Boar trap
പാലക്കാട്: കുലുക്കല്ലൂർ തത്തനപ്പുള്ളിയിൽ യുവാവിനെ ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പന്നിക്കു വച്ച കെണിയിൽനിന്നു ഷോക്കേറ്റാണു മരിച്ചതെന്നു പോലീസ് പറഞ്ഞു. പരേതനായ വാസുദേവന്റെ മകൻ മുളക്കൽ വീട്ടിൽ രവിപ്രസാദ് (33) ആണു മരിച്ചത്.
ഇന്നലെ രാവിലെയാണു പാടത്ത് രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ബൈക്ക് തകരാറിലായതിനെത്തുടർന്ന് മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴിയിലൂടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ആറോടെ കൃഷിയിടത്തിന്റെ ഉടമ തത്തനപ്പുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണു രവി മരിച്ചുകിടക്കുന്നത് കണ്ടത്.
തുടർന്ന് മനോജ് കൊപ്പം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോജിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുമെന്നു കൊപ്പം പോലീസ് അറിയിച്ചു. പട്ടാന്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സുമതിയാണ് അമ്മ. സഹോദരൻ: ഹരിപ്രസാദ്.
Tags : Young man Boar trap man dies Deepika DeepikaNewspaper BreakingNews