ സാങ്കേതികവിദ്യ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഗവേഷണത്തിലായിരുന്നുവെങ്കിലും അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലാണ് ഇതിനു വ്യാപകമായ ക്ലിനിക്കല്‍ പ്രയോജനം ലഭിച്ചതെന്ന് കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. പി.ആര്. ഭീമ ശങ്കര്‍ പറഞ്ഞു.
പരമ്പരാഗത റേഡിയോഫ്രീക്വന്‍സി, ക്രയോഅബ്ലേഷന്‍ രീതികളെ അപേക്ഷിച്ച് വേഗതയേറിയതും സുരക്ഷിതവും കുറഞ്ഞ മുറിവുകള്‍ മാത്രം ആവശ്യമുള്ളതുമായ വലിയൊരു മുന്നേറ്റമാണ് പിഎഫ്എയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ സാങ്കേതികവിദ്യകള്‍ക്കു സാധാരണയായി വേണ്ടിവരുന്ന ദീര്‍ഘനേരത്തെ അപേക്ഷിച്ചു കാരിത്താസ് ആശുപത്രിയില്‍ നടപ്പിലാക്കിയ മൂന്ന് പ്രോസെജറുകളും ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയായി. രോഗികള്‍ക്കു സാധാരണയായി ഒരു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജാകാന്‍ കഴിയുമെന്ന് ഡോ. പി.ആര്. ഭീമ ശങ്കര്‍ പറഞ്ഞു.
പിഎഫ്എ ചികിത്സയ്ക്ക് ഏകദേശം 75 ശതമാനം ഉയര്‍ന്ന വിജയസാധ്യതയുണ്ടെന്നും രോഗം വീണ്ടും വരാനുള്ള സാധ്യത ഏകദേശം 25 ശതമാനം മാത്രമാണെന്നും ഡോ. ഭീമ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Tags : Pulsed Field Ablation