എഫ്സിആർഎ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബിൽ കൂടുതൽ പരിശോധനയ്ക്കായി പാർലമെന്റിന്റെ സംയുക്ത സമിതിക്ക് (ജെപിസി) അയയ് ക്കാമെന്ന നിർദേശം കേന്ദ്രസർക്കാർ മുന്നോട്ടുവച്ചതായി സൂചന. എന്നാൽ ബിൽ പൂർണമായും പിൻവലിക്കുകയല്ലാതെ യാതൊരു സമവായത്തിനും തയാറല്ലെന്നു പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ അറിയിച്ചു.
ബിൽ നാളെ ലോക്സഭ പരിഗണിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മിസോറം മുഖ്യമന്ത്രി ലാൽദുഹോമ കഴിഞ്ഞ വ്യാഴാഴ്ച പ്രതികരിച്ചത്.
എന്നാൽ ബിൽ പൂർണമായും പിൻവലിക്കുകയോ പാർലമെന്ററി സമിതിക്ക് അയയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സിബിസിഐ ഉൾപ്പെടെയുള്ള ക്രൈസ്തവസംഘടനകൾ അമിത് ഷായെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ബില്ലിനെതിരേയുള്ള പ്രതിഷേധം ശക്തമായതോടെയാണു ജെപിസിക്ക് അയയ്ക്കാമെന്ന നിർദേശവുമായി സർക്കാർ മുന്നോട്ടുവന്നതെന്നാണ് സൂചന.
ബിൽ പുനഃപരിശോധിക്കണം:കർദിനാൾ ആന്റണി പൂല
എഫ്സിആർഎ ബിൽ പുനഃപരിശോധിക്കാനും തിരികെ വിളിക്കാനും കേന്ദ്രസർക്കാർ തയാറാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. എഫ്സിആർഎ ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ ക്രൈസ്തവ സഭ ഉൾപ്പെടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾക്കു തടസമുണ്ടാകുമെന്ന് സിബിസിഐ അധ്യക്ഷൻ കർദിനാൾ ആന്റണി പൂല ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കത്തോലിക്കാസഭ എക്കാലത്തും രാജ്യത്തിനൊപ്പം നിലകൊള്ളുകയും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികസേവനം, കാരുണ്യപ്രവർത്തനം എന്നിവയിലൂടെ നിർധനരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സേവിക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടാവുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.
Tags : FCRA Bill likely to be referred Deepika DeepikaNewspaper BreakingNews