ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ ലെയോ പതിനാലാമൻ മാർപാപ്പ റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എത്തിയപ്പോൾ.
റോം: ലെയോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തു. റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മാർപാപ്പ ഒരാഴ്ച ആശുപത്രിയിൽ തുടരും. 20-ാം തീയതി വരെയുള്ള മാർപാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കി.
ഇന്നലെ വൈകുന്നേരം നാലോടെയാണ് (ഇന്ത്യൻ സമയം രാത്രി 7.30) ശസ്ത്രക്രിയ ആരംഭിച്ചത്. ആശുപത്രിയിലെ തൊറാസിക് സർജറി ടീം ആണ് ശസ്ത്രക്രിയ നിർവഹിച്ചതെന്നു വത്തിക്കാൻ പ്രസ് ഓഫീസ് പറഞ്ഞു.
വത്തിക്കാനിൽനിന്നു കാറിൽ ഇന്നലെ ഉച്ചയ്ക്ക് 1.07ന് റോമിന്റെ പ്രാന്തപ്രദേശമായ മോന്തെ മാരിയോയിലെ ആശുപത്രിയിൽ എത്തിയ മാർപാപ്പയെ ആശുപത്രി പ്രസിഡന്റ് ഡാനിയേൽ ഫ്രാങ്കോ, ഹെൽത്ത് ഡയറക്ടർ ആന്ദ്രെയ കാംബിയേരി എന്നിവർ സ്വീകരിച്ചു. ആശുപത്രിക്കുള്ളിലേക്കു കയറിയ മാർപാപ്പ ജീവനക്കാരെ അഭിവാദ്യം ചെയ്തു. തുടർന്ന് വീൽച്ചെയറിൽ ഇരുന്നവരടക്കം ഏതാനും രോഗികൾക്കു സമീപം അല്പസമയം ചെലവഴിച്ചു.
ആശുപത്രിയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ചാപ്പലിൽ ലെയോ മാർപാപ്പയ്ക്കായി നടന്ന ജപമാല പ്രാർഥനയ്ക്കു റോമാ രൂപതയിൽ മാർപാപ്പയുടെ വികാരി ജനറലായ കർദിനാൾ ബൽദസാരി റെയീന നേതൃത്വം നല്കി.
ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല ജപത്തിനുശേഷമാണ് തന്റെ ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയതായി മാർപാപ്പ അറിയിക്കുന്നത്. ഇതു നീക്കം ചെയ്യാനായി ശസ്ത്രക്രിയ ചെയ്യാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Pope underwent surgery