സുപ്രീംകോടതി
ന്യൂഡൽഹി: ശിവസേന എംപിമാരുടെ ലയനം ശരിവച്ചുകൊണ്ട് ലോക്സഭാ സ്പീക്കർ ഓം ബിർള പുറപ്പെടുവിച്ച ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു മാറ്റി. നോട്ടീസ് അയച്ചിട്ടും സ്പീക്കറുടെ ഓഫീസിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഹാജരാകാതിരുന്നതിനെത്തുടർന്ന് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരധെ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.
എംപിമാർക്കെതിരേ അയോഗ്യതാഹർജികൾ നിലവിലില്ലാത്ത സാഹചര്യത്തിൽ ലയനത്തിന് അംഗീകാരം നൽകാൻ സ്പീക്കർക്കു അധികാരമില്ലെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. കൂടാതെ തീരുമാനമെടുക്കുന്നതിനുമുന്പ് ഉദ്ധവ് വിഭാഗത്തിനു മറുപടിക്കുള്ള അവസരം നൽകിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
നിലവിലെ മൺസൂൺ സമ്മേളനം കഴിച്ചുകൂട്ടാനാണ് എതിർകക്ഷികൾ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, എതിർകക്ഷികൾക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും അതിനുശേഷമേ തീരുമാനമെടുക്കാൻ സാധിക്കൂവെന്നുമാണ് സുപ്രീംകോടതി സ്വീകരിച്ച നിലപാട്.
Tags : Merger of Shiv Sena MPs Deepika DeepikaNewspaper BreakingNews